
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്തെ താൽക്കാലിക, കരാർ നിയമനങ്ങൾ പുന:പരിശോധിക്കാൻ സർക്കാർ തീരുമാനം. അത്യാവശ്യമല്ലാത്ത കരാർ, ദിവസ വേതന നിയമനങ്ങൾ റദ്ദാക്കും. ജീവനക്കാരുടെ കണക്ക് നൽകാൻ എല്ലാ വകുപ്പുകളോടും പൊതുമേഖലാ സ്ഥാപനങ്ങളോടും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ആവശ്യപ്പെട്ടു.
കരാർ, ദിവസവേതന, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നടത്തിയ നിയമനങ്ങൾ പ്രത്യേകം പ്രൊഫോർമയിൽ അറിയിക്കണം.വകുപ്പിന്റെ പേര് , ജീവനക്കാരുടെ പേരും തസ്തികയും ഓഫീസ്, നിയമന രീതി (കരാർ, ദിവസവേതനം, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്), നിയമന ഉത്തരവിന്റെ നമ്പരും തീയതിയും, ജോലിയിൽ പ്രവേശിച്ച തീയതി എന്നിവയാണ് ആദ്യ പ്രൊഫോർമയിൽ നൽകേണ്ടത്. ഇവ ക്രോഡീകരിച്ച് രണ്ടാമത്തെ പ്രൊഫോർമയിൽ കരാർ നിയമനങ്ങൾ, ദിവസവേതനം, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് എന്നിവയുടെ എണ്ണം നൽകണം. മൂന്നാഴ്ചയ്ക്കകം കണക്ക് സമർപ്പിക്കണം.
അനാവശ്യമായി നിയമിച്ചവരെ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി ഒഴിവാക്കാനാണ് സർക്കാർ നീക്കം. മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരമാണ് കണക്കെടുപ്പ് . ഇടത് സർക്കാരിന്റെ 10 വർഷക്കാലത്ത് വൻതോതിൽ കരാർ, താൽക്കാലിക നിയമനങ്ങൾ നടത്തിയതായി യു.ഡി.എഫും ഉദ്യോഗാർത്ഥികളും ആരോപിച്ചിരുന്നു.
കൂടുതൽ ആരോഗ്യ, തദ്ദേശ,
കൃഷി വകുപ്പുകളിൽ
ആരോഗ്യ, തദ്ദേശഭരണ, കൃഷി വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ താൽക്കാലിക നിയമനം നടന്നത്. വാട്ടർഅതോറിറ്റിയിലും വലിയതോതിൽ താൽക്കാലിക നിയമനം നടന്നിരുന്നു. സർക്കാരിന്റെ അവസാനകാലത്ത് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും നീക്കം നടന്നത് ഹൈക്കോടതി തടയുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |