കൊച്ചി: സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ശ്വേതാ മേനോൻ പ്രസിഡന്റായ കമ്മിറ്റി പുറത്തുപോയതെന്ന് നടി അൻസിബ ഹസൻ. കമ്മിറ്റിയുടെ സാമ്പത്തിക റിപ്പോർട്ട് ജനറൽ ബോഡിയിൽ പാസായില്ല. ക്രമക്കേട് നേരിടുന്ന കമ്മിറ്റിയെ അഡ്‌ഹോക്ക് കമ്മിറ്റിയായി അംഗീകരിക്കാൻ എങ്ങനെ ജനറൽ ബോഡിക്ക് കഴിയുമെന്നും അൻസിബ വ്യക്തമാക്കി. നടിമാരായ ഉഷ ഹസീന, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അൻസിബ ഇക്കാര്യം വ്യക്തമാക്കിയത്.
രാജിവച്ച കമ്മിറ്റിയെ അഡ്‌ഹോക്ക് കമ്മിറ്റിയാക്കിയില്ലെങ്കിലും അതിലുണ്ടായിരുന്ന ഡോ.റോണി ഡേവിഡ്, ആശ അരവിന്ദ് എന്നിവരെ അഡ്‌ഹോക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ സഞ്ജീവനി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാലാണ് കമ്മിറ്റിയിൽ തുടരുന്നതെന്ന് അൻസിബ പറഞ്ഞു.
അദാനി ഗ്രൂപ്പിൽ നിന്ന് അമ്മ സംഘടനയ്ക്ക് 15 കോടി രൂപ സംഭാവനയായി ലഭിക്കുമെന്ന് ബിജെപി നേതാവ് പത്മജ മേനോൻ പറയുന്ന വീഡിയോ മാലാ പാർവതി പ്രദർശിപ്പിച്ചു. ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നിന്ന് തങ്ങൾക്ക് പണം വേണ്ടെന്ന് നടി വ്യക്തമാക്കി.
ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നിന്ന് ശ്വേതയുടെ വിശ്വാസ്യതയിൽ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നേതാവാണ്. ഞങ്ങളുടെ അറിവിൽ അവർ അമ്മ അംഗമല്ല. മൾട്ടി നാഷണൽ കമ്പനിയുടെ 15 കോടി രൂപ ആവശ്യമില്ല എന്നതാണ് പ്രധാനം.
ശ്വേത കോൺഗ്രസ് ആണെന്ന് പറയുന്നു. അവർക്ക് ഏതുപാർട്ടി വേണമെങ്കിലും ആകാം. അതിൽ ഞങ്ങൾക്ക് എതിർപ്പില്ല. അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ എതിർക്കും. അത് ചോദ്യം ചെയ്യുന്നയാളായിരുന്നു അൻസിബ. മുസ്ളീം നാമധാരിയായ അൻസിബയെ വർഗീയവാദിയാക്കി, ജിഹാദിയാക്കി ഓടിക്കാനുള്ള ശ്രമമാണ് നടന്നത്.
നാളെ വരാനിരിക്കുന്ന കേരള സ്റ്റോറിയാണ് അവിടെ നടക്കുന്നതെന്ന് മനസിലായതുകൊണ്ടാണ് പ്രതികരിച്ചത്. തട്ടമിടാത്ത, അമ്പലത്തിൽ വരെ പോകുന്ന, മലപ്പുറംകാരി മുസ്ളീം മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നുവെന്ന കഥ സിനിമയായി വന്നാൽ അത് ഉത്തരേന്ത്യയിലൊക്കെ നന്നായി ഓടും. ഈ കഥയാണ് സൃഷ്ടിക്കപ്പെടുന്നത് എന്നതുകൊണ്ടാണ് എതിർത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |