SignIn
Kerala Kaumudi Online
Wednesday, 03 June 2026 3.40 AM IST

രണ്ട് മാസം ഗര്‍ഭിണിയായിരിക്കെ അപകടത്തില്‍ മരണം, ഇത് അവസാനചിത്രമെന്ന് പറഞ്ഞത് അറംപറ്റി

READ ENGLISH VERSION
actree-soundarya

വെറും രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് മലയാളത്തില്‍ അഭിനയിച്ചതെങ്കിലും ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് സൗന്ദര്യ. മോഹന്‍ലാലിന്റെ നായികയായി കിളിച്ചുണ്ടന്‍ മാമ്പഴം, ജയറാമിന്റെ നായികയായി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളിലാണ് മലയാളത്തില്‍ അവര്‍ അഭിനയിച്ചത്. 2004ല്‍ ഒരു വിമാന അപകടത്തിലാണ് അവര്‍ കൊല്ലപ്പെട്ടത്. നടിയുടെ ഒപ്പമുണ്ടായിരുന്ന ഒരേയൊരു സഹോദരനും അപകടത്തില്‍ മരിച്ചിരുന്നു. 2004 ഏപ്രില്‍ 17ന് ആണ് അപകടം സംഭവിച്ചത്.

മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിന്റെ കന്നട പതിപ്പിലാണ് (ആപ്തമിത്ര) സൗന്ദര്യ അവസാനമായി അഭിനയിച്ചത്. ഈ ചിത്രം തന്റെ അവസാനത്തേതായിരിക്കുമെന്ന് അവര് സുഹൃത്ത്കൂടിയായ സംവിധായകന്‍ ഉദയകുമാറിനോട് പറഞ്ഞിരുന്നു. താന്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്നും അവര്‍ സുഹൃത്തിനെ അറിയിച്ചു. യഥാര്‍ത്ഥത്തില്‍ ഇത് തന്റെ അവസാന ചിത്രമാണെന്ന് പറയുമ്പോള്‍ നടി ഉദ്ദേശിച്ചത് താന്‍ അമ്മയായ ശേഷം അഭിനയജീവിതത്തിലേക്ക് മടങ്ങി വരില്ല എന്നായിരുന്നു.

2004ന്റെ ആദ്യമാണ് അവര്‍ ബാല്യകാല സുഹൃത്തായ രഖുവിനെ വിവാഹം ചെയ്തത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു അദ്ദേഹം. ലോക്‌സഭാ പ്രചാരണത്തിനായി ബംഗളൂരുവില്‍ നിന്ന് ആന്ധ്രപ്രദേശിലെ കരീം നഗറിലേക്ക് യാത്രതിരിച്ചതായിരുന്നു അവര്‍. സൗന്ദര്യയും സഹോദരും സഞ്ചരിച്ച സെസ്‌ന 180 വിമാനം വെറും 46 മീറ്റര്‍ മാത്രം പറന്നുയര്‍ന്നപ്പോള്‍ തന്നെ പൊട്ടിത്തെറിച്ച് താഴേക്ക് വീഴുകയായിരുന്നു. മലയാളിയായ ജോയി ഫിലിപ്പ് ആയിരുന്നു വിമാനത്തിന്റെ പൈലറ്റ്.

കര്‍ണാടക സ്വദേശിയായ സൗമ്യ സത്യനാരായണ അയ്യര്‍ ആണ് പിന്നീട് സൗന്ദര്യ ആയി മാറിയത്. സിനിമാ രംഗത്തേക്ക് വേണ്ടിയായിരുന്നു പേര് മാറ്റിയത്. മാതൃഭാഷയായ കന്നഡയിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറിയതെങ്കിലും സൗന്ദര്യയിലെ നടി വെട്ടിത്തിളങ്ങിയത് തെലുങ്ക് ചിത്രങ്ങളിലൂടെയായിരുന്നു. മൂന്ന് തവണ ആന്ധ്ര സ്റ്റേറ്റ് അവാര്‍ഡും രണ്ട് തവണ കര്‍ണാടക സ്റ്റേറ്റ് അവാര്‍ഡും നേടിയ സൗന്ദര്യയ്ക്ക് നിര്‍മാതാവ് എന്ന നിലയില്‍ മികച്ച ഫീച്ചര്‍ സിനിമയ്ക്കുളള ദേശീയ പുരസ്‌കാരവും ലഭിച്ചു. ആറ് ഫിലിം ഫെയര്‍ അവാര്‍ഡുകളും അവരെ തേടിയെത്തി.

അപ്രതീക്ഷിതമായിട്ടായിരുന്നു സൗന്ദര്യ സിനിമ മേഖലയിലേക്ക് എത്തിയത്. പിതാവ് സത്യനാരായണ അയ്യര്‍ കന്നടയിലെ അറിയപ്പെടുന്ന നിര്‍മാതാവും തിരക്കഥാകൃത്തുമായിരുന്നു. ഒരു ഡോക്ടറാകണമെന്നായിരുന്നു സൗന്ദര്യയുടെ ആഗ്രഹം. ഇതിനായി പ്രീഡിഗ്രി പഠനത്തിന് ശേഷം മെഡിസിന് ചേരുകയും ചെയ്തു. ഒന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥിയായിരിക്കെ ഗാന്ധര്‍വ എന്ന കന്നട സിനിമയിലേക്ക് അവസരം ലഭിച്ചു. ചെറിയ റോളായിരുന്നു അത്. പിന്നീട് വന്ന അവസരങ്ങളൊക്കെ തന്നെ അവര്‍ പഠനത്തിന്റെ പേരില്‍ നിരസിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SOUNDARYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY