SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.35 AM IST

തീവ്രമഴയിലെ നാശനഷ്‌ടങ്ങൾ

READ ENGLISH VERSION
1

ഇടവേളയ്ക്ക് ശേഷം പെയ്‌ത അതിതീവ്ര മഴ സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രളയ സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചത്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും 15പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആറോളം പേരെ കാണാതായി. മരണമടഞ്ഞ 15 പേരിൽ നാലുപേർ കുട്ടികളാണ്. പതിനാലു ജില്ലകളിലും മഴ ചെറുതും വലുതുമായ നാശനഷ്ടങ്ങൾ വിതച്ചു. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വണ്ടൻ പ്ളാവിലുണ്ടായ ഉരുൾപൊട്ടലിൽ വീടിനൊപ്പം അമ്മയും മകനും മണ്ണിനടിയിൽപ്പെട്ട് മരണമടഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നതായി. പുലർച്ചെ 2.30വരെ ഇവിടെ ഉണ്ടായിരുന്ന ഒരു വലിയ ഇരുനില വീടാണ് ഉരുൾപൊട്ടലിൽ ഒരു അവശിഷ്ടം പോലും മുകളിൽ കാണാതെ മനുഷ്യരോടൊപ്പം മണ്ണിൽ പുതഞ്ഞുപോയത്. രജീന ജോണി (50), മകൻ ജോസഫിൻ ജോണി (28) എന്നിവരാണ് പയ്യാനിത്തോട്ടത്തെ ഉരുൾപൊട്ടലിൽ മ‌രണമടഞ്ഞത്.

ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി (69), പീരുമേട് വാഗമണ്ണിലുണ്ടായ ഉരുൾപൊട്ടലിൽ വൈക്കം സ്വദേശി പ്രഭാകരൻനായർ (72), മലപ്പുറം കൊണ്ടോട്ടിയിൽ തോട്ടിൽ വീണ് നാലുവയസുകാരൻ ആദം അയ്‌മൻ, വണ്ടൂരിൽ ഒഴുക്കിൽപ്പെട്ട് മൂന്നുവയസുകാരൻ അബ്‌ദുൾ മുഹൈനി, വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പുചെയ്യാൻ ശ്രമിക്കവെ ഷോക്കേറ്റ് ബെന്നി (57) തുടങ്ങിയവർ മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. കൊല്ലം നീണ്ടകരയിൽ വ്യാഴാഴ്ച വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ (47) മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞത്തും മുതലപ്പൊഴിയിലും മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.

അതിതീവ്രമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾ നാശനഷ്ടങ്ങൾ സംഭവിച്ച ജില്ലകളിൽ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല തീവ്രമായ മഴ ഉണ്ടായാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ല. പല സ്ഥലങ്ങളിലും മുന്നൊരുക്കങ്ങളും മുന്നറിയിപ്പും കൃത്യമായി നൽകുന്നതിലുണ്ടായ വീഴ്ചയാണ് പല പ്രധാന സ്ഥലങ്ങളും വെള്ളത്തിനടിയിലാവാനും നാശനഷ്ടത്തിന്റെ തോത് ഉയർത്താനും ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പെയ്‌ത അതിതീവ്ര മഴയും തുടർന്ന് പമ്പാ നദിയുടെയും മീനച്ചിലാറിന്റെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും 2018ലെ പ്രളയത്തിന് തുല്യമായ അവസ്ഥയാണ് സൃഷ്ടിച്ചത്. കോട്ടയത്തെ പാലായിലും ഈരാറ്റുപേട്ടയിലും സമാനമായ സ്ഥിതിയാണ്. ഇവിടങ്ങളിൽ നാലും അഞ്ചും അടി ഉയരം വരെയാണ് പല വീടുകളിലും വെള്ളം കയറിയത്. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിക്കുകയും ചെയ്‌തു.

വലിയ തോതിൽ പണം ചെലവഴിച്ചാൽ മാത്രമേ വെള്ളം കയറിയ വീടുകൾ നന്നാക്കാനും കേടായ വീട്ടുപകരണങ്ങൾ മാറ്റി പുതിയവ വാങ്ങാനും കഴിയൂ. തീവ്രമഴയും പ്രളയവും മറ്റും വലിയ ഇടവേളകളില്ലാതെ കേരളത്തിൽ ആവർത്തിക്കുന്നതിനാൽ ഇത് നേരിടാനും തകർന്ന വീടുകൾ നിർമ്മിക്കാനും നാശനഷ്ടം സംഭവിച്ചവ നന്നാക്കാനും മറ്റുമായി ഒരു പ്രത്യേക വിഭാഗത്തിന് രൂപം നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണ്. സാങ്കേതിക വിദഗ്ദ്ധരും കെട്ടിടനിർമ്മാണ വിദഗ്ദ്ധരും മറ്റും ഉൾക്കൊള്ളുന്ന ഒരു സ്ഥിരം സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതുപോലെതന്നെ പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും നഷ്ടപരിഹാരവും മറ്റും നൽകുന്നതിന് സാമ്പത്തിക മാനദണ്ഡം ഉപാധിയാക്കുന്നത് അപ്പാടെ ഒഴിവാക്കണം. പാവപ്പെട്ടവർക്കും പണക്കാർക്കും ഒരുപോലെ കണക്കാക്കപ്പെടുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം പണമായോ അല്ലാതെയോ നൽകാനുള്ള സ്ഥിരം സംവിധാനം ഉണ്ടാകേണ്ടതാണ്. ഇതിന്റെ ചുമതല ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY