SignIn
Kerala Kaumudi Online
Thursday, 22 October 2026 2.41 AM IST

കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; പ്രതികൾ പിടിയിൽ

mukesh

കടയ്ക്കാവൂർ: കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഗുണ്ട കീഴാറ്റിങ്ങൽ സ്വദേശി കടകംപള്ളി ബിജുവിനെയാണ് ചൊവ്വാഴ്ച രാവിലെ 9ഓടെ മണമ്പൂർ തൊപ്പിച്ചന്ത പാലാംകോണത്ത് കാടുപിടിച്ച പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പാലാംകോണം സ്വദേശി മുകേഷ് (33) പൊലീസിൽ കീഴടങ്ങി. കൂട്ടുപ്രതികളായ പെരുംകുളം കല്ലറത്തോട്ടം ചരുവിളവീട്ടിൽ മൊട്ട പ്രദീപ് (45),​വാമനപുരം സ്വദേശി ശൈലേഷ് (42) എന്നിവരെ പൊലീസ് പിടികൂടി. ബിജുവിന്റെ തലയ്ക്ക് പിന്നിൽ വെട്ടിയത് താനാണെന്ന് മുഖ്യപ്രതി മുകേഷ് മൊഴി നൽകി. മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികളുടെ മൊഴി. ബിജുകുമാർ അസഭ്യം പറഞ്ഞതാണ് ആക്രമിക്കാൻ പ്രകോപനമായത്. മൃതദേഹം കണ്ടെത്തിയ വയലിന് സമീപമുള്ള വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. മൃതദേഹം വയലിൽ കൊണ്ട് തള്ളുകയായിരുന്നു. കസ്റ്റഡിയിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

കാടുപിടിച്ച പുരയിടത്തിന് സമീപത്തെ വയലിൽ പണിക്കെത്തിയവരാണ് മൃതദേഹം ആദ്യമായി കണ്ടത്. തലയ്ക്ക് ആഴത്തിലുള്ള വെട്ടും ശരീരത്തിന്റെ പലഭാഗത്തും കത്തികൊണ്ട് കുത്തിയ മുറുവുകളുമുണ്ടായിരുന്നു. കൊലപാതകം ഉൾപ്പെടെ പത്തൊമ്പതോളം കേസുകളിലെ പ്രതിയാണ് മരിച്ച ബിജു. കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2023ൽ ആലംകോട് മണ്ണൂർഭാഗം കാട്ടിൽവീട്ടിൽ സുജിയെ മദ്യപാനത്തിനിടെ വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്തിയ കേസിൽ ബിജു ജയിലിൽ നിന്ന് അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞദിവസം ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരം റൂറൽ എസ്.പി പ്രശാന്തൻ കാണി സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥലത്ത് ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. കടയ്ക്കാവൂർ സി.ഐ പ്രൈജുവിനാണ് അന്വേഷണച്ചുമതല.

ഫോട്ടോ: പ്രതികളായ മുകേഷ്,മൊട്ട പ്രദീപ്,ശൈലേഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY