
തൃശൂർ: നഗരമദ്ധ്യത്തിലെ അനാശാസ്യ കേന്ദ്രത്തിലുണ്ടായ തർക്കത്തെത്തുടർന്ന് ഒഡീഷ സ്വദേശിയായ ഹോട്ടൽ തൊഴിലാളി ധൻപതി നായിക് (27) മർദ്ദനമേറ്റ് മരിച്ച കേസിൽ ഒളിവിൽ പോയ മുഖ്യപ്രതിയെ അസമിൽ നിന്ന് വിമാനമാർഗ്ഗം തൃശൂരിലെത്തിച്ചു. ഭൂട്ടാൻ അതിർത്തി ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് സാഹസികമായി പിടികൂടി ഞായറാഴ്ച രാത്രിയോടെയാണ് തൃശൂരിൽ എത്തിച്ചത്. അസം സ്വദേശിയായ നൂർ ആലം (28) ആണ് പിടിയിലായത്. ഭൂട്ടാൻ അതിർത്തിയിലെ മോറിഗാവോ ജില്ലയിലെ മയോൻ കോപുഞ്ചൻ എന്ന ട്രൈബൽ (ഗോത്ര) മേഖലയിൽ നിന്നാണ് ഈസ്റ്റ് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ജൂൺ 18ന് രാത്രി പത്തോടെ സ്വരാജ് റൗണ്ടിന് സമീപമുള്ള കോരപ്പത്ത് ലൈനിലെ അനാശാസ്യ കേന്ദ്രത്തിലായിരുന്നു കൊലപാതകം. ഹോട്ടൽ തൊഴിലാളികളായ ധൻപതി നായിക്, മക്കറ മാജി, ത്രിണാദ് മാജി എന്നിവർ ഇവിടെയെത്തുകയും ഇടപാടിൽ തൃപ്തരല്ലെന്ന് പറഞ്ഞ് പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ, കേന്ദ്രം നടത്തിപ്പുകാരായ സംഘം ഇടിവള അടക്കമുള്ള മാരകായുധങ്ങളുമായി ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ധൻപതി നായിക് മരിച്ചത്. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് അസമിലും ഒഡീഷയിലുമുള്ള നസ്രിൻ, മാസുമ, റുബീന ബീഗം, മാസുനി, മൊഹന്തി നായിക്, ഹുസൈൻ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |