
പൊലീസ് വേഷത്തിൽ കൃഷ്ണപ്രഭ ആദ്യമല്ല. 'ഇതു താൻടാ പൊലീസ് ", 'വലതുവശത്തെ കള്ളൻ" എന്നീ സിനിമയിൽ എല്ലാം കൃഷ്ണപ്രഭയുടെ പൊലീസ് വേഷം കണ്ടതാണ്. ഷെയ്ൻ നിഗം നായകനായി നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത 'ദൃഢം "സിനിമയിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രവുമായി പ്രേക്ഷകരോട് ഇഷ്ടം കൂടുന്നു. രണ്ട് പതിറ്റാണ്ടായി കൃഷ്ണപ്രഭ സിനിമായാത്ര തുടങ്ങിയിട്ട്. സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തി യാത്ര തുടരുന്ന കൃഷ്ണപ്രഭ പുതിയ വിശേഷങ്ങൾ പങ്കിടുന്നു.
ദൃഢം സിനിമയിലെ പൊലീസ് വേഷം എങ്ങനെ വേറിട്ടതാകുന്നു ?
രമ്യ സുരേന്ദ്രൻ എന്ന പൊലീസ് കഥാപാത്രം ആണ്. കുഴിനിലം എന്ന ഒറ്റപ്പെട്ട സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ രണ്ട് വനിത ഉദ്യോഗസ്ഥരിൽ ഒരാളാണ് എന്റെ കഥാപാത്രം. ഒപ്പമുള്ള ഉദ്യോഗസ്ഥയെ അപേക്ഷിച്ച് എന്റെ കഥാപാത്രം കുറച്ച് സീനിയറാണ്. കാര്യങ്ങളെല്ലാം ഒറ്രയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന അത്യാവശ്യം ശക്തമായ കഥാപാത്രം . ആ സ്റ്രേഷനിലേക്ക് ചാർജെടുക്കാൻ വരുന്ന എസ്.ഐ. ആണ് ഷെയ്നിന്റെ കഥാപാത്രം.
മുൻപ് സ്ഥിരംവേലക്കാരി,നഴ്സ് കഥാപാത്രങ്ങൾ. അടുത്ത സിനിമയിലും പൊലീസാണോ?
ദൃശ്യം 3 ആണ് അടുത്ത റിലീസ്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ വീണ്ടും കഴിഞ്ഞതിൽ സന്തോഷമുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ 'ഉന്മാദം" പിന്നത്തെ റിലീസ്. അതിലും പൊലീസും വേലക്കാരിയും അല്ല. വേലക്കാരിയായി അഭിനയിക്കുന്നത് നിറുത്തി. മന ഃപൂർവം ഒഴിവാക്കി . പിന്നെ ഇപ്പോൾ സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറവായതിനാൽ വേലക്കാരി കഥാപാത്രത്തിന് സ്കോപ്പില്ല.
ചില സിനിമകളിൽ ഒരു സീൻ മാത്രം ?
അങ്ങനെ ഒരു സീൻ നോക്കി ചെയ്യുന്നതല്ല. കഥാപാത്രമാണ് നോക്കുക. പിന്നെ ഇപ്പോഴത്തെ സിനിമയുടെ രീതി അനുസരിച്ച് സ്ത്രീ കഥാപാത്രങ്ങൾ വളരെ കുറവാണ്. അതിനാൽ അഭിനേത്രി എന്ന നിലയിൽ ഒരു കഥാപാത്രം എങ്കിലും കിട്ടുന്നത് ഭാഗ്യമെന്നാണ് വിചാരിക്കുന്നത്. മാത്രമല്ല സീനിന്റെ എണ്ണം നോക്കാറില്ല. നല്ല കഥാപാത്രം എപ്പോഴെങ്കിലും തേടി എത്തും എന്നും വന്നു ചേരുന്ന എല്ലാ വേഷവും വളരെ ഭംഗിയായി ചെയ്യുക എന്നതുമാണ് പോളിസി. ഇപ്പോഴും ലൈവായി സിനിമയിൽ നിൽക്കാൻ കഴിയുന്നുണ്ടല്ലോ എന്നതാണ് ഞാൻ എന്നിൽ കാണുന്ന ഒരു പോസിറ്റീവ്.
സിനിമയിൽ 20 വർഷങ്ങൾ. ക്യാരക്ടർ വേഷം മാത്രം ചെയ്യാൻ കാരണം ?
സിനിമയിലേക്ക് വന്നത് സപ്പോർട്ടിംഗ് ആർട്ടിസ്റ്റായാണ് . ഒരിക്കലും നായികയായി അഭിനയിച്ചില്ല.അതിന് ശ്രമിച്ചില്ലെന്ന് വേണം പറയാൻ. അഭിനയ ജീവിതത്തിൽ എന്റെ റോൾ മോഡൽ എപ്പോഴും സുകുമാരി അമ്മ ആണ്. സുകുമാരി അമ്മ നല്ലൊരു സപ്പോർട്ടിംഗ് ആർട്ടിസ്റ്റായിരുന്നു. സുകുമാരി അമ്മ ഇല്ലാത്ത സിനിമയുടെ എണ്ണം കുറവായിരിക്കും. ചെയ്യുന്ന സിനിമകളിൽ എല്ലാം വളരെ നല്ല പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു സപ്പോർട്ടിംഗ് ആർട്ടിസ്റ്റായി നല്ല സിനിമകൾ ചെയ്ത് പ്രേക്ഷകരുടെ മനസിൽ അവസാനംവരെ ഇടം പിടിക്കാനാണ് ആഗ്രഹിക്കുന്നത്.
എപ്പോഴും ഹാപ്പി ഗേൾ ആയി കാണപ്പെടുന്നു ?
എന്റെ കഴിവിൽ എന്നും സംതൃപ്തയാണ്. അതാണ് എപ്പോഴും സന്തോഷവതിയാക്കുന്നത്. എന്നിലേക്ക് മാത്രം ചുരുങ്ങി എന്റെ കഴിവുകളെ തേച്ചുമിനുക്കി എടുക്കുന്ന വ്യക്തിയാണ് ഞാൻ. കുടുംബത്തോടൊപ്പമാണ് കൂടുതൽ സമയവും ചിലവഴിക്കുന്നത്. ഞാൻ എന്നെ മറ്റൊരാളുമായി താരതമ്യം ചെയ്യാറില്ല. താരതമ്യം ചെയ്യുമ്പോഴാണ് സങ്കടങ്ങൾ ഉണ്ടാകുന്നത്. എന്റെതന്നെ മുൻപത്തേതും ഇപ്പോഴത്തേതും കാലവുമായാണ് എന്നെ ഞാൻ വിലയിരുത്തുക. അതിനാൽ എപ്പോഴും ചിരിക്കാൻ കഴിയുന്നു.
അഭിനേത്രി,ഗായിക, നർത്തകി,അവതാരക .ഇവരിൽ ഏറ്റവും അടുത്ത കൂട്ടുകാരി ആരാണ് ?
കൂടുതൽ ഡാൻസിലും പാട്ടിലുമാണ് ശ്രദ്ധിക്കുന്നത്. അവതാരകയായി എത്തുന്നത് അപൂർവം .അത് എന്റെ സ്ഥിരമായ മേഖലയല്ല. അവസരം വരുമ്പോൾ ചെയ്യുന്നു എന്ന് മാത്രം. സംഗീത കച്ചേരികൾ പണ്ടു മുതൽ ചെയ്യുന്ന ആളായിരുന്നു. എന്നാൽ ആളുകൾക്ക് അറിയില്ലെന്ന് മാത്രം. സോഷ്യൽ മീഡിയ സജീവമായതോടെയാണ് ഞാൻ പാടുമെന്ന് അറിഞ്ഞത്. ഇതോടൊപ്പം സിനിമയും പണ്ട് മുതൽ ആഗ്രഹിച്ചതാണ്.
സിംഗിൾ ജീവിതം എന്തു കൊണ്ട് തിരഞ്ഞെടുത്തു ?
എപ്പോഴും സന്തോഷത്തോടെ കഴിയാൻ ആഗ്രഹിക്കുന്നു. എന്റെ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നു.ഇഷ്ടമുള്ള സമയത്തെല്ലാം യാത്ര ചെയ്യാം. കുടുംബ ജീവിതത്തിലേക്ക് കടന്ന പല ആളുകളുടെയും കരിയറും കുടുംബവും പിന്നീട് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വരുന്ന അവസ്ഥ പലപ്പോഴും കണ്ടിട്ടുണ്ട്. പലരും ബന്ധം നിലനിറുത്താൻ പാടുപെടുന്നു. അത് കാണുമ്പോൾ സിംഗിൾ ജീവിതമാണ് നല്ലതെന്ന് തോന്നും. കഷ്ടപ്പെട്ട് ഈ മേഖലയിൽ എത്തിപ്പെട്ട ആളാണ്. അതിനാൽ മറ്റൊരാൾക്ക് വേണ്ടി അത് ഇല്ലാതാക്കില്ല. എന്നും സിംഗിൾ ആയിരിക്കാനാണ് ആഗ്രഹം. അത് എന്റെ അഭിപ്രായവും തീരുമാനവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |