
കൊച്ചി: എട്ടു പേരുടെ ജീവനെടുത്ത കളമശേരി സ്ഫോടനക്കേസിൽ ഇന്റർപോൾ സഹായത്തോടെയുള്ള 'ദുബായ്' അന്വേഷണത്തിന് വഴി തുറക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് യു.എ.ഇ ഗവൺമെന്റിന്റെ നിയമസഹായം നേടാൻ സർക്കാർ അനുമതി ലഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. കേസിലെ മുഖ്യപ്രതി തമ്മനം ചിലവന്നൂർ വേലിക്കകത്തു വീട്ടിൽ ഡൊമിനിക് മാർട്ടിൻ ഏറെക്കാലം ദുബായിലായിരുന്നു. ഇവിടെവച്ച് ഇയാൾക്ക് ബാഹ്യപ്രേരണ ലഭിച്ചിരിക്കാമെന്ന സംശയം ഒരു ഘട്ടത്തിൽ അന്വേഷണ സംഘത്തിനുണ്ടായിരുന്നു. എന്നാൽ ദുബായിൽ വിശദമായ അന്വേഷണം നടന്നിരുന്നില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ദുബായ് പൊലീസുമായി ബന്ധപ്പെടാനുള്ള അനുമതിക്കായി സംസ്ഥാന പൊലീസ് മേധാവിക്ക് ഇനി ഇടപെടാം. അനുമതി ലഭിച്ച ശേഷമേ തുടർനടപടികളുണ്ടാകൂ. ക്രൈംബ്രാഞ്ച് ഐ.ജിയാണ് സംസ്ഥാന പൊലീസിന്റെ ഇന്റർപോൾ ലെയ്സൺ ഓഫീസർ.
ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു യഹോവാ സാക്ഷികളുടെ മേഖലാ കൺവെൻഷൻ നടന്ന കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ആദ്യ സ്‌ഫോടനമുണ്ടായത്. തുടർച്ചയായി രണ്ട് സ്‌ഫോടനങ്ങൾ കൂടിയുണ്ടായി. ഒരു കുടുംബത്തിലെ ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരുൾപ്പെടെ എട്ടു പേരുടെ മരണം. പരിഭ്രാന്തരായി ഹാളിൽ നിന്ന് പുറത്തേക്കോടിയ 52 പേർക്ക് വീണും പരിക്കേറ്റു.
ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തിന്റെ തുടക്കത്തിലുണ്ടായ സ്‌ഫോടനം വലിയ ആശങ്കകൾക്കിടയാക്കിയെങ്കിലും ഡൊമിനിക് മാർട്ടിന്റെ അറസ്റ്റോടെ ഊഹാപോഹങ്ങൾ ഒഴിഞ്ഞു. എൻ.ഐ.എയും സമാന്തര അന്വേഷണം നടത്തി. രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. രണ്ടു മാസം മുമ്പേ മാർട്ടിൻ തയ്യാറെടുപ്പുകൾ നടത്തി. ഇന്റർനെറ്റിലൂടെയാണ് ഐ.ഇ.ഡി ബോംബ് നിർമ്മാണം പഠിച്ചത്.
ഇന്റർപോൾ മുഖേന വിവര ശേഖരണം
കേസിൽ കഴിഞ്ഞവർഷം ഏപ്രിൽ 24ന് കേസിൽ കുറ്റപത്രം സമർപ്പിച്ചതാണ്. ഡൊമിനിക് മാർട്ടിന് ബാഹ്യപ്രേരണയില്ലെന്ന കണ്ടെത്തലോടെയായിരുന്നു കുറ്റപത്രം. നിലവിൽ സർക്കാർ അനുമതി ലഭിച്ചതോടെ ഇന്റർപോൾ മുഖേന വിവരങ്ങളെല്ലാം ശേഖരിക്കാനാകും. കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസന്വേഷണം തുടരുകയാണ്. പ്രാധാനമായും മാർട്ടിന്റെ ദുബായ് ബന്ധങ്ങളാണ് പ്രത്യേകസംഘം തിരയുന്നത്.
മാർട്ടിൻ ജോലി ചെയ്ത സ്ഥലം
ഇവിടുത്തെ സുഹൃത്തുക്കൾ
സൗഹൃദവലയം
കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുണ്ടോ
ലൈവും അറസ്റ്റും
സ്‌ഫോടനം നടത്തിയ ശേഷം സ്ഥലംവിട്ട ഡൊമിനിക് മാർട്ടിൻ പിന്നീട് ഫേസ്ബുക്ക് വീഡിയോയിലൂടെ ഉത്തരവാദിത്വം ഏറ്റെടുത്തു. തുടർന്ന് കൊടകര പൊലീസിൽ കീഴടങ്ങി. മാർട്ടിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നായിരുന്നു പ്രധാന അന്വേഷണം. ആരെയും കണ്ടെത്താനായില്ല. കേസിൽ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. പ്രതിയുടെ മൊഴികളിൽ തെളിവുകളെല്ലാം ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |