SignIn
Kerala Kaumudi Online
Sunday, 20 September 2026 7.58 PM IST

ജയിലിന്  മുന്നിൽ നിന്ന് വിലങ്ങൂരി പ്രതി മുങ്ങി, ഒളിച്ചിരുന്നത് ക്ഷേത്രവളപ്പിൽ; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്

READ ENGLISH VERSION
tajuddin

തിരുവനന്തപുരം: ജയിലിന് മുന്നിൽ വച്ച് പ്രതി വിലങ്ങൂരി രക്ഷപ്പെട്ടു. പൊലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്ക് ശേഷം സമീപത്തെ ക്ഷേത്രവളപ്പിൽ നിന്ന് പിടികൂടി. വിഴിഞ്ഞം ടൗൺഷിപ്പിലെ ആളില്ലാത്ത വീട്ടിൽ നിന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത് റംസാൻകുളം വീട്ടുവിളാകം സ്വദേശി താജുദ്ദീൻ (24) ആണ് ജയിലിന് മുന്നിൽ നിന്ന് ശനിയാഴ്ച രാത്രി 8.15ന് രക്ഷപ്പെട്ടത്.

താജുദ്ദീനൊപ്പം മോഷണം നടത്തിയ അനുജൻ നജുമുദ്ദീൻ, സുഹൃത്ത് ഹാഷിം എന്നിവർ നെയ്യാറ്റിൻകര ജയിലിൽ റിമാൻഡിലാണ്. കേസിലെ മൂന്നാം പ്രതിയായ താജുദ്ദീനെ കഴിഞ്ഞ ദിവസം രാത്രിയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസിൽ പ്രതിയായ വെെശാഖിനെയും മോഷണക്കേസിൽ പ്രതിയായ താജുദ്ദീനെയും ഒരുമിച്ചായിരുന്നു വിലങ്ങിട്ടിരുന്നത്.

വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനി നിഷ (24) എന്ന യുവതിയെയും ഇവർക്കൊപ്പം റിമാൻഡ് ചെയ്യുന്നതിനായി എത്തിച്ചിരുന്നു. ജീപ്പിലാണ് ഇവരെ റിമാൻഡിനായി കൊണ്ടുപോയത്. മൂന്നുപ്രതികളെയും മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ച് റിമാൻഡ് നടപടികൾ പൂർത്തീകരിച്ച ശേഷം ജീപ്പിൽ കയറ്റി എസ്ഐയും സംഘവും പ്രതികളുമായി നെയ്യാറ്റിൻകര സബ് ജയിലിന്റെ മുന്നിലെത്തി. തുടർന്ന് പ്രതികളെ പുറത്തിറക്കി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പോക്സോ കേസിലെ പ്രതിയായ വെെശാഖിന്റെ കെെയിൽ പിടിച്ചശേഷം താജുദ്ദീൻ വിലങ്ങ് ഊരിയെടുത്ത് ജയിലിന് മുന്നിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

പ്രതി ഓടിരക്ഷപ്പെടുന്നത് കണ്ട പൊലീസ് സംഘം പുറകെ ഓടിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് നെയ്യാറ്റിൻകര പൊലീസിനെയും വിഴിഞ്ഞം എസ്എച്ചഒ ആർ പ്രകാശിനെയും വിവരം അറിയിച്ചു. വിഴിഞ്ഞം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും വരുത്തി സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തി. ഇതിനിടെയാണ് പുലർച്ചെ ഒന്നരയോടെ ജയിലിന് സമീപത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വീരചക്രം മഹാവിഷ്ണു ക്ഷേത്രവളപ്പിൽ നിന്ന് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, JAIL, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY