ഗുരുവായൂർ: തിരുവോണത്തോട് അനുബന്ധിച്ചുള്ള വിശേഷാൽ ചടങ്ങുകൾക്ക് ഒരുങ്ങി ഗുരുവായൂർ ക്ഷേത്രം. ഉത്രാടം കാഴ്ച്ചക്കുല സമർപ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ച ശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.
തിരുവോണ നാളായ 26ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിശേഷാൽ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും, അന്ന് പുലർച്ചെ നാലരയ്ക്കാണ് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമർപ്പിക്കാം. തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. ഉച്ചയ്ക്ക് 2ന് ക്യൂ അവസാനിപ്പിക്കും. 2 മണി മുതൽ ബുഫെ തുടങ്ങും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.
ഉത്രാട ദിനത്തിൽ രാവിലെ ശീവേലിക്ക് ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടിമര ചുവട്ടിലാണ് ചടങ്ങ്. ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും കാഴ്ചക്കുല സമർപ്പിക്കും. കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല . ഭക്തർക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേനട തിടപ്പള്ളി വാതിൽ സമീപത്ത് കൂടി (കൂവളത്തിന് സമീപം) വരിനിൽക്കാനും ഇരിക്കാനും സൗകര്യം ഒരുക്കും.
ഓണനാളുകളിൽ ഗുരുവായൂരപ്പ ദർശനത്തിന് എത്തുന്ന ഭക്തർക്കെല്ലാം ദർശനം ഒരുക്കും. പൊതുവരി നിൽക്കുന്നവർക്കാണ് ദർശനത്തിന് മുൻഗണന, പൊതു അവധി ദിനങ്ങളായ ആഗസ്റ്റ് 25 മുതൽ ആഗസ്റ്റ് 28 വരെ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 2 മണിവരെ സ്പെഷ്യൽ ദർശനം നിയന്ത്രിക്കും. ദർശന സമയം ഒരു മണിക്കൂർ കൂട്ടിയിട്ടുണ്ട്. ക്ഷേത്രംനട ഉച്ചയ്ക്ക് 3.30ന് തുറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |