
കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ ഡോക്ടറിൽ നിന്ന് ഷെയർ ട്രേഡിംഗിന്റെ പേരിൽ 37 ലക്ഷം തട്ടിയ കേസിലെ പ്രധാനി അറസ്റ്റിൽ. കമ്പോഡിയ കേന്ദ്രീകരിച്ച് ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാന കണ്ണി പാലക്കാട് തൂത സ്വദേശി അബ്ദു റഹ്മാനെയാണ് (24) കൊച്ചി സിറ്റി സൈബർ പൊലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
2022 മുതൽ കമ്പോഡിയയിലുള്ള അബ്ദു റഹ്മാന് തുടക്കത്തിൽ ഇരകൾക്ക് സന്ദേശം അയയ്ക്കലായിരുന്നു ജോലി. പിന്നീട് 'മികച്ച പ്രകടനം' കണക്കിലെടുത്ത് ചൈനീസ് ബോസ് ടീം ലീഡറാക്കി.
സോഷ്യൽ മീഡിയയിലെ ട്രേഡിംഗ്, ലോൺ ആപ്പ് പരസ്യം വഴിയാണ് ഇരകളെ കണ്ടെത്തിയത്. പൊലീസും സർക്കാരും ജാഗ്രതാ നിർദ്ദേശം നൽകിയതോടെ തട്ടിപ്പ് മാട്രിമോണിയൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റി. സ്ത്രീകളുടെയും പുരുഷന്മാരുടെയും വ്യാജ പ്രൊഫൈൽ നിർമ്മിക്കും. വിവാഹ വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ശേഷം സമ്പാദ്യമെന്ന നിലയിൽ ട്രേഡിംഗിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ഉയർന്ന ലാഭവാഗ്ദാനം, ഭാവി വരൻ -വധുവിന്റെ പ്രേരണ എന്നിവയാലും പലരും ഈ കെണിയിൽ വീഴും. നിക്ഷേപിക്കുന്ന പണം ഇന്ത്യയിലെ മ്യൂൾ അക്കൗണ്ടിലേക്കാണ് എത്തുക. ഏജന്റുമാർ വഴി ഈ പണം പിൻവലിക്കുകയോ ക്രിപ്റ്റോ കറൻസിയാക്കുകയോ ചെയ്യും. തട്ടിപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ, മാട്രിമോണിയലിലെ ആയിരത്തിലധികം വ്യാജ പ്രൊഫൈൽ കൊച്ചി സൈബർ പൊലീസ് നീക്കം ചെയ്തു. സൈബർ പൊലീസ് ഇൻസ്പെക്ടർ ഷെമീർഖാൻ, എസ്.സി.പി.ഒമാരായ അജിത്ത് രാജ്, ആർ.അരുൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |