പരമ്പരാഗതമായ ശൈലിയിലെ അമ്പലമല്ല, ഇവിടെ പ്രതിഷ്‌ഠയില്ല, ഉള്ളത് അതിമനോഹരമായ വെള്ളച്ചാട്ടം മാത്രം. പരാശക്തിയെ ആരാധിക്കുന്ന ഈ ക്ഷേത്രം നിലകൊള്ളുന്നത് ശബരിമല അയ്യപ്പന്റെ പൂങ്കാവനത്തിലേക്ക് ഭക്തർ പ്രവേശിക്കുന്ന എരുമേലിയിലാണ്. ഇവിടെ അഞ്ചുകുഴി എന്ന സ്ഥലത്ത് ചേനപ്പാടി ദേവസ്വത്തിന് കീഴിലാണ് ഈ ക്ഷേത്രമുള്ളത്. നാല് കാവുകളിൽ നിന്നുള്ള തീർത്ഥജലം ഒഴുകിയെത്തുന്ന ജലധാര ക്ഷേത്രമിരിക്കുന്നതിന് സമീപത്തെ അഞ്ച് കുഴികളിലേക്ക് എത്തുന്നു ഇവിടെ ഈ കുഴികളെയാണ് ആരാധിക്കുന്നത്.
പഞ്ചപാണ്ഡവരുടെ അജ്ഞാതവാസകാലവുമായി ക്ഷേത്രത്തിന് ബന്ധമുണ്ട്. പാണ്ഡവർക്ക് സേവിക്കാനാണ് ഈ അഞ്ച് അരുവികളും നിർമ്മിച്ചതെന്നാണ് കഥ. എരുമേലിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ചെറുവള്ളി എസ്റ്റേറ്റിന് സമീപമാണ് അഞ്ചുകുഴി പരാശക്തി ദേവസ്ഥാനം. ഇവിടെ മുകളിൽ അയ്യപ്പൻറെ നടയുണ്ട്. ശിവനും ശനിദേവനും ഇവിടെ ഉപദേവതമാരായുണ്ട്.
വെള്ളിയാഴ്‌ച ദിവസമാണ് ഭക്തർ എത്താറുള്ളത്. എന്നും രാവിലെയും വൈകിട്ടുമാണ് പൂജ. നാരങ്ങാവിളക്ക്, നെയ്‌വിളക്ക്, നീരാഞ്‌ജനം ഇവ നടത്തുന്നു. ശിവപ്രഭാകര സിദ്ധയോഗിയുടെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രം ഇന്നുകാണുന്ന തരത്തിൽ നിർമ്മിച്ചത്. എപ്പോഴും നിറയെ വെള്ളമുള്ള ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഏറെ ആശ്വാസം ലഭിക്കുന്നുണ്ട്. ക്ഷേത്രത്തിന് സമീപം വരെ വാഹനത്തിൽ എത്തിച്ചേരാനാകും. ശബരിമല പരമ്പരാഗത കാനനപാത വഴി പോകുന്ന അയ്യപ്പന്മാരടക്കം ഈ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്. 2018ലെ പ്രളയകാലത്ത് പോലും ഇവിടെ നാശനഷ്‌ടമൊന്നും ഉണ്ടായില്ല എന്നത് ഭക്തർ ഓർക്കുന്നുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |