
സമൂഹമാദ്ധ്യമങ്ങളുടെ ആരംഭകാലത്ത് അതിലെ വാർത്തകളും ചിത്രങ്ങളും സത്യസന്ധമായിരുന്നു. നർമ്മം പുരണ്ടതും ആലോചനാമൃതവുമായിരുന്നു ഉള്ളടക്കം. നിർദ്ദോഷ ഫലിതങ്ങളും കുസൃതികളും കാണികൾ നന്നായി ആസ്വദിച്ചിരുന്നു. പൂവമ്പുകൾ പോലെയായിരുന്നു അതിനുള്ളിൽ ഒളിപ്പിച്ച വിമർശനങ്ങൾ. എന്നാൽ, സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരവും ബാഹുല്യവും മത്സരബുദ്ധി സൃഷ്ടിക്കുന്ന അവസ്ഥയിലെത്തിയതോടെ ഏതു വിഷശരവും എടുത്തു പ്രയോഗിക്കാവുന്ന സ്ഥിതിയായി. നീതിയും ധർമ്മവും സത്യസന്ധതയും ആ കുത്തൊഴുക്കിൽ ഒലിച്ചുപോയി. അതിന്റെ കെടുതികൾ വ്യക്തികളും പ്രസ്ഥാനങ്ങളും അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. സൈബർ ആക്രമണങ്ങളിൽ പകച്ചുനിൽക്കുകയാണ് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ. മന്ത്രിമാരും മുൻ മന്ത്രിമാരും സെലിബ്രിറ്റികളും ഈ ആക്രമണങ്ങൾക്ക് ഇരയാകുന്നു. ഫാമിലി പെൻഷൻ വ്യാജപ്രചാരണത്തിൽ മനംനൊന്ത് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതി നിയമ നടപടികളുമായി മുന്നോട്ടുപോകുകയാണ്. തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവരോട് ക്ഷമിക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
ഫാമിലി പെൻഷൻ ആരോപണത്തോട് പ്രതികരിക്കുന്നതിനിടെ മാദ്ധ്യമപ്രവർത്തകർക്കു മുന്നിൽ അവർ പൊട്ടിക്കരഞ്ഞിരുന്നു. കുന്നംകുളം മുൻ എം.എൽ.എ അന്തരിച്ച പി.ആർ.കൃഷ്ണന്റെ ഫാമിലി പെൻഷൻ അദ്ദേഹത്തിന്റെ ഭാര്യയെന്ന വ്യാജേന പി.കെ.ശ്രീമതി കൈപ്പറ്റുന്നുവെന്നായിരുന്നു പ്രചാരണം. തന്റെ അമ്മയുടെ പേരും പി.കെ.ശ്രീമതി എന്നാണെന്നും 2020ൽ മരിക്കുന്നതുവരെ അച്ഛന്റെ പെൻഷൻ അമ്മ വാങ്ങിയിരുന്നുവെന്നും വ്യക്തമാക്കി പി.ആർ.കൃഷ്ണന്റെ മകൻ രംഗത്തെത്തിയതോടെ വ്യാജ പ്രചാരണം പൊളിയുകയായിരുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വനിതാ കമ്മിഷൻ, ഡി.ജി.പി എന്നിവർക്ക് പി.കെ.ശ്രീമതി പരാതി നൽകിയിട്ടുണ്ട്. ശ്രീമതിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ശ്രീമതി നൽകിയ കത്ത് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കൈമാറി. വ്യാജ വാർത്ത പ്രചരിപ്പിച്ചവരെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സൈബർ സെൽ ഐ.ജി പി. പ്രകാശിന് ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകി.
സി.പി.എമ്മിലും ജനപ്രതിനിധി, മന്ത്രി എന്നീ നിലകളിലും ദശാബ്ദങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള പി.കെ. ശ്രീമതിയെ ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്തത് ആർക്കും ന്യായീകരിക്കാനാകാത്ത കുറ്റകൃത്യമാണ്. തലപ്പൊക്കവും പേരും പെരുമയുമുള്ളവരെയും ഇത്തരത്തിൽ വേട്ടയാടുന്നതു കാണാൻ കുറെപ്പേരുണ്ടാകും. നിജസ്ഥിതി അറിയാതെ അതൊക്കെ ആസ്വദിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ധാരാളം. വേട്ടയാടപ്പെടുന്ന മനസിന്റെ വേദന ഇക്കൂട്ടരൊന്നും ചിന്തിക്കാറില്ല. സമൂഹമാദ്ധ്യമ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യമേ അവർക്കുള്ളു. തന്റെ ശരീരം മാത്രം സൂം ചെയ്‌ത് ഫോട്ടോയെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന ദുരനുഭവം ഈയിടെയാണ് മന്ത്രി ബിന്ദുകൃഷ്ണ വെളിപ്പെടുത്തിയത്. ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരിൽ ചിലർ വിമർശിച്ചും അപമാനിച്ചും സന്തോഷിക്കുന്നുവെന്നും അവർ പറയുകയുണ്ടായി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ളീല പരാമർശവുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കേസിലെ പ്രതിയും മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയുമായ എബേൽ അഗസ്റ്റിനെ കോടതി ആഗസ്റ്റ് ഏഴുവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സഹപാഠികളുടെ ഇൻസ്റ്റ അക്കൗണ്ടിൽ നിന്നാണ് അവരുടെ ചിത്രങ്ങൾ ഇയാൾ ശേഖരിച്ചത്. തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ അപകീർത്തികരമായി വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരിപാർവതിബായിയുടെ പരാതിയിലാണ് നടപടി. സ്വതവേ ഭീരുക്കളും വരും വരായ്കകളെക്കുറിച്ചു ചിന്തിക്കാത്തവരുമാണ് ഇത്തരം സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ. മിണ്ടാപ്രാണികളെ മുറിവേൽപ്പിച്ച് ആനന്ദിക്കുന്ന മനോവികാരമാണ് ഇക്കൂട്ടരെ നയിക്കുന്നത്. കർശന നടപടിയും ശിക്ഷയും കൊണ്ടേ ഇവരെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |