
തമിഴ്നാട്- കേരള അതിർത്തിയായ കളിയിക്കാവിളയിൽ ലോറി ഉടമകളും ജീവനക്കാരുമടക്കം നൂറുകണക്കിനാളുകൾ റോഡ് ഉപരോധിച്ചത് സംഘർഷത്തിലാണ് കലാശിച്ചത്.
തമിഴ്‌നാട്ടിലെ ക്വാറികളിൽ നിന്ന് പാറ ഉത്‌പന്നങ്ങൾ കേരളത്തിൽ നിന്നുള്ള ലോറികളിലാണ് വർഷങ്ങളായി കൊണ്ടുവരുന്നത്. പാറയും കരിങ്കൽച്ചീളുകളും എംസാൻഡും മറ്റും കൊണ്ടുവരുന്ന വാഹനങ്ങളാണ് റോഡപകടങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നത് എന്ന കാരണം ചൂണ്ടിക്കാട്ടി കന്യാകുമാരി കളക്ടറും എസ്.പിയും കേരളത്തിൽ നിന്നുള്ള ലോറികൾക്ക് അപ്പാടെ പാസ് നിരോധിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. സമയ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരം ഒറ്റയടിക്ക് പാസ് നിരോധിച്ച നടപടി ഏകപക്ഷീയവും നിരവധി തൊഴിലാളികളുടെ ജീവിതമാർഗം തടയുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റോഡ് ഉപരോധം നടന്നത്.
കാർഷിക ഉത്‌പന്നങ്ങളും വ്യാവസായിക ഉത്‌പന്നങ്ങളും മറ്റും കയറ്റി തമിഴ‌്‌നാടിന്റെ നൂറുകണക്കിന് ലോറികളാണ് നിത്യവും കേരളത്തിലേക്ക് വന്നു പോകുന്നത്. ഇത്തരം ലോറികളും അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. അതിന്റെ പേരിൽ തമിഴ്‌നാട് ലോറികൾ വരുന്നത് നിരോധിച്ചാൽ അത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള വലിയ സംഘർഷത്തിന് ഇടയാക്കും. അതിർത്തി ജില്ലകളിലെ ഭരണാധികാരികൾ വീണ്ടുവിചാരമില്ലാതെ ഇത്തരം രീതികൾ സ്വീകരിക്കുന്നത് ശരിയായ നടപടിയല്ല. രണ്ട് സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ ഭരണാധികാരികളാണ് ചർച്ചകളിലൂടെ പരിഹരിക്കേണ്ടത്. തമിഴ്‌നാട്ടിൽ നിന്നുള്ള പാറ ഉത്‌പന്നങ്ങളുടെ വരവ് നിലച്ചതോടെ കേരളത്തിലെ, പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലയിലെ നിർമ്മാണ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ നിരുത്തരവാദപരമായ തീരുമാനം കാരണം ഇപ്പോൾ വിരളമായി ലഭിക്കുന്ന പാറ ഉത‌്‌പന്നങ്ങൾക്ക് ഇരട്ടി വിലയാണ് ഉപയോക്താക്കൾക്ക് നൽകേണ്ടി വരുന്നത്.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം, നാഗർകോവിൽ, ചിത്തിരംകോട്, കൂടംകുളം തുടങ്ങിയ ഭാഗങ്ങളിലെ ക്വാറികളിൽ നിന്നാണ് കൂടുതലായും കേരളത്തിലെ തെക്കൻ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പാറ ഉത്‌പന്നങ്ങൾ എത്തിയിരുന്നത്. ക്വാറികൾക്ക് നൽകിയിരുന്ന പാസിൽ കന്യാകുമാരി ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയതോടെ രണ്ടു മാസമായി പാറ ഉത്‌പന്നങ്ങളുടെ വരവ് ഏതാണ്ട് നിലച്ച മട്ടാണ്. ഈ അവസരം മുതലെടുത്ത് പാറപ്പൊടി, എംസാൻഡ്, മെറ്റൽ തുടങ്ങിയവയ്ക്ക് ഇവിടെയും ഇരട്ടി വിലയായിരിക്കുന്നു. ചെങ്കോട്ട വഴിയാണ് നാമമാത്രമായി പാറ ഉത്‌പന്നങ്ങൾ എത്തുന്നത്. ഇതും നിറുത്തലാക്കാൻ തമിഴ‌്‌നാട് അധികൃതർ ആലോചിക്കുന്നതായി ലോറി ഉടമകൾ പറയുന്നു. കേരളത്തിലെ നിർമ്മാണ മേഖലയാകെ സ്തംഭിപ്പിക്കുന്ന ഈ നടപടിക്കെതിരെ കേരള സർക്കാർ സമയോചിതമായ നടപടികൾ സ്വീകരിച്ച് ഉണർന്ന് പ്രവർത്തിക്കേണ്ടതാണ്.
ഇക്കാര്യം അടിയന്തരമായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാനുള്ള ശ്രമമാണ് കേരള സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. പ്രശ്നം പരിഹരിക്കാതിരുന്നാൽ നിർമ്മാണ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ലോറി ഉടമകളും തൊഴിലാളികളും ഉൾപ്പെടെ കേരളത്തിലുള്ള ആയിരക്കണക്കിന് പേരുടെ ജീവിതം ദുരിതത്തിലാകും. ഇതിനൊരു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് കളിയിക്കാവിളയിൽ സമരം നടന്നത്. സമരക്കാരും പൊലീസുമായി ഉന്തും തള്ളും സംഘർഷവും ഉണ്ടാവുകയും ചെയ്തു. ദേശീയപാത വഴിയുള്ള ഗതാഗതവും മണിക്കൂറുകളോളം തടസപ്പെട്ടു. തുടർന്ന് മാർത്താണ്ഡം ഡിവൈ.എസ്.പിയുടെ ഉറപ്പിന്മേലാണ് പ്രതിഷേധ സമരം അവസാനിച്ചത്. ഇത് ഉദ്യോഗസ്ഥ തലത്തിൽ തീരേണ്ട ഒരു പ്രശ്നമല്ല. ഉന്നത രാഷ്ട്രീയ നേതൃത്വവും ഇതിൽ ഇടപെടണം. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നതിന് മുമ്പ് തന്നെ ആ ഇടപെടൽ ഉണ്ടാകേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |