തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമർദനം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. സുഹൃത്തുക്കളായ നാലംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്. ജിത്തു, റംസി, ചിപ്പൂട്ടി, ഇവരുടെ മറ്റൊരു സുഹൃത്ത് എന്നിവർ ചേർന്നായിരുന്നു തന്നെ ആക്രമിച്ചതെന്ന് യുവാവ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ആക്രമണത്തിനിടെ യുവാവിന്റെ മീശയുടെയും മുടിയുടെയും ഒരു ഭാഗം വടിച്ചുമാറ്റിയതായും പരാതിയിലുണ്ട്. പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് വിസമ്മതിച്ചതാണ് ആക്രമണത്തിന് പിന്നിലെന്ന് യുവാവ് പൊലീസിൽ മൊഴി നൽകി. തിങ്കളാഴ്ച വൈകിട്ട് സുഹൃത്ത് സ്‌കൂട്ടറിൽ കയറ്റി മറ്റൊരു സുഹൃത്തിന്റെ ഒഴിഞ്ഞ വീട്ടിലെത്തിച്ച ശേഷമായിരുന്നു മർദനം.
കസേരയിൽ ഇരുത്തി കൈകാലുകൾ കെട്ടിയിട്ട ശേഷം വസ്ത്രങ്ങൾ മാറ്റി കമ്പും കമ്പിവടിയും ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്നാണ് യുവാവിന്റെ മൊഴി. രാത്രി പത്തുമണിയോടെ അക്രമികൾ സ്ഥലം വിട്ടതിനെത്തുടർന്ന് പുലർച്ചെ അഞ്ചുമണിയോടെ കെട്ടഴിച്ച് രക്ഷപ്പെട്ട് യുവാവ് സ്വന്തം വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു.
ശരീരമാസകലം പാടുകൾ കണ്ട് ആശങ്കയിലായ കുടുംബാംഗങ്ങൾ ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് നെയ്യാറ്റിൻകര പൊലീസ് വ്യക്തമാക്കി.
A differently-abled youth in Neyyattinkara, Thiruvananthapuram, was brutally assaulted by four friends. The victim alleged the attack stemmed from his refusal of unnatural sexual acts. He was tied, beaten, and partially shaved. After escaping and hospitalization, police launched an investigation. Assailants reportedly have criminal backgrounds.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |