SignIn
Kerala Kaumudi Online
Thursday, 23 July 2026 5.23 PM IST

'രാഷ്ട്രീയ നിലപാടില്ലാത്ത അഭിനേതാക്കളുടെ കലയ്ക്ക് മൂല്യമില്ല', വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് തെരുവിലിറങ്ങി നടൻ ഇമ്രാൻ ഖാൻ

imran-khan
ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ

മുംബയ്: ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി ബോളിവുഡ് താരം ഇമ്രാൻ ഖാൻ. 'കോക്ക്രോച്ച് ജനതാ പാർട്ടി' നയിക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് സോഷ്യൽ മീഡിയയിലൂടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം മുംബയിൽ നടന്ന പ്രതിഷേധ മാർച്ചിന്റെ ഭാഗമായത്.

മാർച്ചിനിടെ ഇത്തരം സാമൂഹിക വിഷയങ്ങളിൽ ഇടപെടാത്ത സിനിമാപ്രവർത്തകരെക്കുറിച്ചുള്ള ചോദ്യത്തിന് ശക്തമായ രീതിയിലാണ് ഇമ്രാൻ മറുപടി നൽകിയത്. കലയ്ക്ക് രാഷ്ട്രീയമില്ലെന്ന് വിശ്വസിക്കുന്ന അഭിനേതാക്കളോട് എന്താണ് പറയാനുള്ളതെന്ന് ഒരാൾ ചോദിച്ചപ്പോൾ ഇമ്രാൻ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.

'ഏതൊരു യഥാർത്ഥ കലയിലും അത് ഉണ്ടാക്കുന്ന ആളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ തീർച്ചയായും ഉണ്ടാകും. മനുഷ്യരാകുമ്പോൾ നമുക്കെല്ലാവർക്കും നമ്മുടേതായ അഭിപ്രായങ്ങളും നിലപാടുകളും കാണുമല്ലോ. സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കാൻ കഴിയുന്നില്ലെങ്കിൽ ചെയ്യുന്ന ജോലിയിൽ സ്വന്തം ഹൃദയം നൽകാൻ സാധിക്കുന്നില്ലെങ്കിൽ ആ കലയ്ക്ക് യാതൊരു മൂല്യവുമില്ല.'- ഇമ്രാൻ ഖാൻ പറയുന്നു.

പ്രതിഷേധ മാർച്ചിന് തലേദിവസം തന്നെ സമൂഹമാദ്ധ്യമത്തിലൂടെ ഇമ്രാൻ വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചിരുന്നു. പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ അമർഷം രേഖപ്പെടുത്തിയ താരം, വിദ്യാർത്ഥികളെ സംരക്ഷിക്കേണ്ട ഭരണകൂട സംവിധാനങ്ങൾ പൂർണ പരാജയമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ സൽമാൻ ഖാൻ, ആലിയ ഭട്ട് എന്നിവരടക്കമുള്ള ബോളിവുഡ് സൂപ്പർതാരങ്ങൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ ശക്തമായി അപലപിക്കുകയും പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

English Summary

Bollywood actor Imran Khan joined a Mumbai protest march, expressing solidarity with students demonstrating in Delhi. Khan stated that art cannot be apolitical, emphasizing that true art reflects an artist's personal views. He also condemned police action against students, calling authorities a failure. Several other Bollywood stars have similarly supported the student protests.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMMRAN KHAN, LATESTNEWS, APOLITICAL, ACTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY