
കരുനാഗപ്പള്ളി/ആലുവ: പടനായർകുളങ്ങര വടക്ക് കെട്ടിശേരി കിഴക്കതിൽ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റുചെയ്‌തു. തഴവ കുതിരപ്പന്തി കളീക്കൽ വീട്ടിൽ രാജീവ് (25),ഓച്ചിറ മേമന ലക്ഷ്മി വിലാസത്തിൽ മനു (31) എന്നിവരെയാണ് ഇന്നലെ രാവിലെ പിടികൂടിയത്.
രാജീവ് കാമ്പിശേരി ജംഗ്ഷന് സമീപത്ത് നിന്നും മനു വയനകത്ത് നിന്നുമാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന ഹരി,പ്യാരി,അലുവ അതുൽ,പങ്കജ് എന്നിവർക്കായി അന്വേഷണം ഊർജ്ജിതമാക്കി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ ഉടൻ അപേക്ഷ സമർപ്പിക്കും. 27ന് പുലർച്ചെ 2.30ഓടെയായിരുന്നു സന്തോഷിന്റെ വീട്ടിലെത്തിയ ക്വട്ടേഷൻ സംഘം അമ്മയുടെ മുന്നിലിട്ട് സന്തോഷിനെ കൂടത്തിന് അടിച്ചും വാളിന് വെട്ടിയും കൊലപ്പെടുത്തിയത്.
കരുനാഗപ്പള്ളി എ.സി.പിയുടെ നേതൃത്വത്തിൽ 4 എസ്.എച്ച്.ഒമാർ ഉൾപ്പടെ 18 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സിറ്റി പൊലീസ് കമ്മിഷണറുടെ ഡാൻസാഫ് ടീമും അന്വേഷണ സംഘത്തോടൊപ്പമുണ്ട്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ വി.ബിജുവാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
അലുവ അതുൽ
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സംഘത്തിൽ ഉൾപ്പെട്ട കാർത്തികപ്പള്ളി ഓച്ചിറ മഠത്തിൽ കാരായ്മ ഭാഗത്ത് കൃഷ്ണവിലാസം വീട്ടിൽ അലുവ അതുൽ തലനാരിഴയ്ക്കാണ് പൊലീന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. ആലുവയിൽ വച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അതുൽ ഭാര്യ പ്രതീക്ഷയ്ക്കും കുഞ്ഞിനുമൊപ്പം കാറിൽ പോകുമ്പോൾ അശോകപുരം കൊച്ചിൻ ബാങ്കിന് സമീപത്തുവച്ച് പൊലീസ് കൈകാണിച്ചു.
എന്നാൽ കാർ നിറുത്താതെ പോയി. പൊലീസ് പിന്തുടർന്നെങ്കിലും ഒരു കിലോമീറ്റർ അകലെ ചൂണ്ടിയിൽ ഭാഗത്ത് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് കാറിലുണ്ടായിരുന്ന ഭാര്യയേയും കുട്ടിയെയും സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു. ഗുരുവായൂർ,കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ പോയശേഷം ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് പോകുകയാണെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |