
തൊടുപുഴ: കഞ്ചാവ് കേസിൽ പാർട്ടി പ്രദേശികനേതാവായ തട്ടുകട ഉടമ പിടിയിലായതോടെ വെട്ടിലായി തൊടുപുഴയിലെ സി.പി.എം നേതൃത്വം. രാത്രി പന്ത്രണ്ടിന് ശേഷം നഗരത്തിൽ തട്ടുകടകൾക്കും ഭക്ഷണശാലകൾക്കും പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ ചായകുടിച്ച് പ്രതിഷേധിച്ചവർ ഇപ്പോൾ പാർട്ടി നേതാവ് പ്രതിസ്ഥാനത്തായതിന്റെ ഞെട്ടലിലാണ്. കണ്ണോത്തുകുഴിയിൽ സിജോ ജോർജ്ജാണ് (സിജോപ്പി- 47) ഒരു കിലോയിലേറെ കഞ്ചാവുമായി പിടിയിലായത്. സി.പി.എം മുതലക്കോടം ലോക്കൽ കമ്മിറ്റിയംഗവും സി.ഐ.ടി.യു തൊടുപുഴ കോർഡിനേഷൻ കമ്മിറ്റി അംഗവുമാണ് പിടിയിലായ സിജോയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം പാർട്ടി നിഷേധിക്കുന്നുണ്ട്. പെരുമ്പിള്ളിച്ചിറയ്ക്ക് സമീപം മഠത്തിക്കണ്ടത്തുള്ള വീട്ടിൽ നിന്നാണ് തൊടുപുഴ പൊലീസ് ഇയാളെ പിടികൂടിയത്. തൊടുപുഴ റസ്റ്റ്ഹൗസിന് സമീപത്തായി തട്ടുകട നടത്തുന്ന ഇയാൾ കഴിഞ്ഞ ഒരു മാസക്കാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ മാസം 21 മുതലാണ് നഗരത്തിൽ അർദ്ധരാത്രിക്ക് ശേഷം തട്ടുകടകളും ഭക്ഷണസാധനങ്ങളും പ്രവർത്തിക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കർശന തീരുമാനമെടുത്തത്. രാത്രികാലങ്ങളിൽ ചില കടകൾ കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ റിപ്പോർട്ടിന്മേലായിരുന്നു പൊലീസ് നടപടി. എന്നാൽ നിയന്ത്രണം പ്രാബല്യത്തിൽ വന്ന ദിവസം അനുവദനീയമായ സമയത്തിന് ശേഷവും കട അടപ്പിക്കാതെ സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മങ്ങാട്ടുകവലയിൽ ചായകുടിച്ച് പ്രതിഷേധിച്ചത് പൊലീസുമായി തർക്കത്തിന് ഇടയാക്കിയിരുന്നു. രാത്രികാല നിയന്ത്രണം ഏകപക്ഷീയമാണെന്നും വ്യാപാരികളോട് കൂടിയാലോചന നടത്തിയില്ലെന്നും ആരോപിച്ചാണ് ഇവർ അന്ന് രംഗത്തെത്തിയത്. നിയന്ത്രണം തുടർന്നാൽ രാത്രികാലങ്ങളിൽ ചായക്കട തുടങ്ങി പ്രതിരോധം തീർക്കുമെന്നും പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ നേതാക്കൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ള സംഘടനകളും ഭൂരിപക്ഷം നഗരവാസികളും പൊലീസ് നടപ്പാക്കുന്ന തീരുമാനത്തിനൊപ്പം ഉറച്ച് നിന്നതോടെ പ്രതിഷേധക്കാർ പിൻവലിയുകയായിരുന്നു.
തുടരെ കേസുകൾ
അടുത്തിടെയായി തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി നടക്കുന്ന ലഹരി ഇടപാടുകളടക്കമുള്ള കേസുകളിൽ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ പിടിയിലാകുന്നത് സി.പി.എം നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ മൂന്ന് നേതാക്കളാണ് പൊലീസ് പിടിയലാകുന്നത്. ഇന്നലത്തെ കഞ്ചാവ് കേസിന് പുറമേ കഴിഞ്ഞ തിങ്കളാഴ്ച മുട്ടത്ത് പണം വച്ച് ചീട്ട് കളിച്ചതിന് തൊടുപുഴ ഏരിയ കമ്മിറ്റിയംഗം ആൽബിൻ ജോസ് വടശ്ശേരി പിടിയിലായിരുന്നു. രണ്ടു മാസം മുമ്പാണ് ലഹരിക്കെതിരെ റാലി നയിച്ച തെക്കുംഭാഗം സ്വദേശി ടി.എസ്. ഷിയാസ് (ഷിയാമണി) എം.ഡി.എം.എയുമായി പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |