SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.34 AM IST

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളിയ സംഭവം: നഗരസഭാ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ  ശ്രമിച്ചയാൾ  അറസ്റ്റിൽ

police
പൊലീസ്.

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കരിമഠം കോളനി സ്വദേശി സുരേഷിനെയാണ് ഫോർട്ട് പൊലീസ് അറസ്‌റ്റുചെയ്‌തത്. പരിക്കേറ്റ നഗരസഭ ജീവനക്കാരൻ എസ്.ആർ.സുരേഷ് ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്‌.പി ഫോർട്ട് ആശുപത്രിക്ക് സമീപം ഇന്നലെ പുലർച്ചെ 4നായിരുന്നു സംഭവം.

രാത്രിയിൽ തോടുകളിൽ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാൻ സുരേഷ്,രാഹുൽ എന്നീ ജീവനക്കാരെ നഗരസഭ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ജീവനക്കാർ തകരപ്പറമ്പിന് സമീപമുള്ള ആമയിഴഞ്ചാൻ തോടിന് സമീപത്തെത്തിയപ്പോഴാണ് ആശുപത്രിക്ക് എതിർവശമുള്ള ' ഗണേഷ് ടീ സ്റ്റാളിൽ ' നിന്ന് കോർപ്പറേഷന്റെ ലൈസൻസോ അംഗീകാരമോ ഇല്ലാത്ത അനധികൃത സംഘങ്ങൾ മാലിന്യമെടുക്കുകയും ആമയിഴഞ്ചാൻ തോട്ടിൽ തള്ളുകയും ചെയ്യുന്നത് കണ്ടത്. ഓട്ടോയിലെത്തിയ രണ്ടുപേർ മാലിന്യം തള്ളുകയായിരുന്നു.

ബൈക്കിലെത്തിയ ജീവനക്കാർ തടയാൻ ശ്രമിച്ചപ്പോൾ ഓട്ടോ ബൈക്കിൽ ഇടിപ്പിക്കുകയായിരുന്നു. ജീവനക്കാർ റോഡിലേയ്‌ക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിലാണ് സുരേഷിന് പരിക്കേറ്റത്. ബൈക്കിന് മുകളിലൂടെ വാഹനം കയറ്റിയിറക്കി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടാം പ്രതി ഷമീർ ഒളിവിലാണ്. ചികിത്സയിലുള്ള സുരേഷിനെ മേയർ വി.വി.രാജേഷ് ആശുപത്രിയിൽ സന്ദർശിച്ചു. സംഭവത്തിൽ കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) പ്രതിഷേധിച്ചു.

ശക്തമായ നടപടി

നഗരസഭ പരിധിയിലെ മാലിന്യ മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ വി.വി.രാജേഷ് അറിയിച്ചു. വധശ്രമത്തെ അപലിക്കുന്നു,​ ജീവനക്കാർക്ക് പൂർണ സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY