SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

വൃദ്ധയെ കുത്തി കൊന്ന പ്രതിക്ക് 37വർഷം തടവും 1.1 ലക്ഷം രൂപ പിഴയും

mani

തൊടുപുഴ: കട്ടപ്പന കുന്തളംപാറയിൽ വൃദ്ധയെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയകേസിലെ പ്രതിക്ക് 37വർഷം തടവും 1.1 ലക്ഷം രൂപ പിഴയും ശിക്ഷ. കുന്തളംപാറ വീരഭവനം വീട്ടിൽ എസ്. മണിയെയാണ് (47) തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം വീതം അധിക തടവും അനുഭവിക്കണം. 2020 ജൂൺ രണ്ടിന് അയൽവാസിയായ കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെയാണ് (65) പ്രതി കൊലപ്പെടുത്തിയത്. ബലാത്സംഗശ്രമം എതിർത്ത അമ്മിണിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. കാണാതായ അമ്മിണിക്കായി അന്വേഷണം നടക്കവേ ജൂലായ് 14ന് കട്ടപ്പന എസ്‌.ഐയായിരുന്ന സന്തോഷ് സജീവും സംഘവും അമ്മിണിയുടെ വീടിന് സമീപത്ത് ഒരു മൺകൂന കണ്ടെത്തി. ഇളക്കി പരിശോധിച്ചപ്പോഴാണ് ജീർണിച്ച ജഡം കണ്ടത്. ബന്ധുക്കൾ ഇത് അമ്മിണിയുടേതാണെന്ന് തിരിച്ചറിഞ്ഞു. വീട്ടിൽ നിന്ന് അമ്മിണിയുടേതായ റേഡിയോ, ഇസ്തിരിപ്പെട്ടി, പാത്രങ്ങൾ തുടങ്ങിയവ കാണാതെപോയിട്ടുണ്ടെന്ന് മൊഴിയും നൽകി. വണ്ടൻമേട് സി.ഐ വി.എ. നവാസ് നടത്തിയ തുടരന്വേഷണത്തിൽ ജൂലായ് 22ന്‌ തേനി ബസ് സ്റ്റാൻഡിൽ നിന്ന് പ്രതിയെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. കവർന്ന വസ്തുക്കൾ പലയിടങ്ങളിൽ നിന്നായി കണ്ടെടുത്തു. കൊല്ലാൻ ഉപയോഗിച്ച കത്തിയും മൃതദേഹം മറവ് ചെയ്യാൻ ഉപയോഗിച്ച തൂമ്പയും കണ്ടെത്തി. തുടർന്ന് കട്ടപ്പന സി.ഐ വിശാൽ ജോൺസനാണ് കുറ്റപത്രം സമർപ്പിച്ചത്. അമ്മിണിയെ കാണാതായി ഒന്നര മാസത്തിന്‌ ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്മിണിയെ കൊലപ്പെടുത്തിയതിന് ദൃക്സാക്ഷികൾ ഇല്ലായിരുന്നു. ശാസ്ത്രീയ, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. രാജേഷ് ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY