
കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെയാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് എന്ന കെ.എ.എസിന് രൂപം നൽകിയത്. ഐ.എ.എസ് ലോബിയിൽ നിന്ന് നേരിട്ട ഉടക്കുകളും സംവരണ അട്ടിമറി നീക്കങ്ങളുമൊക്കെ തരണം ചെയ്‌താണ് അന്നത്തെ ഇടതു സർക്കാർ കെ.എ.എസ് യാഥാർത്ഥ്യമാക്കിയത്. ഐ.എ.എസ് പരീക്ഷയ്ക്ക് അവലംബിക്കുന്ന അതേ പരീക്ഷാ രീതിയാണ് പിന്തുടർന്നത്. മിടുക്കന്മാരായവർക്ക് സംസ്ഥാനത്ത് തന്നെ മികച്ച ശമ്പളവും അംഗീകാരവുമുള്ള ജോലി ലഭിക്കുമെന്നതാണ് കെ.എ.എസിന്റെ ഏറ്റവും വലിയ ആകർഷണീയത. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കോച്ചിംഗ് സെന്ററുകളിൽ ലക്ഷങ്ങൾ ചെലവാക്കി ഇതിനുള്ള പഠനവും മറ്റും നടത്തിവരികയും ചെയ്യുന്നു. എന്നാൽ, രണ്ടാമത് കെ.എ.എസ് റാങ്ക് ലിസ്റ്റ് നിലവിൽവന്ന് ഏഴുമാസമായിട്ടും ഒന്നാം റാങ്കുകാരനുപോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല എന്നതാണ് നിലവിലുള്ള അവസ്ഥ. ഒരു വർഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. 31 ഒഴിവുകളുമുണ്ട്.
കഴിഞ്ഞ ജനുവരി 30നാണ് റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. മൂന്ന് സ്ട്രീമുകളിലായാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പക്ഷേ നാളിതുവരെ ഒരു നിയമനം പോലും നടത്തിയിട്ടില്ല.
കെ.എ.എസ് കേഡർ സ്ട്രെംഗ്തിന്റെ 30 ശതമാനം തസ്തിക ഓൾ ഇന്ത്യ സർവീസ് മാതൃകയിൽ ഡെപ്യൂട്ടേഷൻ റിസർവ് രൂപീകരിക്കാനായി 2023 ജൂണിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സെക്രട്ടറിതല കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 28 ഒഴിവുകൾ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ മൂന്ന് ഒഴിവുകൾ കൂടി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു. നിയമനം നടക്കാത്തതിലുള്ള തന്റെ വിഷമം പങ്കിട്ട് ഒന്നാം റാങ്കുകാരൻ ഫേസ്‌ബുക്കിൽ വീഡിയോയുമായി രംഗത്തുവന്നിരിക്കുന്നു. കെ.എ.എസ് സ്ട്രീം ഒന്നിലെ ഒന്നാം റാങ്ക് ജേതാവ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി ദേവനാരായണനാണ് നിയമനത്തെക്കുറിച്ച് അന്വേഷിക്കുന്ന അമ്മയോടുപോലും മറുപടി പറയാൻ കഴിയാത്ത അവസ്ഥയിലാണ് താനെന്ന് വെളിപ്പെടുത്തിയത്.
കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് പരീക്ഷ എഴുതിയ തന്റെ അവസ്ഥ ഇതാണെങ്കിൽ പി.എസ്.സിയെ വിശ്വസിച്ച് പരീക്ഷയെഴുതിയ മറ്റ് ചെറുപ്പക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ദേവനാരായണൻ ചോദിക്കുന്നു. 31പേരെ തിരഞ്ഞെടുക്കാനുള്ള ഫയൽ പൊതുഭരണ വകുപ്പിൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നതാണ് നിയമനം നടക്കാത്തതിന് കാരണമായി പറയപ്പെടുന്നത്. എത്ര ഡിജിറ്റൽ വേഗങ്ങൾ വന്നാലും ചുവപ്പുനാട പഴയ ചുവപ്പുനാട തന്നെയാണെന്ന് തെളിയിക്കുന്നതാണിത്. ലക്ഷക്കണക്കിനുപേർ എഴുതിയ പരീക്ഷയിൽ നിന്ന് 674 പേരാണ് മെയിൻ പരീക്ഷ എഴുതാൻ യോഗ്യത നേടിയത്. ഇതിൽ അറുപതോളം പേരാണ് മെയിൻ ലിസ്റ്റിൽ ഇടംപിടിച്ചത്. കേരളത്തിൽ നിന്ന് മിടുക്കരായവർ അന്യനാടുകളിലേക്കും വിദേശങ്ങളിലേക്കും പോകുമ്പോൾ നാട്ടിൽ തന്നെ മാന്യമായ തൊഴിൽ നേടി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരോടാണ് സർക്കാർ ഈ സമീപനം പുലർത്തുന്നത് എന്നത് പരിതാപകരമാണ്.
തുടക്കത്തിൽ എല്ലാ വർഷവും കെ.എ.എസ് പരീക്ഷ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യ പരീക്ഷയ്ക്ക് ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് രണ്ടാമത് കെ.എ.എസ് പരീക്ഷ 2025ൽ നടന്നത്. സർവീസിൽ കയറിയ കെ.എ.എസുകാർക്ക് ഐ.എ.എസുകാർ തങ്ങളെ രണ്ടാം പൗരന്മാരായാണ് കാണുന്നതെന്ന പരാതിയുമുണ്ട്. പ്രധാനപ്പെട്ട ചുമതലകൾ കെ.എ.എസുകാർക്ക് നൽകുന്നതിനെ എ.ഐ.എസ് ലോബി എതിർക്കുന്നു എന്നത് വാർത്തകളായും മറ്റും പുറത്തുവന്നിട്ടുള്ളതാണ്. എന്തായാലും കെ.എ.എസ് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ വന്ന മിടുക്കന്മാരുടെ നിയമനം ഒഴിവുണ്ടായിട്ടും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത് സംസ്ഥാനത്തിനൊട്ടാകെ നാണക്കേടുണ്ടാക്കുന്നതാണ്. മുഖ്യമന്ത്രി ഇടപെട്ട് ഇവരുടെ നിയമനം എത്രയും വേഗം നടത്തുമെന്ന് പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |