
കൊച്ചി: യുവതിയുടെ മൂക്കിന്റെ സൗന്ദര്യം കൂട്ടാനുള്ള ശസ്ത്രക്രിയയിലുണ്ടായ പിഴവിന്റെ പേരിൽ ക്ലിനിക് ഉടമയായ ഡോക്ടറിൽനിന്ന് 15 ലക്ഷംരൂപ തട്ടിയെടുക്കാൻ ശ്രമിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ചികിത്സാപ്പിഴവിനെക്കുറിച്ച് യുവതി പറയുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട് അപകീർത്തിപ്പെടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
പെരുമ്പാവൂർ മുടിക്കൽ വഞ്ചിനാട് പുതുക്കാടൻവീട്ടിൽ പി.എ. ഇബ്രാഹിംകുട്ടി (49), കോതമംഗലം സ്വദേശി ഇരമല്ലൂർ അമ്പാട്ട്‌വീട്ടിൽ അനന്തു എസ്. നായർ (27), മലപ്പുറം പരപ്പനങ്ങാടി ദുർഗാദേവി ക്ഷേത്രത്തിന് സമീപം താഴത്ത്‌വീട്ടിൽ ടി.വി. അഭിലാഷ് (44) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റുചെയ്തത്.
2025 ജൂണിൽ കടവന്ത്രയിലെ ക്ലിനിക്കിൽ റിനോപ്ലാസ്റ്റി സർജറിക്ക് വിധേയയായ വയനാട് സ്വദേശിനിയാണ് ശസ്ത്രക്രിയയിൽ പാകപ്പിഴ ആരോപിച്ച് രംഗത്തെത്തിയത്. ജനുവരിയിൽ ഡോക്ടറെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപം വിളിച്ചുവരുത്തി യുവതി പറയുന്ന വീഡിയോ പ്രതികൾ കാട്ടിക്കൊടുത്തു. ഡോക്ടറെയും സ്ഥാപനത്തെയും കുറ്റപ്പെടുത്തിയാണ് യുവതി വീഡിയോയിൽ സംസാരിക്കുന്നത്. രണ്ടുദിവസം കഴിഞ്ഞ് പനമ്പിള്ളിനഗറിലെ ഹോട്ടലിൽ ഡോക്ടറെ വിളിച്ചുവരുത്തി 15 ലക്ഷംരൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ സമൂഹമാദ്ധ്യമങ്ങളിൽക്കൂടി പ്രചരിപ്പിക്കുമെന്നും ടിവി ചാനലുകൾക്ക് കൈമാറുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതി നിർദ്ദേശപ്രകാരം ജാമ്യം നൽകി വിട്ടയച്ചതായി സൗത്ത് പൊലീസ് പറഞ്ഞു. ഇബ്രാഹിമും അഭിലാഷും മറ്റ് കേസുകളിലും പ്രതിയാണ്. ഇബ്രാഹിമും യുവതിയുടെ ഭർത്താവും ഒരുമിച്ച് ജോലിചെയ്തിട്ടുണ്ട്. ക്ലിനിക്കിനെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് യുവതി നൽകിയ പരാതിയിൽ കടവന്ത്ര പൊലീസ് കഴിഞ്ഞമാസം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |