
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ താത്കാലിക ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത തിരുവനന്തപുരം സ്വദേശി അനിൽകുമാർ അറസ്റ്റിലായതോടെ പരാതി പ്രവാഹം. ഇന്നലെ വൈകിട്ട് വരെ തട്ടിപ്പിന് ഇരയായ 35പേരാണ് ആലപ്പുഴ സൗത്ത് പൊലീസിനെ സമീപിച്ചത്.
കുട്ടനാട്, ചേർത്തല സ്വദേശിനികളുടെ പരാതിയിലാണ് തിരുവനന്തപുരം കേശവദാസപുരം മോസ്‌ക് ലൈനിൽ ഹൗസ് നമ്പർ 70ൽ താമസിക്കുന്ന അനിൽകുമാറിനെ (അനി-55) എറണാകുളത്തെ വാടക വീട്ടിൽ നിന്ന് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 15 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 100ൽ അധികം പേരാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. വിളപ്പിൽ ശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിപ്പ് നടത്തിയ ശേഷം ആറുവർഷമായി ഒളിവിൽ കഴിയുകയായിരുന്നു അനിൽകുമാർ. അനിൽകുമാർ നൽകിയ വ്യാജ നിയമന ഉത്തരവ്, ഐ.ഡി കാർഡ്, സീൽ എന്നിവ തയ്യാറാക്കിയതിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് നടപടി ആരംഭിച്ചു. ഇന്നലെ അനിൽകുമാറുമായി തെളിവെടുപ്പും നടത്തി.
ഇ.പിയുടെ പേരിൽ പരിചയപ്പെടും
എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി. ജയരാജന്റെ പേഴ്സണൽ സ്റ്റാഫാണെന്ന വ്യാജേനയാണ് അനിൽകുമാർപരിചയപ്പെടുന്നത്. തുടർന്ന് സാമ്പത്തിക സ്ഥിതിയും കുട്ടികളുടെ വിദ്യാഭ്യാസവും അന്വേഷിക്കും. പഠനം പൂർത്തികരിച്ചവരാണെങ്കിൽ തൊഴിൽ കാര്യങ്ങൾ സംസാരിക്കും. മൂന്ന് ലക്ഷംരൂപക്ക് നഴ്സായി താൽക്കാലിക നിയമനം നൽകാമെന്ന് വാഗ്ദാനം നൽകും. ആദ്യം ചെറിയ തുക പ്രാരംഭ പ്രവർത്തനത്തിനായി കൈപ്പറ്റും. വ്യാജ നിയമന ഉത്തരവുമായി എത്തുമ്പോൾ മുഴുവൻ തുകയും നൽകണ
മെന്ന വ്യവസ്ഥയിലാണ് തട്ടിപ്പ്. ആലപ്പുഴയിൽ എത്തിയ അനിൽകുമാറിന്റെ കണ്ണിൽപ്പെട്ടത് ജനറൽ ആശുപത്രിയിലെ
പുതിയ ഒ.പി ബ്ലോക്ക് ആയിരുന്നു. പുതിയ ബ്ളോക്ക് തുടങ്ങുമ്പോൾ നഴ്സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ഒഴിവുണ്ടാകുമെന്നും അപ്പോൾ ജോലി നൽകാമെന്നുമായിരുന്നു വാഗ്ദാനം. അഞ്ചുമാസം താത്കാലിക നിയമനവും, തുടർന്ന് സ്ഥിരപ്പെടുത്താമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. തോട്ടുവാത്തല സ്വദേശിനി സുമയിൽ നിന്ന് 3ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. വ്യാജ ഉത്തരവ് സുമക്ക് നൽകി മുഴുവൻ പണവും കൈപ്പറ്റിയ അനിൽകുമാർ സ്ഥലം വിടുകയായിരുന്നു. സുമ ആശുപത്രിയിൽ എത്തിയെങ്കിലും ജോലി ലഭിക്കാതെവന്നപ്പോഴാണ് തട്ടിപ്പിന് ഇരയായെന്നറിഞ്ഞത്.
ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ?
തട്ടിപ്പിന് പിന്നിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിച്ചു വരുന്നു. വ്യാജ ഉത്തരവ് നൽകിയ ശേഷം ഉദ്യോഗാർത്ഥിയുടെ മുന്നിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഓഫീസിലും ഓഫീസുകളിലും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ ടാഗും ധരിച്ച് ഇയട്ടൾ പലതവണ കയറി ഇറങ്ങിയതായി തട്ടിപ്പിനിരയായവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന സംശയത്തിന് കാരണമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |