തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രതി ഏബൽ അഗസ്റ്റിൻ റിമാൻഡിൽ. ഓഗസ്റ്റ് ഏഴ് വരെയാണ് ഏബലിനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. ഇത് രണ്ടാം തവണയാണ് ഏബലിനെ കോടതിയിൽ ഹാജരാക്കുന്നത്. ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ തുടർന്ന് കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തുകയും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്‌തതോടെയാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതിയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ സമാനമായ കുറ്റകൃത്യങ്ങൾക്ക് അഞ്ച് എഫ്.ഐ.ആറുകളാണ് ഏബലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
സഹപാഠികളുടെയും സീനിയർ വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്തും അല്ലാതെയും റെഡ്ഡിറ്റ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചെന്നാണ് ഏബലിനെതിരെയുള്ള കേസ്. ഇരയായ വിദ്യാർത്ഥികൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.
എന്നാൽ തുടക്കത്തിൽ കൂടുതൽ പരാതികൾ ലഭിച്ചിട്ടും അതിനനുസരിച്ച് കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. സമാനമായ കുറ്റകൃത്യമായതിനാൽ ഒരൊറ്റ കേസ് മാത്രം മതിയെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതേത്തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധമുയർത്തുകയും പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരായത്.
Thiruvananthapuram Medical College student Abel Augustin, accused of morphing and circulating classmates' pictures online, has been remanded by court until August 7. This re-arrest followed multiple new case registrations against him amidst strong student protests. He was initially granted bail, and his current bail plea is pending.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |