
വിഴിഞ്ഞം: വിദേശത്തേക്ക് വിസ വാഗ്ദ്ധാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. കാസർകോട് സ്വദേശി ഹസ്ബുള്ളയെയാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി അക്ബർഷാ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാൾക്കും സുഹൃത്തിനും ഒമാനിൽ ജോലി വാഗ്ദ്ധാനം ചെയ്ത് വിസ നൽകാമെന്ന് പറഞ്ഞ് രണ്ടുപേരിൽ നിന്നുമായി 58,200 രൂപ കബളിപ്പിച്ചതായാണ് പരാതി. കേരളത്തിൽ പലസ്ഥലങ്ങളിലും നിരവധി പേരിൽ നിന്നും വിദേശത്തേക്ക് വിസ നൽകാമെന്ന് പറഞ്ഞ് 50,000 രൂപ വീതം നൂറിലധികം പേരിൽ നിന്നായി ഇയാൾ തട്ടിപ്പ് നടത്തിയെന്ന് പൊലീസ് പറഞ്ഞു. മാന്യമായി വസ്ത്രം ധരിച്ച് വീടുകളിലെത്തി സംസാരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂടുതലും സ്ത്രീകളാണ് കബളിപ്പിക്കപ്പെടലിനിരയായത്. ട്രെയിനിൽ മാത്രം സഞ്ചരിക്കുകയും റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങുകയും ചെയ്തിരുന്നതിനാൽ ഇയാളെ കണ്ടെത്തുന്നത് പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കി. മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷമാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയാളെ പിടികൂടിയത്. ശ്രീകാര്യം സ്റ്റേഷനിൽ മോഷണക്കേസുള്ളതായും തട്ടിപ്പിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ. എം.പ്രശാന്ത്,എസ്.സി.പി.ഒമാരായ രാമു,അരുൺ.പി.മണി എന്നിവരാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |