തിരുവനന്തപുരം: പാളയത്തെ ഗവ. മെൻസ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. 455-ാം മുറിയിൽ നിന്നാണ് പേപ്പറിൽ പൊതിഞ്ഞ 20 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലിലെ മറ്റ് 11-ഓളം മുറികളും പരിശോധിച്ചു. ഇതിൽ തമിഴ്നാട് സ്വദേശി ഉപയോഗിച്ചിരുന്ന മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ ഇന്നലെ രാവിലെ മുറിയൊഴിഞ്ഞതായും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും എക്സൈസ് അധികൃതർ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അതേസമയം, രാവിലെ അപ്രതീക്ഷിതമായി നടത്തിയ റെയ്ഡ് പെട്ടെന്നുതന്നെ അവസാനിപ്പിച്ചെന്നും അതിൽ ചില രാഷ്ട്രീയ ഇടപെടലുണ്ടായെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളേജ്, ആർട്സ് കോളേജ്, ബി.എഡ് ട്രെയിനിംഗ് കോളേജ്, ലാ കോളേജ് അടക്കമുള്ള കോളേജുകളിലെ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ 300ലേറെ മുറികളാണുള്ളത്. അവധിയായതിനാൽ മിക്ക മുറികളും അടച്ച് കുട്ടികൾ വീട്ടിൽപോയിരുന്നു. രണ്ട് ദിവസം മുമ്പ് സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ രണ്ടുപേരെ പിടികൂടി മ്യൂസിയം പൊലീസിന് കൈമാറിയിരുന്നതായി എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് പറഞ്ഞു. ഹോസ്റ്റലിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുകളിലുള്ള നിലയിലെ ബ്ലോക്കിൽ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്നും അവിടെ എസ്.എഫ്.ഐ പ്രവർത്തകരാരും താമസിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.. കളമശേരി പോളിടെക്നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ കഴിഞ്ഞമാസം നടത്തിയ റെയ്‌ഡിൽ വൻതോതിൽ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് പൊലീസിന്റെയും എക്സൈസിന്റെയും തീരുമാനം.
കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റൽ കേരള യൂണിവേഴ്സിറ്റിയുടേതല്ലെന്ന് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിലുള്ളതാണ് ഹോസ്റ്റൽ. റെയ്ഡ് നടത്തിയതിനെ അഭിനന്ദിക്കുന്നതായും എല്ലാ ഹോസ്റ്റലുകളിലും റെയ്ഡ് നടത്തണമെന്നാണ് യൂണിവേഴ്സിറ്റിയുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |