
അക്ഷരങ്ങൾ നുള്ളിപ്പെറുക്കി എഴുതിത്തുടങ്ങിയകാലത്ത്, അമ്മ സമ്മാനിച്ച കൊച്ചു നോട്ട്ബുക്കിൽ കുഞ്ഞു കെസിയ ഇങ്ങനെ കുറിച്ചുവച്ചു, ''എനിക്ക് ബാർബി ഡോളിനെപ്പോലെ സുന്ദരിയാകണം"". കുറച്ചുകൂടി മുതിർന്നപ്പോൾ ആ സ്വപ്നത്തിന് കൂടുതൽ തെളിച്ചമായി. അമ്മയോട് അവൾ പറഞ്ഞു- ''എനിക്ക് ലോകസുന്ദരിയാകണം"". ഇന്ന് ആ സ്വപ്നം ആലപ്പുഴ മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോയെന്ന പത്തൊൻപതുകാരിയുടെ കൈയരികിലാണ്.
മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം ചൂടി ചരിത്രം കുറിച്ച ആദ്യ മലയാളി പെൺകൊടിയെന്ന ഖ്യാതിയിൽ നിറയുമ്പോൾ കെസിയയുടെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ അതിരുകളില്ലാത്ത വലിയ ലോകമുണ്ട്. വിദേശത്ത് വളർന്ന്,നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളെയും അപകർഷതാബോധത്തിന്റെ ഇരുണ്ട നാളുകളെയും വെല്ലുവിളിച്ച്, സ്വപ്നങ്ങളിലേയ്ക്ക് ചിറകടിച്ചുയർന്ന പ്രചോദനാത്മക യാത്രയെക്കുറിച്ച് കെസിയ നിറചിരിയോടെ സംസാരിച്ചു. നല്ല തെളിവാർന്ന മലയാളത്തിൽ!
കെസിയ
ദ ബെസ്റ്റ് ബേബി
അഞ്ചാം വയസിൽ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിലെ ബേബി ഷോയി റാമ്പിന്റെ തിളക്കവും കൈയടികളുടെ ആരവവും കെസിയ മറന്നിട്ടില്ല. ആദ്യ മത്സരത്തിലെ ഓർമ്മകളിലേയ്ക്ക് കെസിയ നടന്നു. ''അന്ന് ബെസ്റ്റ് ബേബിയായി തിരഞ്ഞെടുക്കപ്പെട്ട് സമ്മാനം വാങ്ങി. 2009 മുതൽ അബുദാബിയിലെ വിവിധ സംഘടനകൾ ഒരുക്കിയ ബേബി ഷോകളിൽ സ്ഥിരം സാന്നിദ്ധ്യമായി. ആ പ്രോത്സാഹനമാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതിലെ പേടി മാറ്റിയെടുത്തത്"".
കൗമാരത്തിലേയ്ക്ക് കടന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ''റാമ്പിലെ ആത്മവിശ്വാസത്തിന് പിന്നിൽ വർഷങ്ങളുടെ അദ്ധ്വാനമുണ്ട്. പതിമൂന്ന് വർഷമായി ഡാൻസ് അഭ്യസിക്കുന്നുണ്ട്. അബുദാബിയിലെയും ദുബായിലെയും ഒട്ടുമിക്ക മത്സര വേദികളിലും സജീവമായി പങ്കെടുത്തിരുന്നു"". എമിറേറ്റ്സ് നാഷണൽ സ്കൂൾ, സെന്റ്. ജോസഫ്സ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പ്ലസ് ടുവിന് 100 ശതമാനം മാർക്കോടെ വിജയം കൊയ്ത മിടുക്കി, കർണാടകത്തിലെ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിയമവിദ്യാർത്ഥിനിയാണ് ഇപ്പോൾ.
''ഫിൽടറുകളില്ലാതെ ചിത്രം പങ്കുവയ്ക്കാൻ പോലും ഭയന്നിരുന്ന നാളുകൾ. ഇരുണ്ട ചർമ്മത്തിന്റെ പേരിൽ അപകർഷതാബോധം അനുഭവിച്ച ഒരു കാലമുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഏറെ ആത്മവിശ്വാസത്തോടെ വളർന്ന ഞാൻ കൗമാരത്തിലെത്തിയതോടെ സ്വന്തം ശരീരത്തെയും ചർമ്മത്തെയും കുറിച്ച് അമിതമായി ആശങ്കപ്പെട്ടു. മൂന്നു വർഷത്തോളം സോഷ്യൽ മീഡിയയിൽ ഫിൽടറില്ലാതൊരു ചിത്രം പോസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടായിരുന്നില്ല. വണ്ണത്തെക്കുറിച്ചും നിറത്തെക്കുറിച്ചുമുള്ള ചുറ്റുമുള്ളവരുടെ വാക്കുകൾ എന്നെ അത്രമേൽ തളർത്തിരുന്നു""- കടന്നു വന്ന കണ്ണീർക്കാലം കെസിയ മറന്നിട്ടില്ല. പക്ഷേ, തോൽക്കാൻ തയ്യാറായിരുന്നില്ല. ''നമുക്ക് മുന്നിലുള്ള തടസങ്ങളെ ഇച്ഛാശക്തികൊണ്ട് മറികടക്കുക മാത്രമാണ് വഴി. സ്വന്തം ചർമ്മത്തെ സ്നേഹിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ ശരിക്കും സുന്ദരിയായത്""കെസിയയുടെ വാക്കുകളിൽ നിലപാടിന്റെ ഉറപ്പുണ്ട്.
അമ്മയ്ക്കും ചേച്ചിക്കും
പിന്നാലെ
സൗന്ദര്യമത്സരങ്ങളെ അറിവും അഴകും കോർത്തിണക്കി കീഴടക്കുക എന്നത് കെസിയയുടെ കുടുംബത്തിന്റെ പാരമ്പര്യമാണ്. ആലപ്പുഴ മാവേലിക്കര കിണറ്റുകരയിൽ മെജോ എബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് കെസിയ. അമ്മയിൽ നിന്ന് തുടങ്ങിയതാണ് റാമ്പ് പാരമ്പര്യം. 1997ൽ കടമ്മനിട്ട സ്വദേശിനിയായ അമ്മ സുജ പത്തനംതിട്ട ജില്ലാതല സൗന്ദര്യപട്ടം നേടി. പിന്നീട് മിസ് ഇന്ത്യ പ്ലാനറ്റിൽ മിസിസ് കാറ്റഗറി വിജയിയായി. ആ വഴിയിലായിരുന്നു മക്കളും. കെസിയയുടെ സഹോദരി കാരൻ മെജോ 2022ൽ മിസ് ഇന്ത്യ പ്ലാനറ്റിൽ ഫസ്റ്റ് റണ്ണറപ്പായി. തൊട്ടുപിന്നാലെ റാമ്പിലെത്തിയ കെസിയ മിസ് ഇന്ത്യ പ്ലാനറ്റായാണ് വേദി വിട്ടത്. ഒരേ മത്സരവേദിയിൽ അമ്മയും രണ്ട് മക്കളും വിജയികളായി മടങ്ങുകയെന്ന അപൂർവ നേട്ടം!
''എന്റെ അമ്മയാണ് ഏറ്റവും വലിയ ശക്തി. അമ്മ തന്ന പ്രോത്സാഹനമാണ് ഇന്നിവിടെ എത്തിച്ചത്. സൗന്ദര്യമത്സരങ്ങളിലെ പാഠങ്ങൾ വീട്ടകങ്ങളിൽ നിന്ന് ലഭിച്ചിരുന്നു"" കെസിയ പറയുന്നു.
കഠിന പരിശീലനത്തിലൂടെ കടമ്പകൾ മറികടന്ന കെസിയ 2024 മുതൽ സൗന്ദര്യമത്സര രംഗത്ത് സജീവമായി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ മിസ് യൂണിവേഴ്സ് കേരള- 2026 കിരീടം സ്വന്തമാക്കി. നേരത്തെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണറപ്പായപ്പോൾ ചെറിയൊരു നിരാശയുണ്ടായെങ്കിലും ആ അനുഭവത്തെ പാഠമാക്കി മാറ്റി കൂടുതൽ കരുത്തോടെ മുന്നേറുകയായിരുന്നു.
''മിസ് യൂണിവേഴ്സ് ഇന്ത്യ വേദിവരെ എത്തുക എന്നത് എളുപ്പമായിരുന്നില്ല. രാവും പകലുമില്ലാത്ത കഠിന പരിശീലനം. 52 മത്സസരാർത്ഥികളാണ് ഒരു മാസത്തിലേറെ നീണ്ട പരിശീലനത്തിൽ ഒപ്പമുണ്ടായിരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിമിടുക്കികൾക്കൊപ്പം പിടിച്ചുനിൽക്കുക എന്നത് വലിയ കടമ്പയായിരുന്നു. അവിടെയുള്ളവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനായിരുന്നു. ചെറുപ്പത്തിലേ മനസിൽ കൊണ്ടുനടന്ന ആ തീവ്രമായ ആഗ്രഹമാണ് എല്ലാ തടസങ്ങളും വെല്ലുവിളികളും മറികടന്ന് പരിശീലനം പൂർത്തിയാക്കാൻ സഹായിച്ചത്""
മറക്കില്ല മലയാളം
പ്രശസ്തിയുടെ കൊടുമുടിയിലും സ്വന്തം വേരുകളെ കെസിയ മറക്കുന്നില്ല. ''ഞങ്ങൾ വീട്ടിലും പുറത്തും മലയാളമാണ് സംസാരിക്കുന്നത്. കട്ടിയുള്ള ചില വാക്കുകൾ വരുമ്പോൾ മാത്രമാണ് ഇംഗ്ലീഷ് ഉപയോഗിക്കുക. മലയാളം എഴുതാൻ അത്ര എളുപ്പമല്ലെന്നേയുള്ളൂ, സംസാരം ശുദ്ധ മലയാളത്തിലാണ്"" മുഖത്ത് ചെറുചിരി '' ഇന്ത്യ എനിക്ക് സുരക്ഷിതമായ ഇടമാണ്. വിദേശത്ത് വളർന്നെങ്കിലും ഇന്ത്യയോടും ജന്മനാടിനോടുമുള്ള കെസിയയുടെ സ്നേഹം അതിരറ്റതാണ്. സ്വന്തം വീട്ടിൽ, കുടുംബത്തോടൊപ്പം, അമ്മയുടെ സമീപത്ത്, നമ്മളെ സ്നേഹിക്കുന്നവർക്കുമൊപ്പം സുരക്ഷിതമായൊരു ഇടം. അതാണ് എനിക്ക് ഇന്ത്യ"" കെസിയ പറയുന്നു.
നാട്ടിലും ആഘോഷം
നാട്ടിൽ കെസിയയുടെ ചരിത്രനേട്ടം വലിയ ആഘോഷമാക്കിക്കഴിഞ്ഞു. നാടിനുള്ള ഓണസമ്മാനമായാണ് കെസിയയുടെ നേട്ടത്തെ കാണുന്നത്. ഇനി ലക്ഷ്യം പ്യൂർട്ടോ റിക്കോ! ഇന്ത്യൻ കിരീടമണിഞ്ഞെങ്കിലും കെസിയയ്ക്ക് വിശ്രമമില്ല. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാം മിസ് യൂണിവേഴ്സ് മത്സരത്തിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
''ഇനി എനിക്ക് മുന്നിലുള്ളത് ലോകവേദിയാണ്. അവിടെ ഇന്ത്യയുടെ അഭിമാനക്കൊടി വാനോളമുയർത്തണം. ഏതൊരു പെൺകുട്ടിയോടും എനിക്ക് പറയാനുള്ളത് ഒന്നുമാത്രം. നിങ്ങളുടെ നിറമോ ശരീരപ്രകൃതിയോ അല്ല നിങ്ങളുടെ ഭംഗി നിർണയിക്കുന്നത്. നിങ്ങളുടെ സ്വപ്നങ്ങളുടെ വലിപ്പമാണ്. തോൽവികളിൽ തളരാതിരിക്കുക, പിൻവലിയരുത്. കഠിനാദ്ധ്വാനം ചെയ്യുക. സ്വപ്നങ്ങൾ തീർച്ചയായും സത്യമാകും""!
സ്വന്തം കഴിവുകളും കഠിനാദ്ധ്വാനവും കൊണ്ട് ഇന്ത്യൻ സുന്ദരിയായി മാറിയ കെസിയ ലോക സുന്ദരിപ്പട്ടം നേടാൻ ആശംസകൾ നേരുകയാണ് കേരളമാകെ. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഉൾപ്പെടെ നടത്തിയ സന്ദർശനങ്ങളിൽ ആവേശകരമായ സ്വീകരണമാണ് യുവജനങ്ങൾ നൽകിയത്.സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുമ്പോഴും കുടുംബത്തിന്റെ വഴികൾ തന്നെയാണ് കെസിയയുടെ മനസിലുള്ളത്. പഠനം കഴിഞ്ഞ പിതാവ് മെജോ എബ്രഹാമിന്റെ ബിസിനസായ കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുകയാണ് കെസിയയുടെ ലക്ഷ്യം.
ഫിൽടറുകളില്ലാതെ ഒരു ചിത്രം പോലും പങ്കുവയ്ക്കാൻ മടിച്ച ഭൂതകാലത്തിൽ നിന്ന്, കോടിക്കണക്കിന് പെൺകുട്ടികൾക്ക് ഫിൽടറുകളില്ലാത്ത ആത്മവിശ്വാസത്തിന്റെ പ്രകാശഗോപുരമായി മാറിയ കെസിയ വലിയ സന്ദേശം കൂടിയാണ് നൽകുന്നത്. സ്വപ്നത്തോടൊപ്പം വളർന്നതിന്റെ, പ്രതിബന്ധങ്ങളെ ഇച്ഛാശക്തി കൊണ്ട് തട്ടിമാറ്റിയതിന്റെ, രാജ്യത്തിന്റെ അഭിമാനമായതിന്റെ... ഒരു കൊച്ചു നോട്ടുബുക്കിലെ അക്ഷരത്തിൽ നിന്ന് തുടങ്ങിയ പ്രയാണം ലോകത്തിന്റെ നെറുകയിൽ ചെന്നു നിൽക്കുമ്പോൾ കാലം ഉറക്കെപ്പറയുകയാണ്, കെസിയാ... നീ എല്ലാ അർത്ഥത്തിലും സുന്ദരി ബാർബി ഡോളാണ്!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |