SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ചെമ്പ് നോയൽ കൊലപാതകം : അഞ്ച് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

shameer

കോട്ടയം : സഹോദരൻ ബസ് പിന്നോട്ട് എടുത്തപ്പോൾ ബൈക്കിൽ തട്ടിയെന്ന കാരണത്താൽ മർദ്ദനത്തിനിരയായി പുഴയിൽ മുങ്ങി യുവാവ് മരിച്ച കേസിൽ അഞ്ച് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും 50000 രൂപ പിഴയും. ചെമ്പ് സ്വദേശി നോയൽ (23) നെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. വടക്കേമുറി ഇരുമ്പുഴിക്കര ഓണാട്ടുതറയിൽ ഷമീർ (45), സഹോദരൻ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുൾ (64), പടിഞ്ഞാറെമുറി പള്ളത്ത് സുധീർ (47), ഇന്നാംതുരുത്തിൽ ഷാജി (54) എന്നിവർക്കെതിരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.സതീഷ് കുമാർ ശിക്ഷിച്ചത്. മറ്റ് പ്രതികളായ മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ വെറുതെ വിട്ടു. പിഴത്തുകയിൽ നിന്ന് 2 ലക്ഷം രൂപ നോയലിന്റെ കുടുംബത്തിന് നൽകുന്നതിനും 50,000 രൂപ സഹോദരൻ നോബിളിന് നൽകാനും കൂറുമാറിയ നാല് സാക്ഷികൾക്കെതിരെ കേസെടുക്കാനും ഉത്തരവുണ്ട്. 2012 മാർച്ച് 16 ന് വൈക്കത്തെ ജ്യോതി ഓയിൽ സ്റ്റോഴ്‌സ് പെട്രോൾ പമ്പിലായിരുന്നു സംഭവം. ഇന്ധനം നിറയ്ക്കാൻ പ്രിയദർശിനി ബസുമായി എത്തിയ ഡ്രൈവർ നോബിളിനെ, ബസ് റിവേഴ്‌സ് എടുത്തപ്പോൾ ബൈക്കിൽ തട്ടിയെന്ന കാരണത്താൽ മൂന്നാം പ്രതി അസീസ് മർദ്ദിച്ചു. പിന്നീട് അസീസ് മക്കളെയും ബന്ധുക്കളെയും കൂട്ടി ബസ് റോഡിൽ തടഞ്ഞ് നോബിളിനെ മർദ്ദിച്ചു. പരിക്കേറ്റ ഇയാളെ വൈക്കം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതികൾ അവിടെയുമെത്തി മർദ്ദനം തുടർന്നു. ഇവിടെ നിന്നും മുറിഞ്ഞപുഴയിലെ ബന്ധുവീട്ടിൽ അഭയം തേടിയെങ്കിലും പിന്തുടർന്നെത്തി. രക്ഷപ്പെടാനായി ഇരുവരും മുറിഞ്ഞപുഴയാറ്റിൽ ചാടുകയായിരുന്നു. കരയിലേക്ക് നീന്തിയ ഇവർക്ക് നേരെ കല്ലെറിഞ്ഞു. അവശനിലയിലായ നോയൽ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.വിനോദ്ജി, ഗിരിജാ ബിജു എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY