
വൈപ്പിൻ: മുനമ്പത്തെ ഒരു വീട്ടിൽ നിന്ന് ഈ അടുത്ത് പിടികൂടിയത് പത്ത് വലിയ ചാക്കുകളിലായി സൂക്ഷിച്ച ഹാൻസ്! ഏറെ ശ്രമങ്ങൾക്ക് ശേഷമാണ് ഇത്രയധികം ഹാൻസ് വില്പനക്കാരനെ സഹിതം പിടികൂടാൻ പൊലീസിന് കഴിഞ്ഞത്. എന്നാൽ, വില്പനക്കാരനെ പിടികൂടിയ സന്തോഷം പൊലീസിനില്ല.
കേസ് കോടതിയിൽ എത്തുമ്പോൾ 200രൂപ പിഴയടച്ച് അയാൾ ഇറങ്ങിപോകുന്നത് കാണേണ്ടി വരുമെന്ന് പൊലീസ് പറയുന്നു. മുമ്പ് 100 ഗ്രാം കഞ്ചാവോ സമാനരീതിയിലുള്ള മറ്റ് ലഹരിവസ്തുക്കളോ പിടികൂടിയാൽ കുറ്റവാളികൾക്ക് റിമാൻഡ് ഉറപ്പായിരുന്നു.
ഏതാനും വർഷം മുമ്പ് 100 ഗ്രാം എന്നത് ഒരു കിലോയായി വർദ്ധിപ്പിച്ചതോടെ പിടിക്കപ്പെട്ടാലും ജാമ്യത്തിലിറങ്ങി കൈയും വീശി പോകാമെന്നത് ലഹരിക്കെതിരായ പൊലീസിന്റെയും എക്സൈസിന്റെയും പോരാട്ടങ്ങളെ തളർത്തുന്നു.
കുട്ടികൾക്ക് ഉപദേശം മാത്രം
ജനസാന്ദ്രതയിൽ ഏറെ മുന്നിലുള്ള പ്രദേശമാണ് വൈപ്പിൻ ദ്വീപ്. എൽ.പി സ്കൂൾ മുതൽ കോളേജ് വരെ ഇരുപതിൽപ്പരം വിദ്യാലയങ്ങളുണ്ട്. വിദ്യാർത്ഥികൾ ആദ്യം ഇരകളും പിന്നീട് വില്പനക്കാരുമാകുന്നു. കുട്ടികളെ പിടികൂടിയാലും രക്ഷാകർത്താക്കളെയും സ്കൂൾ അധികൃതരെയും അറിയിച്ച് ഉപദേശം നൽകി വിടുകയെ പൊലീസിനും എക്സൈസിനും മാർഗ്ഗമുള്ളൂ.
മുനമ്പം പൊലീസ് സ്റ്റേഷനോട് ചേർന്ന് കിടക്കുന്ന വിശാലമായ കച്ചേരി മൈതാനം സർക്കാർ ഫണ്ടിൽ നിന്ന് ഒരുകോടിയോളം രൂപ ചെലവാക്കി സൗന്ദര്യവത്കരിക്കുകയാണ്. എന്നാൽ ഇവിടെ അനധികൃതമായി മീൻവണ്ടികൾ, ചരക്ക് ലോറികൾ, ടൂറിസ്റ്റ് ബസുകൾ എന്നിവയുടെ പാർക്കിംഗാണ്. രാത്രിയായാൽ മദ്യപാനവും ലഹരിവില്പനയുമാണ് നടക്കുന്നതെന്ന പരാതിയുണ്ട്.
വേണ്ടത്ര ഉദ്യോഗസ്ഥരില്ല
വൈപ്പിൻകര മുഴുവൻ റെയ്ഡ് നടത്തേണ്ട ഞാറക്കൽ എക്സൈസിന് ആകെ ഒരു പഴയ വണ്ടി മാത്രമാണുള്ളത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് എടുക്കുവാൻ അധികാരമുള്ളത് ഇൻസ്പെക്ടർക്കാണ്. ഇവിടെ നിലവിൽ ഇൻസ്പെക്ടറില്ല. ജനുവരി മുതൽ മട്ടാഞ്ചേരി ഇൻസെപെക്ടർക്കാണ് ഞാറക്കലിന്റെ ചുമതല. അസിസ്റ്റന്റ് ഇൻസ്പെക്ടറുടെ തസ്തികയും ഒഴിഞ്ഞ് കിടക്കുകയാണ്. 3 പ്രിവന്റീവ് ഓഫീസർമാരിൽ ഒന്നും 15 സി.ഇ.ഒമാരിൽ നാലും ഒഴിഞ്ഞ് കിടപ്പാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |