SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

വർക്കലയിൽ മോഷ്ടാക്കൾ വിലസുന്നു

വർക്കല: വർക്കലയിലും സമീപ പഞ്ചായത്തുകളിലും മോഷണങ്ങളും മോഷണശ്രമങ്ങളും വർദ്ധിക്കുന്നതായി പരാതി. മുണ്ടയിൽ പ്രദേശത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ മൂന്ന് വീടുകളിൽ മോഷണശ്രമം നടന്നു. മോഷ്ടാക്കൾ ആദ്യം ഒരു വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് പ്രവേശിക്കുകയും വിലപിടിപ്പുള്ള യാതൊന്നും കണ്ടെത്താത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് തൊട്ടടുത്ത വീട്ടിൽ പ്രവേശിച്ചപ്പോൾ അവിടെ സ്ഥാപിച്ച അലാറമടിക്കുകയും വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോൾ മോഷ്ടാക്കൾ ഓടിമറയുകയുമുണ്ടായി. നാലുപേരടങ്ങുന്ന സംഘമാണ് മോഷണശ്രമം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. നാലുപേരിൽ ഒരാളുടെ കൈയിൽ മാരകായുധവും ഉണ്ടായിരുന്നു. സംഘം ചേർന്നുള്ള മോഷണശ്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.വഞ്ചി തുറന്നുള്ള മോഷണശ്രമങ്ങളും ഇടവയിലും പുന്നമൂടും വീടുകളിലെ വാട്ടർ മീറ്ററുകളും മോഷ്ടിച്ചതായുള്ള പരാതികളും വർക്കല, അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വർദ്ധിച്ചിട്ടുണ്ട്.

പ്രതികളിലേക്കെത്താൻ കഴിയാതെ...

വീട് കുത്തിപ്പൊളിച്ച് സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായുള്ള നിരവധി പരാതികളാണ് വർക്കല,അയിരൂർ സ്റ്റേഷനുകളിലുള്ളത്. ഇവയിൽ പ്രതികളെ പിടികൂടാൻ കഴിയാത്തവയുടെ എണ്ണവും ഏറെയാണ്. സമീപകാലത്ത് ചെമ്മരുതി ശ്രീനിവാസപുരത്ത് പാദതീർത്ഥം വീട്ടിൽ നിന്നും 8.5 പവൻ മോഷണം പോയിരുന്നു. കുന്താലി ഉപയോഗിച്ച് വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്തായിരുന്നു മോഷണം. മതിയായ തെളിവുകളോ തുമ്പുകളോ ഇല്ലാത്തതിനാൽ പല കേസുകളിലും പ്രതികളിലേക്കെത്താൻ പൊലീസിനും കഴിയുന്നില്ല.

ക്യാമറകൾ പ്രവർത്തനസജ്ജമാക്കണം

മോഷ്ടാവിനെ കണ്ടെത്തുന്നതിന് മോഷണം നടന്ന വീടുകളുടെ സമീപത്തെ സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുള്ള വീടുകളിൽ ദൃശ്യങ്ങൾ ശേഖരിക്കാനെത്തുമ്പോൾ മാത്രമാണ് പലയിടങ്ങളിലും ക്യാമറ പ്രവർത്തനരഹിതമാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. ക്യാമറ സ്ഥാപിച്ചുകഴിഞ്ഞാൽ മെയിന്റനൻസിന് പലരും തയ്യാറാകാറില്ലെന്നതാണ് വാസ്തവം. പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വികൾ പലപ്പോഴും പൊലീസിന് മോഷ്ടാവിലേക്കെത്താൻ സഹായിക്കാറുണ്ട്. രാത്രി കാലങ്ങളിൽ ക്യാമറ മറയുംവിധം പെട്രോൾ സ്റ്റേഷനുകളുടെ കോമ്പൗണ്ടിൽ സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്ന സാഹചര്യങ്ങളുണ്ട്. ഇത് കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിക്കുന്നതിന് സാഹചര്യമൊരുക്കുന്നു. പെട്രോൾ പമ്പുകളിൽ സുരക്ഷമുൻനിറുത്തി കൂടുതൽ ക്യാമറകൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും നിലവിലുള്ള ക്യാമറകൾ മറയുംവിധം വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും പൊലീസ് നിർദ്ദേശിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY