SignIn
Kerala Kaumudi Online
Sunday, 06 September 2026 2.50 AM IST

ശ്രദ്ധ വിജയത്തിന്റെ അടിസ്ഥാനം

sa

വിവേകപൂർവമായ ശ്രദ്ധയാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം. ഏതൊരു കർമ്മത്തിലും നാം കാണിക്കുന്ന ശ്രദ്ധയാണ് പിഴവുകൾ ഇല്ലാതാക്കി അതിനെ പൂർണമാക്കുന്നത്. ശ്രദ്ധ നമ്മളെ ശരിയായ പാതയിലൂടെ മുന്നോട്ടു നയിക്കുന്നു. നേരെമറിച്ച് അശ്രദ്ധയോടെ ചെയ്യുന്ന കർമ്മം നമ്മളെ പരാജയപ്പെടുത്തുമെന്ന് മാത്രമല്ല അപകടത്തിലും ചാടിക്കും. വള്ളത്തിൽ ഒരു ചെറിയ സുഷിരമെങ്കിലും ഉണ്ടെങ്കിൽ വള്ളക്കാരൻ ഉടൻതന്നെ ശ്രദ്ധയോടെ അതടയ്ക്കും. ഉപേക്ഷ കാട്ടിയാൽ തന്റെയും യാത്രക്കാരുടെയും ജീവൻ അപകടത്തിലാകുമെന്ന് അയാൾക്കറിയാം.

ജീവിതത്തിൽ ഓരോന്നിന്റെയും പ്രാധാന്യം നമ്മൾ വേണ്ടപോലെ മനസിലാക്കിയാൽ ഏതിലും നമ്മൾ ശ്രദ്ധയും ജാഗ്രതയും പുലർത്തും. ഒരു സംഭവമോർക്കുകയാണ്. സുഹൃത്തുക്കളായ രണ്ടദ്ധ്യാപകർ. പേന എവിടെയെങ്കിലും മറുന്നുവയ്ക്കുന്നത് അതിലൊരാളുടെ സ്ഥിരം ശീലം. അങ്ങനെയിരിക്കെ സുഹൃത്ത് അയാൾക്കൊരു ഉപദേശം നൽകി, ''നിങ്ങൾ ഇനി നല്ല വിലകൂടിയ പേന വാങ്ങിക്കണം'' അങ്ങനെ അദ്ദേഹം വിലകൂടിയ പേന വാങ്ങി. ആറു മാസം കഴിഞ്ഞു സുഹൃത്ത് ചോദിച്ചു ''താങ്കളുടെ പേന ഇപ്പോഴും നഷ്ടപ്പെടാറുണ്ടോ?' 'ഇല്ല' സുഹൃത്ത് പറഞ്ഞു, ''ആ വിലകൂടിയ പേന ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല''

പേനയുടെ മൂല്യത്തെക്കുറിച്ച് ആ അദ്ധ്യാപകൻ ബോധവാനായപ്പോൾ അദ്ദേഹത്തിന് പിന്നീട് മറന്നു വയ്ക്കാൻ കഴിഞ്ഞില്ല. ഇതുപോലെ തന്റെ ലക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാനായ ഒരു വ്യക്തിയുടെ ഓരോ ചലനത്തിലും ശ്രദ്ധ ഉണ്ടാകും. ആരോഗ്യത്തിന്റെ പ്രാധാന്യം നമ്മൾ മനസിലാക്കിയാൽ ഭക്ഷണത്തിൽ നമ്മൾ നിയന്ത്രണം കൊണ്ടു വരും. വ്യായാമകാര്യങ്ങളിൽ ശ്രദ്ധവയ്ക്കും. പണത്തിന്റെ പ്രാധാന്യം മനസിലാക്കിയാൽ ദുർവ്യയം ഒഴിവാക്കും. സമയത്തിന്റെ പ്രാധാന്യം മനസിലാക്കിയാൽ ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കും. നല്ല ബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കിയാൽ അവ നിലനിർത്താനും വളർത്താനും ശ്രമിക്കും. അങ്ങനെയായാൽ അശ്രദ്ധയെന്നത് ക്രമേണ നമ്മുടെ ജീവിതത്തിൽ നിന്നേ വിട്ടുപോകും.

ശ്രദ്ധക്കുറവും ആലസ്യവും നമ്മുടെ കഴിവുകളെ നഷ്ടമാക്കും. ഇതിനു കാരണം ജീവിതത്തിൽ വ്യക്തമായ ഒരു ലക്ഷ്യം ഇല്ലാത്തതാണ്. ജീവിതത്തിന്റെ ലക്ഷ്യം എന്താണ് എന്ന ബോദ്ധ്യമുള്ളൊരാൾ ഒരു നിമിഷം പോലും അശ്രദ്ധമായി പാഴാക്കില്ല. യുദ്ധക്കളത്തിൽ തോക്കിന്റെ മുമ്പിൽ നിൽക്കുന്ന പട്ടാളക്കാരനെപ്പോലെ, പരീക്ഷാഹാളിൽ ഇരിക്കുന്ന വിദ്യാർത്ഥിയെപ്പോലെ നിരന്തരമായ ജാഗ്രത അവർക്കുണ്ടാകും. ഒരു നിമിഷത്തെ അശ്രദ്ധ മതി, തന്റെ ജീവൻ നഷ്ടപ്പെടാം എന്ന് പട്ടാളക്കാരന് അറിയാം. ശ്രദ്ധ എന്നതിൽ വിവേകവും ഉൾപ്പെടുന്നു. ശ്രദ്ധ വന്നുകഴിഞ്ഞാൽ, പിന്നെ ഒരുവൻ നല്ലതേ ചിന്തിക്കൂ, നല്ലതേ പറയൂ, നല്ലതേ പ്രവർത്തിക്കൂ. അങ്ങനെയുള്ളവർ ജീവിതത്തിൽ വിജയം വരിക്കുമെന്ന് മാത്രമല്ല സമൂഹത്തെയും ഉദ്ധരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMRITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY