SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

വ്യാപകമായി സൈബർ ലോകത്ത് 'സിം ക്ലോണിംഗ്' തട്ടിപ്പ്

sim

ഒറ്റപ്പാലം: ഉടമയറിയാതെ ഫോൺ നമ്പർ ദുരുപയോഗം ചെയ്ത് ഓൺലൈൻ രംഗത്ത് തട്ടിപ്പ് നടത്തുന്ന 'സിം ക്ലോണിംഗ് ' വ്യാപകമാകുന്നു. ഒരാളുടെ മൊബൈൽ ഫോൺ നമ്പറിൽ നിന്ന് അവരറിയാതെ മറ്റൊരാളെ വിളിക്കാനും സന്ദേശങ്ങൾ അയയ്ക്കാനും കഴിയുന്ന തരത്തിൽ 'സിം ക്ലോണിംഗ്' ഉപയോഗിച്ചാണ് പുതിയ സൈബർ തട്ടിപ്പ്. ഒറ്റപ്പാലത്ത് യുവാവ് 'സിം ക്ലോണിംഗിന്' ഇരയാക്കപ്പെട്ട സംഭവത്തിലടക്കം സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ പുതിയ തട്ടിപ്പ് മനസിലായത്. കൊല്ലം സ്വദേശിയായ സ്ത്രീക്ക് ഒറ്റപ്പാലത്തെ യുവാവിന്റെ നമ്പറിൽ നിന്നു നിരന്തരം ഫോൺ വിളികൾ വരുന്നുവെന്നതായിരുന്നു പരാതി. നിരപരാധിത്വം തെളിയിക്കാനായി യുവാവ് തന്റെ കോൾ വിവരങ്ങൾ അറിയാൻ മൊബൈൽ ഫോൺ സേവനദാതാക്കളെ സമീപിച്ചപ്പോഴാണ് അത്തരം ഒരു കോൾ ഈ സിമ്മിൽ നിന്നു പോയിട്ടില്ലെന്ന മറുപടി ലഭിച്ചത്. ഇതോടെ യുവാവ് സൈബർ വിഭാഗത്തെ സമീപിച്ച് പരാതി നൽകി.

കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ സേവനദാതാവിന്റെ ഒറ്റപ്പാലം നഗരത്തിലെ ഡീലറെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിലെ 5000 രൂപ ദുരുപയോഗം ചെയ്ത് 11 മൊബൈൽ നമ്പറുകൾ തട്ടിപ്പു സംഘം റീ ചാർജ് ചെയ്തിരുന്നു. തട്ടിപ്പുസംഘം ഉപയോഗിക്കുന്നതെന്നു കരുതുന്ന ഈ 11 നമ്പറുകളും സിം ക്ലോൺ ചെയ്യപ്പെട്ടവയാണെന്ന സംശയവും ബലപ്പെടുകയാണ്. അന്വേഷണം യഥാർഥ ഉടമ യിലെത്തുമ്പോൾ ഈ തട്ടിപ്പുകളെ സംബന്ധിച്ച് ഇവർ അറിയാത്ത സാഹചര്യമാകുമെന്നാണ് സൈബർ പൊലീസിന്റെ നിഗമനം.

ഉടമയറിയാതെ ഫോൺ നമ്പർ ദുരുപയോഗം
ഫോണിന്റെ നിയന്ത്രണം പൂർണമായും മറ്റൊരാൾക്കു കൂടി ലഭിക്കുന്ന സിം ക്ലോണിംഗ് സംവിധാനത്തിൽ പലപ്പോഴും ഉടമയ്ക്ക് പോലും അറിയാൻ കഴിയില്ല. ഫോണിൽ വരുന്ന എസ്.എം.എസ് സന്ദേശങ്ങളും മറ്റും ശ്രദ്ധിക്കാത്തവർക്കു ക്ലോണിംലൂഗിടെ തന്റെ നമ്പർ മറ്റൊരാൾ ഉപയോഗിക്കുന്നതു തിരിച്ചറിയാനും പ്രയാസമായിരിക്കും. നിയമ കുരുക്കിൽപ്പെടുമ്പോഴാണ് പലരും ഇത്തരം തട്ടിപ്പിന് വിധേയമായ കാര്യം തിരിച്ചറിയുക. പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് സിം ക്ലോൺ ചെയ്യുന്നത്. സോഫ്റ്റ് വെയറിന്റെ സഹായത്തോടെ യഥാർഥ ഉടമയ്ക്ക് സന്ദേശം അയച്ചു ലിങ്കുകൾ നൽകും. ഇവയിൽ കയറിയാൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നൽകുതോടെ ഫോൺ നമ്പറിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ പക്കലാകും. പിന്നെ യഥാർഥ ഉടമയ്ക്ക് വരുന്ന ഫോണുകളും സന്ദേശങ്ങളുമെല്ലാം തട്ടിപ്പുകാർക്കു കൂടി ലഭിച്ചു തുടങ്ങും.

ജാഗ്രത വേണം

ഫോണിൽ വരുന്ന പരിചിതമല്ലാത്ത ലിങ്കുകളിൽ കയറുകയോ ഒ.ടി.പി നമ്പർ നൽകുകയോ ചെയ്യരുത്

അസാധാരണമായ രീതിയിൽ ഒ.ടി.പി സന്ദേശങ്ങളും ലിങ്കുകളും തുടർച്ചയായി വരുന്നതുകണ്ടാൽ ജാഗ്രത വേണം

ഉടമയറിയാതെ സ്വന്തം നമ്പറിൽ നിന്നു മറ്റൊരാൾക്കു കോളോ സന്ദേശങ്ങളോ പോയെന്നറിഞ്ഞാൽ ഉടൻ പൊലീസിനെ സമീപിക്കണം

 ടെലികോം സേവ നദാതാവിനെ സമീപിച്ചു സിം ബ്ലോക്ക് ചെയ്ത് ഡ്യൂപ്ലിക്കറ്റ് സിം എടുത്താൽ ക്ലോണിംഗ് കുരുക്കിൽ നിന്ന് ഒഴിവാകാനാകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCAM, SIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY