തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ പ്രവാസി മലയാളികളുടെ വൈദഗ്‌ദ്ധ്യവും സാമ്പത്തിക പങ്കാളിത്തവും കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ പറഞ്ഞു. പ്രവാസി കോർപ്പറേഷൻ രൂപീകരിച്ച് വികസന പദ്ധതികൾക്കായി ഫണ്ട് സമാഹരിക്കുന്ന കാര്യം സർക്കാർ സജീവമായി പരിഗണിച്ചുവരികയാണ്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്ക്) സുവർണ ജൂബിലി ആഘോഷം മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗൾഫ് രാജ്യങ്ങളുടെ വികസനത്തിൽ പ്രവാസി മലയാളികൾ വഹിച്ച നിർണായക പങ്ക് കേരളത്തിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്തേണ്ട സമയമാണിത്. ലോകോത്തര അനുഭവസമ്പത്തും സാങ്കേതിക വൈദഗ്ധ്യവും സാമ്പത്തിക ശക്തിയും കൈവശമുള്ള പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
അടിസ്ഥാനസൗകര്യ വികസനത്തിൽ പൊതുമരാമത്ത് വകുപ്പും നാറ്റ്പാക്കും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തും. 1976 ൽ രൂപീകൃതമായ നാറ്റ്പാക്ക് ഇന്ന് ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ പഠനങ്ങളും ഇൻഫ്രാസ്ട്രക്ചർ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി വളർന്നു.
റോഡുകൾ, ഫ്‌ളൈഓവറുകൾ, ബൈപ്പാസുകൾ എന്നിവയുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ വലിയ വെല്ലുവിളിയാണ്. ഭൂമി ഏറ്റെടുക്കലിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളും കാലതാമസവും കാരണം പദ്ധതികളുടെ ചെലവ് വർധിക്കുന്ന സാഹചര്യമുണ്ട്. ജനങ്ങളുടെ സഹകരണത്തോടെ ഭൂമി സൗജന്യമായി വിട്ടുനൽകി റോഡ് വികസനം നടത്തുന്ന മലബാർ രീതി കൂടുതൽ വ്യാപിപ്പിക്കാനാകും. അടിസ്ഥാന സൗകര്യ വികസനത്തിനായി പൊതുസ്വകാര്യ മാതൃകയിലുള്ള പദ്ധതികൾക്കും സർക്കാർ പ്രാധാന്യം നൽകും. പുതിയ ആശയങ്ങളെയും വികസന നിർദേശങ്ങളെയും പൊതുമരാമത്ത് വകുപ്പ് പോസിറ്റീവായി സമീപിക്കും. പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലൂടെ കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
സുവർണ ജൂബിലി ആഘോഷത്തിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. ഡിസംബറിൽ നടത്തുന്ന രാജ്യാന്തര കോൺക്ലേവ് ' ട്രാൻസ്‌ഫോം 2026' ന്റെ ലോഗോ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയ്സ് മന്ത്രാലയത്തിന്റെ ന്യൂ ടെക്‌നോളജി ഫോർ ഹൈവേ ഡെവലപ്‌മെന്റ് ഡയറക്ടർ ബിദുർ കാന്ത് ഝായും ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചുള്ള ആക്ടിവിറ്റി കലണ്ടർ വാർഡ് കൗൺസിലർ ക്ലീറ്റസും പ്രകാശനം ചെയ്തു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. പി ഹരിനാരായണൻ അധ്യക്ഷനായ ചടങ്ങിൽ നാറ്റ്പാക്ക് ഡയറക്ടർ പ്രൊഫ. ആശാലത ആർ, സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ് ഷഹീം തുടങ്ങിയർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് 'കേരള ഓൺ ദ മൂവ് : ഷേപ്പിംഗ് ഫ്യൂച്ചർ മൊബിലിറ്റി ഫോർ 2047'എന്ന വിഷയത്തിൽ മേഖലയിലെ വിദഗ്ധരും ശാസ്ത്രജ്ഞൻമാരും പങ്കെടുത്ത ചർച്ചയും നടന്നു.
The Kerala government is considering setting up a Pravasi Corporation to better utilize the expertise and financial contributions of Non-Resident Keralites (NRKs) for infrastructure development. Public Works Minister P. K. Basheer said the proposed corporation would help raise funds for development projects and strengthen the role of the Malayali diaspora in the state's growth.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |