
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ പരമേശ്വരത്ത് വീടിന്റെ പിൻവാതിൽ പൊളിച്ച് രണ്ടര പവൻ സ്വർണവുമായി മോഷ്ടാക്കൾ കടന്നു. പുലർച്ചെ രണ്ടര മണിയോടെ ചെമ്പൂര് പരമേശ്വരം ശിവപാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. പാർവതിയും അമ്മയും പാർവതിയുടെ കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. ഏഴ് മാസം ഗർഭിണി കൂടിയാണ് പാർവതി. വീടിന്റെ പിൻവാതിൽ തുറന്ന് ഉള്ളിൽ കടന്ന മോഷ്ടാവ് കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെയണ് മോഷണ വിവരം പാർവതിയും അമ്മയും അറിയുന്നത്. ഇതോടെ മോഷ്ടാവ് കുഞ്ഞിനെ വിട്ട് പാർവതിയുടെ കഴുത്തിലെ രണ്ട് പവൻ മാല ഭീഷണിപ്പെടുത്തി ഊരി വാങ്ങുകയായിരുന്നു. ഒപ്പം അലമാരയിലുണ്ടായിരുന്ന അമ്മയുടെ അരപ്പവൻ വരുന്ന മാലയും കവർന്നു. മുഖംമൂടി ധരിച്ച മോഷ്ടാവ് ഇരുവരെയും ഭീഷണിപ്പെടുത്തി കൂടുതൽ സ്വർണം ആവശ്യപ്പെട്ടെങ്കിലും മറ്റൊന്നും കിട്ടിയില്ല. ഇതിനിടെ മോഷ്ടാവ് കവർന്ന സ്വർണമാലയിലെ താലി തിരികെ തരണമെന്നപേക്ഷിച്ചപ്പോൾ താലി ഊരി നൽകാനും മോഷ്ടാവ് തയ്യാറായി. മോഷണം സംബന്ധിച്ച് പാർവതി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. പാർവതിയുടെ ഭർത്താവ് ആർമിയിൽ ഉദ്യോഗസ്ഥനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |