പാലക്കാട് : വാളയാർ ചെക്ക്പോസ്റ്റിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ 216 ക്രെഡിറ്റ് കാർഡുകളുമായി ഗുജറാത്ത് സ്വദേശി പിടിയിൽ.
ഹൈദരാബാദിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന യാസ് ടൂർ ആൻഡ് ട്രാവൽസ് എന്ന ബസിൽ നിന്നാണ് പോർബന്തർ സ്വദേശി ഒഡേതര രവി ഭീമ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്ത കാർഡുകളെല്ലാം വിവിധ വ്യക്തികളുടെ പേരിലുള്ളവയാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞു. രാജ്യാന്തര ബന്ധമുള്ള വൻ സാമ്പത്തിക തട്ടിപ്പ് സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായാണ് സൂചന.
പ്രതിയെയും പിടിച്ചെടുത്ത ക്രെഡിറ്റ് കാർഡുകളും തുടരന്വേഷണത്തിനായി വാളയാർ പൊലീസിന് കൈമാറി. വാളയാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഹാപ്പിമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദേവകുമാർ, ഗ്രേഡ് പ്രിവന്റിവ് ഓഫീസർ സജീവ്, സിവിൽ എക്സൈസ് ഓഫീസർ വിപിൻ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |