
ചാരുംമൂട്: ഭാര്യയുടെ മുത്തശ്ശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നൂറനാട് പഴഞ്ഞിയൂർക്കോണം വാലിൽ പടീറ്റതിൽ രാജേഷ് (38) നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. രാജേഷിന്റെ ഭാര്യ ചിഞ്ചുവിന്റെ അമ്മൂമ്മയായ നൂറനാട് പുലിമേൽ അമൽ നിവാസിൽ കുഞ്ഞുകൊച്ചമ്മയെയാണ് (82) കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജേഷും ഭാര്യയും മുത്തശ്ശിക്കൊപ്പമാണ് താമസം. രാജേഷ് ചിഞ്ചുവിനെ വിവാഹം കഴിഞ്ഞനാൾ മുതൽ ചിഞ്ചുവിന്റെ കുടുംബവീട്ടിൽ താമസിച്ചു വരുന്നതിൽ പ്രതിക്കുണ്ടായ വിരോധം നിമിത്തമാണ് മുത്തശ്ശിയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞുകൊച്ചമ്മയുടെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ച് കയറി പ്രതി കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് വലതു വാരിയെല്ല് ഭാഗത്ത് കുത്തുകയും മുറിയിലുണ്ടായിരുന്ന അലമാരിയുടെ പൊട്ടിയ ചില്ല് കൊണ്ട് സ്വയം വയറു ഭാഗത്ത് കുത്തി പരിക്കേൽപ്പിക്കുയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സി.ഐ മോഹിതിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എസ്.നിതീഷ് , സന്തോഷ് ,അനിൽ,ഗോപാലകൃഷ്ണൻ, എസ്.സി.പി.ഒ സന്തോഷ് മാത്യു സി.പി.ഒ മാരായ വിഷ്ണു വിജയൻ, മനു പ്രസന്നൻ,മനുകുമാർ ഹോം ഗാർഡ് ശിവരാജൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നൂറനാട് സ്റ്റേഷനിൽ പ്രതിക്കെതിരെ അഞ്ചോളം കേസുകൾ നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |