
തിരുവനന്തപുരം കോർപ്പറേഷന് രാജഭരണ കാലത്തോളം പഴക്കമുള്ള പ്രൗഢമായ ഒരു ചരിത്രമാണുള്ളത്. തിരുവനന്തപുരം കോർപ്പറേഷൻ ഇന്നത്തെ നിലയിൽ രൂപം കൊണ്ടതിന് ഏകദേശം ഒന്നര നൂറ്റാണ്ടോളം പഴക്കമുണ്ട്. 1921ൽ നഗരസഭയായ തിരുവനന്തപുരം 19 വർഷം കഴിഞ്ഞപ്പോഴാണ് കോർപ്പറേഷനായത്. അന്ന് നഗരം വളരെ ചെറുതും അതീവ ഭംഗിയുള്ളതുമായിരുന്നു. വൃത്തിക്കും ശുദ്ധിക്കും ഇന്ത്യയൊട്ടാകെ പേരുകേട്ടതുമായിരുന്നു. അന്ന് ഒന്നേകാൽ ലക്ഷമായിരുന്നു ജനസംഖ്യ. ആദ്യ കൗൺസിലിൽ 24 കൗൺസിലർമാരായിരുന്നു. ഇന്നതല്ല സ്ഥിതി. പത്തു ലക്ഷത്തിൽ കൂടുതലാണ് ജനസംഖ്യ. വാർഡുകളുടെ എണ്ണം 101. വൃത്തിയുടെയും ശുദ്ധിയുടെയും കാര്യത്തിൽ പഴയ പേരില്ലെന്ന് മാത്രമല്ല വളരെ പരിതാപകരമാണ് നിലവിലെ സാഹചര്യങ്ങൾ. നഗരം വളർന്നതിന്റെ പ്രശ്നമായി മാത്രം ഇതിനെ കാണാനാകില്ല. നഗരം വളരുന്നതിന് അനുസരിച്ച് ദീർഘദൃഷ്ടിയോടെ നഗരത്തെ പരിപാലിച്ച് ഒന്നാം നിരയിൽ നിറുത്തുന്നതിനുള്ള തീവ്രമായ ഒരു ശ്രമം നഗരം ഭരിച്ച വിവിധ രാഷ്ട്രീയ കക്ഷികളുടെ സാരഥികൾക്ക് കഴിഞ്ഞിട്ടില്ല എന്നത് ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണ്.
ഇനി അങ്ങനെ പോയാൽ പറ്റില്ല. കാരണം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണമായി പ്രവർത്തന സജ്ജമാകുന്നതോടെ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു നഗരമായി തിരുവനന്തപുരം നഗരം പരിണമിക്കേണ്ടി വരും. എന്നാൽ അങ്ങനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ പറ്റുന്ന കാര്യങ്ങളല്ല തിരുവനന്തപുരം കോർപ്പറേഷനിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഭരണത്തേക്കാൾ കൈയാങ്കളിക്കാണ് അവിടെ പ്രാധാന്യം. ഒരു ദിവസം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെങ്കിൽ അടുത്ത ദിവസം യു.ഡി.എഫും ബി.ജെ.പിയും തമ്മിലായിരിക്കും നിലത്തിൽപ്പോര് നടക്കുക. ക്യാമറകൾ ഉള്ളതിനാൽ ഇത് ഒരു മുഴുനീള ആക്‌ഷൻ ചിത്രമായി കേരളത്തിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. കഴുത്തിന് പിടിക്കൽ, കാല് ചവുട്ടിത്തിരുമ്മൽ, ഷർട്ട് വലിച്ചുകീറൽ, ചൂടുവെള്ളമൊഴിക്കൽ തുടങ്ങിയ കലാപരിപാടികളാണ് അവിടെ മുറയ്ക്ക് നടക്കുന്നത്.
ബി.ജെ.പിക്ക് അമ്പത് കൗൺസിലർമാരാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. ഇതിനിടയിൽ ഒരു കൗൺസിലർ കാപ്പാ കേസിൽ പ്രതിയായി ജയിലിലായതും 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും സ്വാഭാവികമായും എൽ.ഡി.എഫും യു.ഡി.എഫും മുതലെടുക്കാൻ നോക്കിയതാണ് ഇപ്പോഴത്തെ നാണംകെട്ട സാഹചര്യങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള വ്യഗ്രത എൽ.ഡി.എഫിനുണ്ടാകും. കാരണം അവരുടെ കഴിഞ്ഞ കാലത്തെ പച്ചയായ അഴിമതികൾ പലതും പുറത്തു വരുന്നത് അവർക്ക് തടയേണ്ടതുണ്ട്. എന്നാൽ, യു.ഡി.എഫിന്റെ ആവേശം സംസ്ഥാന ഭരണം പിടിച്ചതിന്റെ ബാക്കിപത്രമായി ഉണ്ടായതാണ്.
എന്നാൽ നഗരസഭാ ഭരണം അട്ടിമറിക്കുന്നതിൽ സി.പി.എമ്മിലുള്ള ഭിന്നതകൾ മറനീക്കി പുറത്തുവന്നതോടെ അതിനായി ചാടിക്കയറി രംഗത്തിറങ്ങിയ യു.ഡി.എഫും നാണംകെട്ട ചിത്രമാണ് ഇപ്പോൾ കാണാൻ കഴിഞ്ഞിരിക്കുന്നത്. ഇതുപോലുള്ള കുറുക്കുവഴികളിലൂടെയല്ല ഭരണം അട്ടിമറിക്കാൻ നോക്കേണ്ടത്. ജനങ്ങൾക്കിടയിലുള്ള പ്രവർത്തനത്തിലൂടെയാവണം അധികാരത്തിലെത്തേണ്ടത്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഇത്തരം ശ്രമങ്ങൾ ബി.ജെ.പിയുടെ ഭരണം കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതിന് മാത്രമേ ഇടയാക്കൂ. ബി.ജെ.പിയുടെ കോർപ്പറേഷൻ ഭരണം കാരണം 'പൊറുതിമുട്ടി'യിരിക്കുന്നത് ജനങ്ങൾക്കല്ല; ഭരണം നഷ്ടപ്പെട്ടവർക്കാണ്. ഇത്തരം നാണംകെട്ട കൈയാങ്കളിയിലൂടെയൊന്നും ഭരണം തിരിച്ചു കിട്ടാനും പോകുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |