
ആലപ്പുഴ : ലഹരിനിർമ്മാർജ്ജനം ലക്ഷ്യമിട്ട് സ്ഥിരം ലഹരിക്കേസ് പ്രതികളായ കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുളള നടപടികൾ ശക്തമാക്കി പൊലീസും എക്സൈസും .
ജില്ലയിലെ കുപ്രസിദ്ധരായ ലഹരിമരുന്ന് ഇടപാടുകാരുടെ പട്ടിക തയ്യാറാക്കി, കേസിൽ പ്രതിയാക്കപ്പെട്ടതിന് ആറുമാസം മുമ്പും അതിനുശേഷവും ആർജിച്ച സ്വത്തുക്കളുടെ വിവരങ്ങൾ ശേഖരിച്ച് അവ കണ്ടുകെട്ടാനാണ് നീക്കം. ഇതിനായി പൊലീസിന്റെയും എക്സൈസിന്റെയും ക്രൈം റെക്കാഡ് ബ്യൂറോകളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിവരശേഖരണം തുടങ്ങി. ആലപ്പുഴ സ്വദേശികളും ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തും മാറി നിന്ന് ലഹരി ഇടപാടുകൾ നിയന്ത്രിക്കുന്നതുമായ സംഘങ്ങളുടെ വിവരങ്ങളും ഇന്റലിജൻസ് സഹായത്തോടെ പൊലീസ് ശേഖരിക്കുന്നുണ്ട്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജില്ലയിലെ ആദ്യത്തെ സ്വത്ത് കണ്ടുകെട്ടൽ നടത്തിയത് എക്സൈസാണ്. ഹരിപ്പാട് എക്സൈസ് ഇൻസ്പെക്ടറായിരിക്കെ ഇപ്പോഴത്തെ അസി. എക്സൈസ് കമ്മിഷണർ അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അത്. 2014ൽ അഭിഭാഷകനുൾപ്പെടെ മൂന്നുപേർ പ്രതികളായ ബ്യൂപ്രിനോർഫിൻ ആംപ്യൂൾ കേസിൽ തൊണ്ടിപ്പണമായി കണ്ടെത്തിയ 14 ലക്ഷം രൂപ കണ്ടുകെട്ടി. ചാരുംമൂട് കേന്ദ്രീകരിച്ച് കഞ്ചാവും ലഹരി വസ്തുക്കളും വിൽപ്പന പതിവാക്കിയ നൂറനാട് പുതുപ്പള്ളികുന്നം ഖാൻ മൻസിലിൽ ഷൈജുഖാന്റെ വീടും വസ്തുക്കളും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടുകെട്ടിയിരുന്നു.
ഒരു ഡസൻ പേർക്കെതിരെ നടപടി ഉറപ്പ്
1. ജില്ലയിൽ വിചാരണ നേരിടുന്നതും അല്ലാത്തതുമായ മൂന്ന് ഡസനിലധികം സ്ഥിരം ലഹരിക്കുറ്റവാളികളിൽ ഒരു ഡസനിലധികം പേർക്കെതിരെ സ്വത്തുകണ്ടുകെട്ടൽ നടപടിയുണ്ടാകും
2. ലഹരിക്കേസുകളിൽ പ്രതികളായ ശേഷം ഇവർ സ്വന്തം പേരിലും ബിനാമി പേരിലും നടത്തിയ നിക്ഷേപങ്ങൾ സംബന്ധിച്ച് എക്സൈസിനും പൊലീസിനും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാകും നടപടി
3. ലഹരിമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കളുടെ ഉടമസ്ഥരായി തുടരുന്ന ബിനാമികൾക്കെതിരെയും നിയമ പരമായ നടപടികൾ വരും
4. ജില്ലയിലെ അഞ്ച് പൊലീസ് സബ് ഡിവിഷനുകളിൽ അതത് ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിലാരംഭിച്ച നടപടികളിൽ നർക്കോട്ടിക് , ക്രൈം റിക്കോർഡ് ബ്യൂറോ ഡിവൈ.എസ്.പി മാർക്കും ഉദ്യോഗസ്ഥർക്കുമാണ് ഏകോപനച്ചുമതല
5. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന സി.ഐ മാരുടെയും അസി. എക്സൈസ് കമ്മിഷണറുടെയും നേതൃത്വത്തിലാണ് നടപടി
ലഹരിക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടലിനുള്ള ശ്രമത്തിലാണ്. പൊലീസും എക്സൈസും സംയുക്തമായി ആരംഭിച്ച നടപടി പ്രകാരം ജില്ലയിൽ മൂന്നുഡസനിലധികംപേരുടെ സ്വത്ത് വിവരങ്ങൾ പരിശോധിച്ചുവരികയാണ്
- എം.പി. മോഹന ചന്ദ്രൻ നായർ ,ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |