
കൊച്ചി: സ്റ്റാർട്ടപ്പ് സ്ഥാപനം ഉപയോഗിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ ഒരേ സമയം ഹാക്ക് ചെയ്ത് സൈബർ തട്ടിപ്പ്. കലൂരിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിനാണ് 99 ലക്ഷം രൂപ നഷ്ടപ്പെട്ടത്. സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (സി.ഇ.ഒ) വെണ്ണല സ്വദേശിയുടെ പേരിൽ കമ്പനി ഫോണിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് സൈബർ തട്ടിപ്പുകാർ പണം കൈക്കലാക്കിയത്.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ അക്കൗണ്ട്സ് വിഭാഗത്തിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് രണ്ട് മൊബൈൽ ഫോണുകളുണ്ട്. ഇവയിൽ ഒരെണ്ണം വാട്സാപ്പിനും മറ്റൊന്ന് കോൾ വിളിക്കുന്നതിനും ഉപയോഗിക്കുന്നവയാണ്. രണ്ട് ഫോണുകളും ഒരേ സമയം ഹാക്ക് ചെയ്യപ്പെട്ടതായി സൈബർ പൊലീസ് പറഞ്ഞു.
ഇരട്ടത്തട്ടിപ്പിന് മൂന്ന് ഘട്ടങ്ങൾ
1. കോളുകൾ വിളിക്കാൻ ഉപയോഗിക്കുന്ന ഫോൺ ഹാക്ക് ചെയ്ത് കമ്പനി സി.ഇ.ഒയുടെ പേരിൽ ആദ്യം മൊബൈൽ ഫോൺ നമ്പർ സേവ് ചെയ്തു. ഇതിനുപയോഗിച്ച ഫോൺ നമ്പർ വ്യാജമായി തരപ്പെടുത്തിയതാണ്. ഈ ഫോൺ നമ്പരുപയോഗിച്ച് ഇതേ ഫോണിൽ സി.ഇ.ഒയുടെ പേരിൽ വാട്സാപ്പ് അക്കൗണ്ട് തുറന്നു. വാട്സാപ്പിൽ ഉപയോഗിച്ച ഡിസ്പ്ലേ ഫോട്ടോ സി.ഇ.ഒയുടെ യഥാർത്ഥ വാട്സാപ്പിൽ നിന്നുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
2. ഇതേ ഫോണിൽ നിന്ന് അക്കൗണ്ട്സ് വിഭാഗത്തിന്റെ വാട്സാപ്പ് ഫോണിലേക്ക് സി.ഇ.ഒ എന്ന വ്യാജേന ചാറ്റിംഗ്. അക്കൗണ്ട്സിലെ പണമിടപാടുകൾ കൈകാര്യം ചെയ്യുന്ന വനിതാ ജീവനക്കാരിയുമായിട്ടാണ് വ്യാജ സി.ഇ.ഒ ചാറ്റ് ചെയ്തത്. കമ്പനി അക്കൗണ്ടിൽ നിന്ന് 99 ലക്ഷം രൂപ തന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് അയക്കാനായിരുന്നു നിർദ്ദേശം.
3· കമ്പനി ഫോണിൽ നിന്ന് കമ്പനിയുടെ വാട്സാപ്പ് ഫോണിലേക്ക് സി.ഇ.ഒയുടെ നിർദ്ദേശം കിട്ടിയപ്പോൾ ജീവനക്കാരിക്ക് സംശയം തോന്നിയില്ല. നേരിട്ട് വിളിച്ച് സ്ഥിരീകരിക്കാതെ ചാറ്റിനൊപ്പം നൽകിയ അക്കൗണ്ടിലേക്ക് 99 ലക്ഷം രൂപ കൈമാറുകയും ചെയ്തു. അടുത്ത ദിവസം രാവിലെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് 99 ലക്ഷം രൂപയുടെ കൈമാറ്റം സി.ഇ.ഒയുടെ ശ്രദ്ധയിൽപ്പെട്ടത്.
തട്ടിപ്പ് ആസൂത്രിതം
ഐ.ടി ആക്ട്, ബി.എൻ.എസ് എന്നിവയിലെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് കൊച്ചി സിറ്റി പൊലീസ് കേസെടുത്തത്. ഒരേ സമയം സ്ഥാപനത്തിന്റെ രണ്ട് മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പ് കേരള സൈബർ പൊലീസും പുതുമയോടെയാണ് കാണുന്നത്. തട്ടിപ്പ് സംഘം ഈ ഫോണുകൾ ഹാക്ക് ചെയ്തത് എങ്ങനെയാണെന്നത് ഉൾപ്പെടെ അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |