കഴക്കൂട്ടം: മംഗലപുരം മോഹനപുരത്ത് കബറടി ജംഗ്ഷനിൽ യുവാവിനെ കടയ്ക്കുള്ളിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല.സമീപത്തെ കടകളിലെ സി.സി ടിവി പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇവർ ഒളിവിലാണെന്നാണ് സൂചന.
ശനിയാഴ്ച വൈകിട്ടോടെ സ്കൂട്ടറിലെത്തിയ രണ്ടുപേരാണ് മോഹനപുരം കബറടി നെടുവം വീട്ടിൽ എൻ.നൗഫലിനെ (27) വെട്ടിപ്പരിക്കേൽപ്പിച്ചത്.കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റ നൗഫൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും കാപ്പ ശിക്ഷ കഴിഞ്ഞവരുമായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ് അഷ്റഫ് (30),മംഗലപുരം പി.എച്ച്.സിക്ക് സമീപം എ.ആർ.എസ് മൻസിലിൽ ഷഹീൻകുട്ടൻ (30) എന്നിവരാണ് പ്രതികൾ.
നൗഫലിന്റെ ബന്ധുവായ അജ്‌മലിനെ തിരക്കിയാണ് പ്രതികളെത്തിയതെന്ന് പൊലീസ് പറഞ്ഞു.മൂന്നുമാസം മുമ്പ് മുഹമ്മദ് അഷ്റഫിന്റെ അനുജൻ അൻസറിനെതിരെ അജ്‌മൽ മൊഴി നൽകിയതാണ് വൈരാഗ്യത്തിന് കാരണം. സ്കൂട്ടറിലെത്തിയ പ്രതികൾ അജ്‌മൽ ജോലി ചെയ്തിരുന്ന കല്ലൂരിലെ വെൽഡിംഗ് വർക്ക്ഷോപ്പിലെത്തി അവിടത്തെ കതക് വെട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.ഇതിനുശേഷമാണ് പ്രതികൾ അജ്മലിന് തേടി കബറടി ജംഗ്ഷനിലെ മദീന സ്‌റ്റോറിനടുത്ത് എത്തിയത്.അജ്മലിനെ കാണാതെയായതോടെ നൗഫലിനു നേരെ തിരിയുകയും രക്ഷപ്പെടാനായി കടയിലേക്ക് ഓടികയറിയ ഇയാളെ പിന്നാലെയെത്തി വെട്ടുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |