
'ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ശേല്" എന്നൊരു ചൊല്ലുണ്ട്. മറ്റുള്ളവർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ മനസിലാക്കാതെ എല്ലാത്തിനെയും ലളിതവത്കരിച്ച് കാണുകയും ന്യായങ്ങൾ നിരത്തുകയും ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറയാറുള്ളത്. പലവിധത്തിൽ സ്നേഹവും അനുകമ്പയും പ്രകടിപ്പിച്ച് സമൂഹത്തിൽ കേമത്തം കാട്ടാൻ ശ്രമിക്കുന്ന ആൾക്കാർ മിക്കപ്പോഴും മറ്റുള്ളവർ നേരിടുന്ന യഥാർത്ഥ ബുദ്ധിമുട്ട് മനസിലാക്കാറില്ലെന്നതാണ് വാസ്തവം. പരിസ്ഥിതി സ്നേഹം, ജീവജാലങ്ങളോടുള്ള സ്നേഹം, സഹജീവി സ്നേഹം അങ്ങനെ വിവിധ മേഖലകളിലായി കാണാനാവും ഇത്തരം ചില കള്ളനാണയങ്ങളെ. ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെല്ലാം മോശക്കാരാണെന്നോ, കാപട്യക്കാരാണെന്നോ അല്ല ഇപ്പറഞ്ഞതിനർത്ഥം. തീർത്തും ആത്മാർത്ഥമായും സമൂഹ നന്മ ലക്ഷ്യമിട്ടും പ്രതിഫലേച്ഛയില്ലാതെ ഈ മേഖലകളിൽ പ്രവർത്തിക്കുന്ന എത്രയോ വ്യക്തികളും സംഘടനകളുമുണ്ട്. അവരെ എല്ലാ അർത്ഥത്തിലും മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ഇങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ നടത്തുമ്പോൾ സാധുമനുഷ്യരെക്കുറിച്ചും വേണം ചിന്ത.
തെരുവുനായശല്യം തന്നെ പ്രധാന ഉദാഹരണം. ഈ വിഷയത്തിനു ഒരുപരിഹാരം ഉണ്ടായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ചിന്ത. മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകളെ കൊല്ലാനുള്ള അനുമതി പഞ്ചായത്തുകൾക്കും നഗരസഭകൾക്കും നൽകാനുള്ള സർക്കാർ ഉത്തരവിന്റെ സാഹചര്യമാണ് പരിശോധിക്കേണ്ടത്. സുപ്രീംകോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവിറക്കിയിട്ടുള്ളതിനാൽ ഇതിന്മേൽ ഇനിയൊരു കോലാഹലമുണ്ടാവില്ലെന്ന് ഉറപ്പിക്കാം. അഞ്ചു വർഷത്തിനിടെ 15 ലക്ഷം പേർക്ക് കടിയേൽക്കുകയും 122 പേർ പേവിഷ ബാധയേറ്റ് നരകയാതനഅനുഭവിച്ച് മരിക്കുകയും ചെയ്ത ശേഷമാണ് ഇങ്ങനെയൊരു തീരുമാനം വരുന്നത്. എങ്കിലും ഇത് കേരള സമൂഹത്തിനു നൽകുന്ന ആശ്വാസം എത്രത്തോളം വലുതെന്ന്, പട്ടികടിയേറ്റ് ബുദ്ധിമുട്ടിയവർക്കേ ബോദ്ധ്യമാവൂ.
എല്ലാനായ്ക്കളും ആക്രമകാരികളല്ല
പതിനായിരങ്ങൾ നൽകി, കുലമഹിമയും വിദേശ പാരമ്പര്യവുമൊക്കെയുള്ള പ്രത്യേക ഇനം നായ്ക്കളെ വാങ്ങി വളർത്തുകയും അവയെ ഒപ്പം കിടത്തിയും ഒപ്പം ഊട്ടിയും കൂടെ കാറിൽ കയറ്റി നഗരപ്രദക്ഷിണം നടത്തിയുമൊക്കെ കൊഞ്ചിക്കുന്ന കാഴ്ച കേരളത്തിന് സുപരിചിതമാണ്. അവയെ കുളിപ്പിക്കുന്നതിലും രോമങ്ങൾ ചീകി ഒതുക്കുന്നതിലുമൊക്കെ ആത്മനിർവൃതി കൊള്ളുന്ന എത്രയോ ആൾക്കാർ. ഇതൊന്നും മോശപ്പെട്ട കാര്യമെന്നല്ല, ഓരോരുത്തരുടെയും ഇഷ്ടമാണ്. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ എല്ലാവിധ പരിലാളനവും ഏറ്റ് അരുമയായി വാഴുന്ന ഇത്തരം നായകൾക്ക് ആരെയും കടിക്കേണ്ട കാര്യമില്ല, ആക്രമിക്കേണ്ടകാര്യമില്ല. അവയും ജീവജാലങ്ങളുടെ പട്ടികയിൽപ്പെടുന്നവയാണ്.
പക്ഷെ മുജ്ജന്മ പാപം കൊണ്ടെന്ന പോലെ തെരുവുകളിൽ പിറന്നു വീഴുകയും ഇരന്നു തിന്നു വളരുകയും പരസ്പരം കലഹിച്ചും തോല്പിച്ചും കഴിയുകയും ചെയ്യുന്ന നായ്ക്കൾക്ക് വകതിരിവുണ്ടാവണമെന്നില്ലല്ലോ. അവയെ ആരും പെരുമാറ്റച്ചട്ടം പഠിപ്പിക്കാനുമില്ലല്ലോ. ഇത്തരം നായ്ക്കൾ ഏതു സമയത്തും പ്രകോപിതരാവാം, ആക്രമിക്കാം. റോഡിലൂടെ നടന്നുപോവുമ്പോൾ തെരുവു നായ്ക്കളുടെ ആക്രമണത്തിനു വിധേയരായ എത്രയോ കുരുന്നുകളുടെ ചിത്രം മാദ്ധ്യമങ്ങളിൽ നമ്മൾ കണ്ടിരിക്കുന്നു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുരുന്നുകളെ നായ്ക്കൾ മൃഗീയമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ എത്ര ആവർത്തി സമൂഹമാദ്ധ്യമങ്ങളിൽ വന്നു. കടിയേൽക്കുന്നതിനേക്കാൾ ദുരിതപൂർണമാണ് പേവിഷ ബാധ ഉണ്ടാവാതിരിക്കാനുള്ള കുത്തിവയ്പ്. പ്രായമായ ആൾക്കാരുടെ കാര്യം പോട്ടെ, കുട്ടികൾക്ക് ഇത് എത്ര പ്രയാസകരമാണ്. മുമ്പൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പ്രാകൃത രീതിയിലാണെങ്കിൽ പോലും തെരുവു നായ്ക്കളെ പിടിച്ചു കൊല്ലുന്ന സമ്പ്രദായമുണ്ടായിരുന്നു. ജന്തുസ്നേഹികളുടെ ഇടപെടലോടെയാണ് ആ പ്രാകൃത രീതിക്ക് അറുതിയായത്. എന്നാൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം അവസാനിപ്പിക്കാനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ പ്രതിവിധി കണ്ടെത്താൻ നാം വൈകിതയോടെയാണ് നമ്മുടെ തെരുവുകളും പൊതു നിരത്തുകളും നായ്ക്കളുടെ പടയോട്ട മേഖലകളായത്. ജനങ്ങൾ ഭീതിയിലായത്.
വേണം പ്രായോഗിക പ്രതിവിധികൾ
'കണ്ണിന് മുകളിൽ നെയ് പുരട്ടിയിട്ട് വെയിലത്ത് ഓടിച്ചാൽ നെയ് ഉരുകി കണ്ണിൽ പതിച്ച് കണ്ണുകാണാതെ കുഴങ്ങി വീഴുന്ന കുളക്കോഴിയെ പിടികൂടാമെന്ന" മണ്ടൻ സിദ്ധാന്തത്തിന് സമാനമായ മാർഗം തെരുവുനായ വിഷയത്തിലും ഇവിടെ പ്രയോഗിക്കപ്പെട്ടു. തെരുവുനായ്ക്കളെ എല്ലാം പിടികൂടി വന്ധ്യംകരിച്ചു വിട്ടാൽ വംശ വർദ്ധന തടയാമെന്നതായിരുന്നു പുതിയ ഫോർമുല. പക്ഷെ വന്ധ്യംകരിച്ച നായ്ക്കൾക്കും പേവിഷ ബാധ ഏൽക്കുമെന്നും അതും സമൂഹത്തിനു ഭീഷണിയാവുമെന്നും അറിയാഞ്ഞിട്ടല്ലെങ്കിലും ഒരു പ്രതിവിധിയായി സ്വീകരിച്ചു. തദ്ദേശ സ്ഥാപന പരിധികളിൽ ഷെൽട്ടറുകൾ സ്ഥാപിച്ച് ഇവയെ സംരക്ഷിക്കാമെന്ന മറ്റൊരു പ്രതിവിധിയും ആവിഷ്കരിച്ചു. പക്ഷെ ഇതൊന്നും പ്രായോഗിക പ്രതിവിധിയല്ലെന്ന് കാലം തെളിയിച്ചു. തെരുവുനായ്ക്കൾ കടിച്ചുകൊണ്ടേ ഇരുന്നു, ജനങ്ങൾ കടിയേറ്റുകൊണ്ടുമിരുന്നു.
റോഡിലിറങ്ങാതെ, പൊതു ഇടങ്ങളിൽ പോകാതെ, ജനങ്ങളോട് അടുത്തിടപഴകാതെ ആഡംബര കാറുകളിലും ആകാശ മാർഗവും സഞ്ചരിച്ച് ജന്തുസ്നേഹം വാരിവിതറി സമൂഹത്തെ ധന്യമാക്കിയിരുന്ന കുറെപ്പേരുടെ ചെറുത്തു നിൽപ്പുകാരണം ഈ വിഷയത്തിനു പരിഹാരം കാണാനാവാതെ ഭരണകേന്ദ്രവും പെടാപ്പാടിലായി. ഒടുവിൽ രാജ്യത്തെ നീതി പീഠം തന്നെ കണ്ണുതുറന്നു, സർക്കാർ നടപടിക്ക് വഴിയൊരുക്കി. ഇതിന്റെ പേരിൽ കണ്ണിൽ കണ്ട നായ്ക്കളെയെല്ലാം നിഷ്കരുണം കൊന്നൊടുക്കണമെന്നല്ല, ഇവയുടെ വംശപരമ്പര വർദ്ധിക്കാതിരിക്കാനും കഴിയും വിധത്തിൽ ഇവയെ സംരക്ഷിക്കാനും നടപടികൾ സ്വീകരിച്ചുകൊണ്ടു തന്നെ മറ്റു ഗത്യന്തരമില്ലാത്ത, അക്രമസ്വഭാവമുള്ളവയെ പ്രാകൃതമല്ലാത്ത വിധത്തിൽ അവസാനിപ്പിക്കുകയാണ് ചെയ്യേണ്ടത്. മലയോര കർഷകരുടെ ഉറക്കം കെടുത്തുന്ന കാട്ടുപന്നിയുടെ ശല്യം മറന്നുകൊണ്ടല്ല നായ്ക്കളെ കുറിച്ചു മാത്രം പറയുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള അദ്ധ്വാനഫലം നിർദ്ദാക്ഷണ്യം ഇല്ലാതാക്കുന്ന വകതിരിവില്ലാത്തെ കാട്ടുപന്നികളുടെ കാര്യത്തിലും ചിലപ്പോൾ ജന്തുസ്നേഹം മറക്കേണ്ടിവരും. കാരണം മനുഷ്യനും ജീവിക്കണമല്ലോ.
ഇതുകൂടി കേൾക്കണേ
എല്ലാ ജീവനും വിലപ്പെട്ടതാണ്. സംരക്ഷിക്കേണ്ടതുമാണ്. പക്ഷെ സമൂഹത്തിന് താങ്ങാവുന്നതിലും വലിയ വിപത്തായി മാറുമ്പോൾ ഈ തത്വശാസ്ത്രം വിസ്മരിക്കേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |