
മനുഷ്യരെ ആദ്യമായി ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ഉൾപ്പെടെയുള്ള സുപ്രധാന ബഹിരാകാശ പദ്ധതികളിൽ പ്രവർത്തിക്കുന്ന പരിചയസമ്പന്നരായ ശാസ്‌ത്രജ്ഞരും സാങ്കേതിക പ്രവർത്തകരും കൂട്ടത്തോടെ രാജിവച്ച് പോകുന്നത് തടയാൻ കേന്ദ്ര ബഹിരാകാശ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സമീപകാലത്ത് നൂറിലേറെപേർ ഐ.എസ്.ആർ.ഒ വിട്ട സാഹചര്യത്തിലാണിത്. ബംഗളൂരുവിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്ററിൽനിന്ന് 80പേരും തിരുവനന്തപുരം വി.എസ്.എസ്.സിയിൽ നിന്ന് 20പേരും ഈയിടെ രാജിവച്ചിരുന്നു. ഗഗൻയാൻ പദ്ധതിക്ക് പുറമെ രാജ്യത്തിന്റെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ പദ്ധതി, ചന്ദ്രയാൻ -3 പദ്ധതി തുടങ്ങിയവയുടെ പ്രധാന ചുമതലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരും രാജിവച്ചവരിൽ ഉൾപ്പെടുന്നു. ഇനിമുതൽ ശാസ്ത്രജ്ഞരുടെ രാജിക്ക് ഐ.എസ്.ആർ.ഒ നേരിട്ട് അനുമതി നൽകരുതെന്നും ബഹിരാകാശ വകുപ്പിന് കൈമാറണമെന്നുമാണ് നിർദ്ദേശം.
ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. ബഹിരാകാശത്തെ വലിയ ദൗത്യങ്ങൾ ഉയർത്തുന്ന സമ്മർദ്ദത്തെക്കാൾ ഐ.എസ്.ആർ.ഒ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശാസ്‌ത്രജ്ഞന്മാരുടെ കൂട്ടരാജി ആണെന്നതാണ്. യഥാർത്ഥത്തിൽ ഇതൊരു പുതിയ കാര്യമല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി മുറയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. 2017ൽ പുറത്തുവന്ന ഒരു വിവരാവകാശരേഖ പ്രകാരം അഞ്ച് വർഷത്തിനിടെ ഏകദേശം 300 ശാസ്‌ത്രജ്ഞർ ഐ.എസ്.ആർ.ഒ വിട്ടുപോയതായി കണ്ടെത്തിയിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് കേന്ദ്ര ബഹിരാകാശ വകുപ്പ് പ്രത്യേക പഠനം നടത്തി പരിഹരിക്കേണ്ടതായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനെ അഭിമുഖീകരിക്കാൻ തയ്യാറാകേണ്ടതാണ്. അല്ലാതെ കേവലം ഭരണപരമായ നിയന്ത്രണം കൊണ്ടുമാത്രം പരിഹരിക്കാനാവുന്നതല്ല ഈ പ്രതിസന്ധി.
ഇന്ത്യയിൽ ബഹിരാകാശ രംഗത്ത് സ്വകാര്യ കമ്പനികളും പുതിയ സ്റ്റാർട്ടപ്പുകളും ഉയർന്ന ശമ്പളവും മികച്ച പദവിയും തൊഴിൽ അന്തരീക്ഷവും വാഗ്ദാനം ചെയ്യുന്നതാണ് കൊഴിഞ്ഞുപോക്കിന്റെ കാരണം എന്നുപറയുന്നത് ജനങ്ങളെ പെട്ടെന്ന് ബോദ്ധ്യപ്പെടുത്താൻ ഉതകുമെങ്കിലും 'മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയെ' കണ്ടെത്താൻ അത് പ്രയോജനപ്പെടില്ല.
കാരണം സ്വകാര്യ കമ്പനികൾ രംഗത്ത് വരുന്നതിന് മുൻപുതന്നെ 'കൊഴിഞ്ഞുപോക്ക്' ഐ.എസ്.ആർ.ഒയെ പിടികൂടിയിരുന്നു. അതീവ സങ്കീർണവും സൂക്ഷ്‌മമായതും രാജ്യത്തിന്റെ പൊതുവായ അഭിമാനവുമായി ബന്ധപ്പെട്ടതുമായ ബൃഹത് പദ്ധതികളിലാണ് ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർ ഏർപ്പെട്ടിരിക്കുന്നത്. സർഗാത്മക ശേഷി ഏറെ ആവശ്യപ്പെടുന്ന ഒരു തൊഴിലാണത്. അതുകൊണ്ടുതന്നെ സമ്മർദ്ദവും പിരിമുറുക്കവും ഏറെ കൂടുതലായിരിക്കും. പൂർണമായ അർപ്പണത്തോടെ ജോലിചെയ്യുന്നവരുടെ നേട്ടങ്ങൾ യഥാവിധി അംഗീകരിക്കപ്പെടാതിരിക്കുകയും കുറുക്കുവഴികളിലൂടെ നേട്ടങ്ങളുടെ ആനുകൂല്യങ്ങളും അംഗീകാരവും മറ്റും ചിലർ തട്ടിയെടുക്കുകയും ചെയ്യുമ്പോൾ ഇത്തരം ശാസ്ത്ര സ്ഥാപനങ്ങളിലെ തൊഴിൽ അന്തരീക്ഷം അധ:പതിക്കാറുണ്ട്. ഇങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ശമ്പളവും ആനുകൂല്യവും കൂട്ടി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് ചെയ്യേണ്ടത്.
അമേരിക്കയിലെ നാസയിൽനിന്ന് ഒട്ടേറെ ശാസ്ത്രജ്ഞർ ഇലോൺ മസ്‌കിന്റെ എക്സ് എന്ന ബഹിരാകാശ സ്ഥാപനത്തിലേക്ക് പോയിട്ടുണ്ട്. അപ്പോൾ നാസ കൂടുതൽ ഉണരുകയും പുതിയ ശാസ്ത്രജ്ഞരെ എടുക്കുകയും പുതിയ ദൗത്യങ്ങൾ പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. അതുപോലെ ഈ പ്രതിസന്ധി അവസരമാക്കി മാറ്റാനാണ് ഐ.എസ്.ആർ.ഒ ശ്രമിക്കേണ്ടത്. ദീർഘകാലമായി ഐ.എസ്.ആർ.ഒയിലേക്ക് പുതുരക്തങ്ങൾ കടന്നുവരുന്നില്ല. പ്രതിഭാശാലികളായ ചെറുപ്പക്കാരുടെ തൊഴിൽ സേനയ്ക്ക് ഒരു കുറവുമുള്ള നാടല്ല നമ്മുടേത്. ശാസ്ത്രജ്ഞരുടെ തന്നെ ഏതാണ്ട് 900ത്തോളം ഒഴിവുകളിൽ ഐ.എസ്.ആർ.ഒ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടില്ല. ശാസ്‌ത്ര പ്രതിഭയോടൊപ്പം രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള സന്നദ്ധതയും പുതിയവരെ തിരഞ്ഞെടുക്കുമ്പോൾ വിലയിരുത്തണം. അങ്ങനെ നോക്കിയാൽ പരിഹരിക്കാനാവാത്ത പ്രതിസന്ധിയൊന്നുമല്ല ഐ.എസ്.ആർ.ഒയിലേത്. മാത്രമല്ല കൂടുതൽ മെച്ചപ്പെടാനുള്ള വഴി ഒരുങ്ങുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |