SignIn
Kerala Kaumudi Online
Friday, 22 May 2026 2.20 AM IST

കാറുകൾ വാടകയ്ക്കെടുത്ത് മറിച്ച് വിൽപ്പന; കാസർകോട് കേന്ദ്രീകരിച്ച തട്ടിപ്പ് റാക്കറ്റ് തലവൻ പിടിയിൽ 80 കാറുകൾ തട്ടിയെന്ന് സൂചന

prathi-

കാസർകോട് : കാറുകൾ വാടകയ്ക്കെടുത്ത മറിച്ച് വാടകയ്ക്ക് നൽകുകയും പിന്നീട് വാഹനങ്ങൾ വിൽപ്പന നടത്തുകയും ചെയുന്ന തട്ടിപ്പ് റാക്കറ്റിന്റെ തലവൻ പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട് ആവിക്കര ബീച്ച് റോഡിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഷംസുദ്ദീൻ മുഹമ്മദി (44)നെയാണ് വിദ്യാനഗർ പൊലീസ് തന്ത്രപരമായ നീക്കത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. വിദ്യാനഗർ ഇൻസ്പെക്ടർ എം.പി. വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വിദ്യാനഗർ സ്വദേശിനിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർ അന്വേഷണത്തിൽ നിരവധി വാഹന ഉടമകളെ ലക്ഷ്യമിട്ട് പ്രതി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് പറയുന്നതനുസരിച്ച്, രണ്ടോ മൂന്നോ മാസത്തേക്ക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതായിരുന്നു തട്ടിപ്പിന്റെ ആദ്യഘട്ടം. വിശ്വാസം നേടിയ ശേഷം വാഹനങ്ങൾ മറ്റുള്ളവർക്ക് വീണ്ടും വാടകയ്ക്ക് നൽകും. ഇത്തരത്തിൽ ഒന്നിലധികം ആളുകൾക്ക് വാഹനങ്ങൾ മറിച്ച് വാടകയ്ക്ക് നൽകിയ ശേഷം കാർ എറണാകുളത്തേക്ക് കൊണ്ടുപോയി ഒരു സംഘത്തിന് വിൽക്കുന്നതായിരുന്നു രീതി. വാഹനത്തിന്റെ യഥാർത്ഥ ഉടമകൾ കാറിനെക്കുറിച്ച് അന്വേഷിക്കാൻ എത്തുമ്പോൾ പ്രതി മുങ്ങി നടക്കുന്നതായും പൊലീസ് കണ്ടെത്തി. വിദ്യാനഗർ, കാസർകോട്, ബദിയടുക്ക, മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി ഏകദേശം 80 ലധികം കാറുകൾ ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കണ്ണൂർ, എറണാകുളം ജില്ലകളിലും സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. വാഹനങ്ങൾ വാങ്ങിയ സംഘത്തെയും മറ്റ് കൂട്ടുപ്രതികളെയും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായി വിദ്യാനഗർ ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ പിടികൂടിയ സംഘത്തിൽ വിദ്യാനഗർ എസ്.ഐ. അനൂപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത് എന്നിവരും ഉൾപ്പെട്ടിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണം തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY