
കൊച്ചി:വിവാദമായ കൊടകര കുഴൽപ്പണക്കേസ് വിചാരണ ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ നിന്ന്, കള്ളപ്പണനിരോധനനിയമം(പി.എം.എൽ.എ) കൈകാര്യം ചെയ്യുന്ന എറണാകുളം കലൂരിലെ പ്രത്യേകകോടതിക്ക് കൈമാറി. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പി.എം.എൽ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിനൊപ്പം ക്രൈംബ്രാഞ്ച് കേസും വിചാരണ ചെയ്യണമെന്ന ഇ.ഡിയുടെ അപേക്ഷയാണ് ഇരിങ്ങാലക്കുട കോടതി അംഗീകരിച്ചത്. പ്രതികൾ നവംബർ 19നകം പി.എം.എൽ.എ കോടതിയിൽ ഹാജരാകാനും ഇരിങ്ങാലക്കുടകോടതി നിർദ്ദേശിച്ചു.
2021ലെ നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന 5.56 കോടി രൂപ കൊടകരയിൽ കാറിൽ നിന്ന് കൊള്ളയടിച്ചത് ക്രൈംബ്രാഞ്ചും ഇ.ഡിയും അന്വേഷിച്ചിരുന്നു. രണ്ട് കുറ്റപത്രങ്ങളിലും ഒരേ ജഡ്‌ജി വിചാരണ നടത്താനായി ക്രൈംബ്രാഞ്ചിന്റെ കേസ് കൊച്ചിയിലേക്ക് മാറ്റണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. ഇതിനെ എതിർത്ത് കഴിഞ്ഞ ഡിസംബർ അഞ്ചിന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ.രാജു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. രണ്ട് കോടതികളിലെ വിചാരണ ഇരട്ടി ജോലിയാണെന്നായിരുന്നു ഇ.ഡിയുടെ നിലപാട്. പ്രാമുഖ്യമുള്ള പി.എം.എൽ.എ കോടതിയിലേക്ക് ക്രൈംബ്രാഞ്ച് കേസും മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇ.ഡിക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.സന്തോഷ് ഹാജരായി.
കോടതി മാറ്റിയതോടെ രണ്ട് കുറ്റപത്രങ്ങളിലും ഒരേ ജഡ്‌ജി വിചാരണ നടത്തും. രണ്ട് കേസുകളിലും 23 പ്രതികളും ഒന്നാണ്. ക്രൈംബ്രാഞ്ച് കേസിൽ ആദ്യവും ഇ.ഡി കേസിൽ രണ്ടാമതും വിധി പറയും.
ഒരേ ജഡ്‌ജി രണ്ട് കേസുകളും വിചാരണ ചെയ്യുന്നത് കുറ്റകൃത്യം വ്യക്തമായി പഠിക്കാനും രണ്ട് കോടതികളുടെ വിധികളിലെ വൈരുദ്ധ്യം ഒഴിവാക്കാനും സഹായിക്കുമെന്നാണ് ഇ.ഡിയുടെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |