SignIn
Kerala Kaumudi Online
Wednesday, 15 July 2026 3.03 AM IST

ഓർമയോ ബീച്ച് ഫയർ സ്റ്റേഷൻ

a

ഒരു ഭാഗത്ത് ലക്ഷക്കണക്കിന് മനുഷ്യർ ഒഴുകിയെത്തുന്ന വലിയങ്ങാടിയും മിഠായിത്തെരുവും പാളയവും പോലുള്ള ജനത്തിരക്കേറിയ നഗരകേന്ദ്രങ്ങൾ. മറുഭാഗത്ത് കോഴിക്കോടിന്റെ ചരിത്രവും പാരമ്പര്യവും പേറുന്ന, ഏതുനിമിഷവും ഒരു ചെറിയ തീപ്പൊരിയിൽപ്പോലും ആളിപ്പടർന്നേക്കാവുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ. ഈ നഗരഹൃദയത്തിന് പെട്ടെന്നൊരു ആപത്തുണ്ടായാൽ ഒരു വിളിപ്പാടകലെ ഓടിയെത്തിയിരുന്ന കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ ഇനി അവിടെയില്ല. ഭരണകൂടത്തിന്റെ കടുത്ത അവഗണനയോടും അനാസ്ഥയോടും പോരാടി ഒടുവിൽ നഗരപരിധിക്കുള്ളിലെ ഈ സുപ്രധാന അഗ്നിരക്ഷാ നിലയം പൂർണ്ണമായും അടച്ചുപൂട്ടി മീഞ്ചന്തയിലേക്ക് മാറ്റിയിരിക്കുന്നു.
നഗരമധ്യത്തിൽ ഒരു ദുരന്തമുണ്ടായാൽ, ഗതാഗതക്കുരുക്കുകൾ താണ്ടി മീഞ്ചന്തയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുമ്പോഴേക്കും നഗരം കത്തിയമർന്നിരിക്കില്ലേ എന്ന കോഴിക്കോട്ടുകാരുടെ ആശങ്ക തികച്ചും ന്യായമാണ്.


തകർന്നുവീണത് സുരക്ഷാ പ്രതീക്ഷകൾ
മൂന്നുവർഷം മുമ്പാണ് പുതിയ കെട്ടിടം നിർമ്മിക്കുമെന്ന ഉറപ്പിൽ പഴയ ബീച്ച് ഫയർ സ്റ്റേഷൻ പൊളിച്ചുനീക്കിയത്. എന്നാൽ പുതിയ നിർമ്മാണം ആരംഭിക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളൊന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. താൽക്കാലികമായി ക്വാർട്ടേഴ്സ് പരിസരത്ത് ദുരിതമനുഭവിച്ചാണ് 26 ജീവനക്കാരും അനുബന്ധ സംവിധാനങ്ങളും പ്രവർത്തിച്ചിരുന്നത്. ഒടുവിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി ഈ സ്റ്റേഷൻ തന്നെ ഇല്ലാതാക്കി.
നേരത്തെ ബീച്ച് സ്റ്റേഷനിലുണ്ടായിരുന്ന എട്ട് യൂണിറ്റുകളിലെ അഗ്നിരക്ഷാ സേനാംഗങ്ങളെ ഇപ്പോൾ കൊയിലാണ്ടി, മുക്കം, നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിലേക്ക് പുനർവിന്യസിച്ചിരിക്കുകയാണ്. ഫയർ എൻജിനുകൾ വെള്ളിമാടുകുന്നിലേക്കും മീഞ്ചന്തയിലേക്കും മാറ്റി. അതായത്, നഗരമധ്യത്തിൽ ഒരു തീപിടുത്തമുണ്ടായാൽ കിലോമീറ്ററുകൾ അകലെ നിന്ന് വണ്ടികൾ ഓടിയെത്തേണ്ട സ്ഥിതിയാണിന്നുള്ളത്.


വാഗ്ദാനങ്ങൾ ഫയലിലൊതുങ്ങുമ്പോൾ
പുതിയ കെട്ടിടത്തിനായി തയ്യാറാക്കിയ 21 കോടി രൂപയുടെ പദ്ധതിക്ക് ഇപ്പോൾ മൂന്നുവർഷത്തെ പഴക്കമുണ്ട്. നഗരത്തിനുള്ളിൽ പുതിയ സ്ഥലം കണ്ടെത്താമെന്ന കോഴിക്കോട് കോർപ്പറേഷന്റെ വാഗ്ദാനം വെറും ജലരേഖയായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. മാനാഞ്ചിറയിൽ അഗ്നിരക്ഷാ കേന്ദ്രം സ്ഥാപിക്കണമെന്ന ജനകീയ ആവശ്യത്തിന് സ്ഥലമില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് അധികൃതർ ചുവപ്പുനാടയിട്ടു. ഇതിനൊരു താൽക്കാലിക പരിഹാരമെന്നോണം പാളയം ബസ് സ്റ്റാൻഡിന് സമീപം ഒരു 'സാറ്റലൈറ്റ് ഫയർ സ്റ്റേഷൻ' സ്ഥാപിക്കാനുള്ള കോർപ്പറേഷന്റെ തീരുമാനവും ഒടുവിൽ വെറും ഫയലുകളിൽ മാത്രമായി ഒതുങ്ങിപ്പോയി. ഇതിൽ മാവൂർ ഉൾപ്പെടെ പുതിയ ഫയർ സ്റ്റേഷനുകൾ ആരംഭിക്കുന്നതിനും തസ്‌തികകൾ സൃഷ്ടിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

കോഴിക്കോട് കാത്തിരിക്കുന്നത് വലിയ ദുരന്തങ്ങളെയോ?
മിഠായിത്തെരുവും വലിയങ്ങാടിയും പാളയവും മുൻപും വലിയ തീപിടുത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ്. ഇടുങ്ങിയ തെരുവുകളും വായുസഞ്ചാരമില്ലാത്ത നൂറുകണക്കിന് പഴയ കെട്ടിടങ്ങളും ആവശ്യത്തിന് അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാത്ത വ്യാപാര സമുച്ചയങ്ങളുമാണ് ഇവിടെയുള്ളത്. മീഞ്ചന്തയിൽ നിന്നോ വെള്ളിമാടുകുന്നിൽ നിന്നോ പുറപ്പെടുന്ന ഒരു ഫയർ എൻജിന് നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്ക് മറികടന്ന് വലിയങ്ങാടിയിലോ എസ്.എം സ്ട്രീറ്റിലോ എത്തണമെങ്കിൽ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും എടുക്കും. ഒരു അഗ്നിബാധയുണ്ടായാൽ ആദ്യത്തെ ഏതാനും മിനിറ്റുകൾ വളരെ നിർണ്ണായകമാണ്. ആ സമയത്ത് രക്ഷാപ്രവർത്തനം വൈകിയാൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും.
ഭരണകൂടത്തിന്റെ അനാസ്ഥ കാരണം ഇല്ലാതായത് ഒരു ഫയർ സ്റ്റേഷൻ മാത്രമല്ല, ഒരു നഗരത്തിന്റെ സുരക്ഷാ കവചമാണ്. അപകടം സംഭവിച്ചതിന് ശേഷം കണ്ണീരൊഴുക്കുന്നതിലും നല്ലത് അത് വരാതെ സൂക്ഷിക്കുന്നതാണ്. കോഴിക്കോട് നഗരഹൃദയത്തിൽ തന്നെ അടിയന്തരമായി ഒരു അത്യാധുനിക ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കാൻ നഗരസഭയും ജില്ലാ ഭരണകൂടവും സർക്കാരും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടേണ്ടതുണ്ട്. ഇല്ലെങ്കിൽ, നാളെ നഗരത്തിനുണ്ടാകുന്ന വലിയൊരു വിപത്തിന് മറുപടി പറയേണ്ടി വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY