
തിരുവനന്തപുരം:രണ്ടരക്കോടി രൂപയുടെ വായ്പാതട്ടിപ്പ് കേസിൽ മുൻ ബാങ്ക് മാനേജർക്കും വ്യവസായികൾക്കും കഠിനതടവും വൻതുക പിഴയും ശിക്ഷ. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് വിധി.
സ്റ്റേറ്റ് ബാങ്ക് ഒഫ് തിരുവിതാംകൂർ (എസ്.ബി.ടി) കോട്ടയം മെയിൻ ബ്രാഞ്ച് മുൻ മാനേജർ മുരളീധരൻ നമ്പൂതിരി, ചങ്ങനാശ്ശേരി സ്വദേശികളായ വ്യവസായികൾ തെക്കേക്കര ജോസ്, ബിജു ജോസ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. മുരളീധരൻ നമ്പൂതിരിക്ക് 10 വർഷം കഠിനതടവും ആറ് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പ്രതികളായ തെക്കേക്കര ജോസ്, ബിജു ജോസ് എന്നിവർക്ക് ഏഴ് വർഷം വീതം കഠിനതടവും 11 ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. ഇവരുടെ ഉടമസ്ഥതയിലുള്ള 'കോറമണ്ഡൽ ഫൂട്ട് വെയർ' എന്ന സ്ഥാപനത്തിന് 14 ലക്ഷം രൂപ പിഴയുമുണ്ട്.
പിഴതുകയിൽനിന്ന് രണ്ട് ലക്ഷം രൂപ സർക്കാരിലേക്കും 40 ലക്ഷം രൂപ എസ്.ബി.ഐയിലേക്കും നൽകണം. ഇതിനായി എറണാകുളം സോൺ മാനേജറെ ചുമതലപ്പെടുത്തി. സി.ബി.ഐ ജഡ്ജി അനസ്.ജെ.എസ്. വരിയേക്കോടനാണ് വിധി പ്രസ്താവിച്ചത്. സി.ബി.ഐക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. ഷാ ദാസ് ഹാജരായി.
'കോറമണ്ഡൽ ഫുട്ട് വെയർ', 'ജെ.ജെ. എക്സ്പോർട്ടേഴ്സ്' എന്നീ സ്ഥാപനങ്ങളുടെ പേരിൽ രണ്ടരക്കോടി രൂപയുടെ വായ്പ അനുവദിച്ചായിരുന്നു തട്ടിപ്പ്. തമിഴ്നാട്ടിലെ അംബാസമുദ്രത്തിലെ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി വിപണിമൂല്യത്തേക്കാൾ ഉയർന്ന തുക കാണിച്ചു. മറ്റ് രണ്ട് പ്രതികളായ കോട്ടയം സ്വദേശി ചാർട്ടഡ് അക്കൗണ്ടന്റ് തോമസ് ചെറിയാൻ,എസ്.ബി.ടി ഏരിയമാനേജർ മുരളീധരൻനായർ എന്നിവർ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |