SignIn
Kerala Kaumudi Online
Tuesday, 14 July 2026 7.04 AM IST

ചരിത്രമായി വ്യാപാര കരാർ

READ ENGLISH VERSION
s

ഒരു വാതിൽ അടയുമ്പോൾ ഒൻപതു വാതിലുകൾ തുറക്കുമെന്ന ബൈബിൾ വചനം അന്വർത്ഥമാക്കുന്നതാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ അന്തിമമായിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാർ. ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തി അമേരിക്കൻ വാതിലടച്ച ട്രംപിന്റെ നടപടിയുടെ ചൂടാറും മുമ്പുതന്നെ ഇന്ത്യയ്ക്കു മുന്നിൽ വ്യാപാര സാദ്ധ്യത ഉയർത്തുന്ന ഒട്ടനവധി വാതായനങ്ങളാണ് ഏകദേശം രണ്ട് പതിറ്റാണ്ടുകളിലെ കാത്തിരിപ്പിനൊടുവിൽ അന്തിമമായിരിക്കുന്ന ഈ സ്വതന്ത്ര വ്യാപാര കരാറിലൂടെ തുറന്നിരിക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാറാണ് ഇത്. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ തുടങ്ങി 27 രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഇ.യു ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ്. അവരും ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയും തമ്മിലുള്ള കരാർ ട്രംപിന്റെ ഏകപക്ഷീയമായ സാമ്പത്തിക നടപടികൾക്ക് ഇന്ത്യ നിശബ്ദം നൽകുന്ന മറുപടി കൂടിയായി മാറുന്നു. കരാറിന്റെ ഭാഗമായി ഇ.യു രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99.5 ശതമാനത്തിനും തീരുവ കുറയുകയോ ഒഴിവാകുകയോ ചെയ്യും. പകരം ഇ.യുവിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 97.5 ശതമാനത്തിനും ഇന്ത്യ ആനുപാതികമായ ഇളവ് നൽകും. ഒരു വർഷത്തിനുള്ളിൽ കരാർ പ്രാബല്യത്തിൽ വരുത്താനാണ് ശ്രമം.

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയൻ എന്നിവർ പങ്കെടുത്ത ഉച്ചകോടിക്കു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാപാര കരാർ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദീർഘകാലം നീണ്ട ചർച്ചകൾക്കു ശേഷമാണ് ഉഭയകക്ഷി വ്യാപാര കരാർ യാഥാർത്ഥ്യമായിരിക്കുന്നത്. മാറുന്ന ലോകക്രമത്തിൽ അമേരിക്കയും ചൈനയും ഉയർത്തുന്ന സാമ്പത്തികവും പ്രതിരോധപരവുമായ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയെ പര്യാപ്തമാക്കുന്നതു കൂടിയാണ് ഈ സ്വതന്ത്ര വ്യാപാര കരാർ.

ടെക്‌സ്റ്റയിൽസ്, സമുദ്രോത്‌‌പന്നങ്ങൾ, റബർ, ജുവലറി തുടങ്ങി,​ തൊഴിലാളികളുടെ എണ്ണം ഇന്ത്യയിൽ കൂടുതലായ ഉത്പന്നങ്ങളുടെ 27 ശതമാനം തീരുവ പൂർണമായും ഒഴിവാകുന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും സമ്മാനിക്കുക. ഇ.യു രാജ്യങ്ങളിലെ ഐ.ടി, പ്രൊഫഷണൽ സർവീസ്, വിദ്യാഭ്യാസം, ബിസിനസ് സർവീസ് അടക്കം 144 ഉപവിഭാഗങ്ങൾ തുറന്നുകിട്ടുന്നതും,​ ചരിത്രപരമായ നേട്ടമായി കണക്കാക്കാം. ഇന്ത്യയുടെ വളർച്ച ലോകത്തിലെ അവികസിത രാജ്യങ്ങൾക്ക് പുതിയ പ്രതീക്ഷയും സ്വപ്നങ്ങളും നൽകുന്നതു കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY