
ആലപ്പുഴ: കുറുവ സംഘമെന്ന് സംശയിക്കുന്ന തസ്ക്കര സംഘത്തിന്റെ സാന്നിദ്ധ്യം ആലപ്പുഴയിൽ തുടർച്ചയാകുന്നു. വ്യാഴാഴ്ച രാത്രി 11.30 ഓടെ കളർകോട് ചിന്മയ സ്കൂളിന് സമീപമാണ് മോഷ്ടാവിന്റെ സാന്നിദ്ധ്യം ഒടുവിലുണ്ടായത്. മോഷ്ടാവിന്റെ മുഖം കണ്ടതായുള്ള യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രം തയാറാക്കും. നിരവധി മോഷ്ടക്കളുടെ ചിത്രങ്ങൾ ദൃക്സാക്ഷിയായ കളർകോട് സ്വദേശി ബിബിൻ ബോസിനെ പൊലീസ് കാണിച്ചെങ്കിലും, അവയൊന്നും സാമ്യമുള്ളതായിരുന്നില്ല. വ്യാഴാഴ്ച രാത്രി ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ പോകാവേ വീടിന് എതിർവശത്തെ ഇടവഴിയിലാണ് ബിബിൻ മോഷ്ടാവിനെ കണ്ടത്.
ശരീരം മുഴുവൻ എണ്ണ തേച്ച്, ബർമുഡ ധരിച്ച്, മുഖം തോർത്തുകൊണ്ട് മൂടിയ നിലയിലായിരുന്നു മോഷ്ടാവ്. ചോദ്യങ്ങൾക്ക് ഇയാൾ മറുപടി നൽകിയില്ല. ഓടാൻ ശ്രമിച്ച മോഷ്ടാവിന്റെ അടുത്തേക്ക് കളരിപ്പയറ്റ് പരിശീലകനായ താൻ ഓടിയെത്തി മൂക്കിന് ഇടിച്ചതായി ബിബിൻ പറഞ്ഞു. മൂക്കിൽ നിന്ന് രക്തം വന്നു. ഇതേ സമയം മുഖത്തെ തോർത്ത് അഴിഞ്ഞപ്പോഴാണ് മുഖം വ്യക്തമായതെന്നും ഇനിയും കണ്ടാൽ തിരിച്ചറിയുമെന്നും ബിബിൻ പൊലീസിനോട് പറഞ്ഞു. ബിബിനെ കല്ലെറിഞ്ഞ മോഷ്ടാവ് അതിവേഗം മതിൽ ചാടി ഓടിരക്ഷപ്പെടുകയായിരുന്നു. കല്ലേറിൽ ബിബിന്റെ മേൽചുണ്ടിന് നിസാര പരിക്കേറ്റു. രാത്രി തന്നെ ഡോഗ് സ്ക്വാഡുൾപ്പടെ പ്രദേശത്തെത്തി തിരച്ചിൽ നടത്തി. ഇതിനിടെ തെങ്കാശി സ്വദേശിയെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടതോടെ വിട്ടയച്ചു. അതേസമയം, ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച ഏഴംഗ സ്ക്വാഡിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ഇതും അവർ തന്നെ!
ബുധനാഴ്ച തൂക്കുകുളത്ത് രണ്ട് പവന്റെ മാല നഷ്ടപ്പെട്ട വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാർഡിലാണ് തൊട്ടടുത്ത ദിവസം മോഷ്ടാവിനെ കണ്ടത്. രാത്രിയിൽ ജനൽ വഴി വീടിനുള്ളിലേക്ക് ടോർച്ചടിച്ചതായും മതിൽ ചാടുന്ന ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് നിന്ന് കൈയുറകളും ലഭിച്ചിരുന്നു. പുന്നപ്രയിലെയും മണ്ണഞ്ചേരിയിലെയും സി.സി ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞ കുറുവ സംഘത്തിന്റെ വേഷമായിരുന്നു മോഷ്ടാക്കളുടെതും. ഇതോടെ പുന്നപ്ര, മണ്ണഞ്ചേരി പ്രദേശങ്ങളിൽ പൊലീസും നാട്ടുകാരും ഉൾപ്പെടുന്ന ജാഗ്രതാ സമിതികൾ രാത്രികാല പട്രോളിംഗ് ആരംഭിച്ചു.
വരകാടി മാതൃക
മോഷണം തടയുന്നതിൽ മാരാരിക്കുളം വരകാടി റസിഡന്റ്സ് അസോസിയേഷൻ മാതൃകയാകുന്നു. 50 യുവാക്കളെ അണിനിരത്തി 2018ലാണ് നൈറ്റ് സ്‌ക്വാഡ് രൂപീകരിച്ചത്. ദിവസവും രാത്രി 11.30 മുതൽ പുലർച്ചെ നാലുമണിവരെയാണ് പ്രവർത്തനം. നാലുപേർ വീതമുള്ള ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രത്യേക യൂണിഫോം ധരിച്ച് ബൈക്കിലും സൈക്കിളിലുമാണ് പരിശോധന. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ സ്‌ക്വാഡ് ടീമും ഇവർക്കൊപ്പം ചേരും. രാത്രിയിൽ കണിച്ചുകുളങ്ങര കവലയിൽ ബസിറങ്ങി ഓട്ടോ ലഭിക്കാതെ വിഷമിക്കുന്ന യാത്രക്കാരെ വരകാടി ഫോഴ്സ് സുരക്ഷിതരായി വീടുകളിൽ എത്തിക്കാറുണ്ട്. പട്രോളിംഗിന് പോകുന്നവരുടെ പേരും ഫോൺ നമ്പറും ദിവസവും മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ അറിയിക്കും. മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഫോഴ്സ് രൂപീകരിച്ചത്. ഇതോടെ പ്രദേശത്ത് മോഷണം ഇല്ലാതാകുകയും ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |