കോഴിക്കോട്: പെരുവയൽ കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയിൽ അച്ഛൻ കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അച്ഛനും അമ്മയും പൊലീസിന്റെ പിടിയിലായി. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നാം തീയതിയാണ് നാലുമാസം പ്രായമുള്ള ആയുക്ത എന്ന പെൺകുഞ്ഞ് മരണപ്പെടുന്നത്. രാത്രിയോടെ കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയും മൂക്കിൽ നിന്ന് കഫം വരികയും ചെയ്തതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ തലയിലടക്കം ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് പൊലീസ് അഞ്ജനയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഷിജിൻ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം അഞ്ജന സമ്മതിച്ചത്. കൊലപാതകം മറച്ചുവച്ചതിനാണ് അഞ്ജനയെ അറസ്റ്റുചെയ്തത്.
സ്ഥിരം മദ്യപാനിയായ ഷിജിൻ സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രിയിൽ കുഞ്ഞ് ഉറക്കെ കരഞ്ഞത് ഇഷ്ടപ്പെടാതിരുന്ന പ്രതി മദ്യലഹരിയിൽ കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷിജിൻ കുഞ്ഞിനെ മുൻപും മർദിക്കാറുണ്ടായിരുന്നതായി ബന്ധുക്കളും മൊഴി നൽകിയിരുന്നു. കേസിൽ ഇരുവർക്കെതിരെയും വിശദമായ തെളിവുകൾ ശേഖരിച്ചതിന് പിന്നാലെയാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
Kozhikode police confirmed the death of a four-month-old infant in Peruvayal Kuttikkattur as murder. The child's father, Shijin, allegedly beat the baby to death on October 1st last year. Both Shijin and the mother, Anjana, were arrested; Anjana for concealing the crime. Police investigation is ongoing.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |