
ജാതിഭേദങ്ങൾക്കോ ഹൈന്ദവ- ക്രൈസ്തവ - ഇസ്ലാം മതഭേദങ്ങൾക്കോ, വലിയവനെന്നോ ചെറിയവനെന്നോ വർണ - വർഗ - ജാതി ഭേദമന്യേ എല്ലാ മനുഷ്യരും ഒരേയൊരു പരംപൊരുളിന്റെ ഭാഗമാണെന്ന സത്യം ഉൾക്കൊണ്ട് ദേശപരിധിയില്ലാതെ എല്ലാവർക്കുമായി തുറക്കപ്പെട്ടതാണ് കാട്ടിൽ അമ്മയുടെ തിരുസന്നിധി. ക്ഷേത്രോല്പത്തി മുതൽ നാനാ ജാതി മതസ്ഥർക്കും ആരാധനയ്ക്കായി തുറന്നുനൽകിയിരിക്കുന്നതാണ് കാട്ടിലമ്മ വാഴുന്ന ദിവ്യക്ഷേത്രം.
ബി.സി 2000 - 1500 കാലഘട്ടത്തിൽ മദ്ധ്യേഷ്യയിൽ നിന്ന് ഭാരതത്തിലേക്ക് കുടിയേറിയ ആര്യന്മാർ പന്മനയുടെ വിവിധ ഭാഗങ്ങളിൽ എത്തിയതിന് ശേഷം അതിൽ അഞ്ച് ബ്രാഹ്മണ കുടുംബങ്ങൾ പൊന്മനയിൽ മനകൾ സ്ഥാപിച്ച് കുടിയേറി. കാലക്രമേണ പൊന്മന അവരുടെ അധീനതയിലായി. അനേകം വർഷങ്ങൾക്ക് ശേഷം അവരുടെ പലായനത്തോടെ ഈഴവരാദി പിന്നാക്ക വിഭാഗക്കാരും മറ്റ് മതസ്ഥരും പൊന്മനയിലേക്ക് കുടിയേറി. അങ്ങനെ ഹിന്ദു - ക്രിസ്ത്യൻ - ഇസ്ലാം മതവിശ്വാസികൾ പരസ്പരം സഹകരിച്ച് ജീവിച്ചിരുന്ന സാമൂഹിക വ്യവസ്ഥിതി അക്കാലത്ത് പൊന്മനയിൽ രൂപപ്പെട്ടു. അക്കാലത്ത് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നപ്പോഴും കാട്ടിലമ്മയുടെ തിരുനട എല്ലാവർക്കുമായി തുറക്കപ്പെട്ടിരുന്നു.
പഴയകാല പൊന്മനയിലെ പ്രശസ്ത മുസ്ലിം കുടുംബമായിരുന്ന കോയിക്കൽ കുടുംബത്തിൽ വന്നുഭവിച്ച ദുരിത - ദുഃഖങ്ങളിൽ നിന്ന് കരകയറാനായി അവർ കാട്ടിലമ്മയെ മനമുരുകി പ്രാർത്ഥിച്ചതായും കരുണാമയിയായ കാട്ടിലമ്മ ആ കുടുംബത്തെ ദുരിതത്തിൽ നിന്ന് കരകയറ്റി സമാധാനപൂർണമായ ജീവിതത്തിലേക്ക് നയിച്ചതായും പിന്നീട് ആ കുടുംബം ദേവിയുടെ പരമ ഭക്തരായി മാറിയെന്നുമാണ് ഐതിഹ്യം. കാട്ടിൽ മേക്കതിൽ ക്ഷേത്ര പരിസരത്ത് നിന്ന് കടലിൽ പോയ ഒരാളും നാളിതുവരെ ആപത്തിൽപ്പെട്ടിട്ടുള്ളതായും പറഞ്ഞുകേട്ടിട്ടില്ല. മാർത്താണ്ഡവർമ്മ മഹാരാജാവും പിൻഗാമികളും ആരാധനയ്ക്കായി ഇവിടെ എത്തിയിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ പാദസ്പർശത്താൽ പവിത്രമായി തീർന്ന സ്ഥലമാണ് പൊന്മന. ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനായി ദിനം പ്രതി ആയിരങ്ങളെത്തി ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ പേരാലിൽ മണി കെട്ടി തൊഴുന്ന 'മണികെട്ടമ്പലമായി കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഹരിത സുന്ദര ഗ്രാമമായ പൊന്മനയിൽ പ്രോജ്ജ്വലിച്ച് നിൽക്കുന്നു.
(അമ്പലത്തിൽ എത്തിച്ചേരാനുള്ള
ലൊക്കേഷന് ക്യു ആർ കോഡ്
സ്കാൻ ചെയ്യുക)
ഗുരുവചനം അന്വർത്ഥമാക്കി കീർത്തിയിലേയ്ക്ക്
കൊല്ലവർഷം 1073 ലെ ഒരു വസന്തകാല പൗർണമി നാളിൽ ശ്രീനാരായണ ഗുരുദേവൻ ക്ഷേത്രത്തിലെത്തി. അസ്തമയ സൂര്യന്റെ അഭൗമ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഗുരു ധ്യാനത്തിലിരുന്ന് ദേവീചൈതന്യം അനുഭവിച്ചറിഞ്ഞു. ഇവിടം കീർത്തികേട്ട ക്ഷേത്രമായി മാറുമെന്ന് അരുൾ ചെയ്താണ് മടങ്ങിയത്.
ഗുരുവചനം അന്വർത്ഥമാക്കി ക്ഷേത്രത്തിന്റെ പ്രശസ്തി ഇന്ന് സംസ്ഥാനത്തിന്റെ അതിരും കടന്ന് വ്യാപിക്കുമ്പോഴും 'നീ സത്യം ജ്ഞാനം ആനന്ദം" എന്ന ഗുരുവരുളിനെ അർത്ഥവത്താക്കി യഥാർത്ഥ മത സാഹോദര്യത്തിന്റെയും മതാതീയ ആത്മീയതയുടെയും പ്രതീകമായി കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രവും കടലോരവാസിനിയായ ദേവിയും പരിപൂർണ ചൈതന്യത്തോടെ ഭക്തകോടികളെ അഭയം നൽകി അനുഗ്രഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |